ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ ഏറെ നിറഞ്ഞതാണ് സ്ത്രീകളുടെ ജീവിതം. ഋതുമതിയാകുന്നത് മുതല്‍ ആര്‍ത്തവവിരാമം വരെയുളള നാളുകളില്‍ ഒട്ടേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടതായി വരാറുണ്ട്. ആര്‍ത്തവ സംബന്ധമായ വയറുവേദന, ചര്‍ദി, തലകറക്കം എന്നിവയാണ് ആദ്യ നാളുകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നതെങ്കില്‍ ആര്‍ത്തവവിരാമത്തോടടുക്കുന്ന ദിനങ്ങള്‍ മാനസിക ശാരീരിക അസ്വസ്തഥകളാല്‍ സങ്കീര്‍ണമായിരിക്കും. ഇക്കാലയളവില്‍ ശരീരം പലമാറ്റങ്ങളിലൂടെയും കടന്നുപോകും. അതുകൊണ്ടുതന്നെ ആരോഗ്യപരിപാലനവും അത്രമേല്‍ പ്രധാനമാണ്.
കൗമാരത്തിലേക്കുളള കാല്‍വെയ്പ്പ്
ജീവത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് കൗമാരം. ഈ കാലയളവിലാണ് ശരീരം മുതിര്‍ന്നയാളെപ്പോലെ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. 10 മതല്‍ 14 വയസുവരെയുളള കാലയളവിലാണ് പലമാറ്റങ്ങളും ശരീരത്ത് പ്രകടമാകുന്നത്. അപ്രതീക്ഷിത അതിഥിയെത്തുന്ന ആര്‍ത്തവവും അതിമായി പൊരുത്തപ്പെട്ട് മുന്നോട്ട് നീങ്ങാന്‍ പഠിക്കുന്നതും കൗമാരത്തിലാണ്. മാത്രമല്ല ശരീരം ഹോർമോണുകള്‍ പുറപ്പെടുവിക്കാനും അണ്ഡം ഉൽപാദിപ്പിക്കാനും ആരംഭിക്കുന്നത് ഈ സമയത്ത് തന്നെ.
കൗമാരത്തിലെ മാറ്റങ്ങള്‍ : സ്തനങ്ങള്‍, അരക്കെട്ട് എന്നിവയില്‍ മാറ്റങ്ങളുണ്ടാകും, മുഖക്കുരു, വജൈനൽ ഹെയർ ഗ്രോത്ത്, മൂഡ് സ്വിങ്സ് അഥവാ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, എതിർലിംഗത്തോടുള്ള ആകർഷണം, വൈകാരിക മാറ്റങ്ങള്‍ എന്നിവയെല്ലാം ഇക്കാലയളവില്‍ പ്രകടമാകും.
ഋതുമതിയായ ശേഷം ആര്‍ത്തവം കൃത്യമായി കാണപ്പെടുന്നത് പലപ്പോഴും 2 വര്‍ഷത്തിനിപ്പുറം ആയിരിക്കാം. തുടക്കക്കാലത്ത് ആര്‍ത്തവം വേദനാജനകം ആയിരിക്കാം. പലര്‍ക്കും പലതരത്തിലായിരിക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുക. ചിലര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളാണ് കൂടുതലെങ്കില്‍ മറ്റുചിലര്‍ക്ക് മാനസിക ബുദ്ധിമുട്ടുകളായിരിക്കും കൂടുതല്‍. ദേഷ്യവും സങ്കടവും മാറിമാറി വരുന്നതും ആര്‍ത്തവത്തിന്‍റെ ഭാഗമായി കാണപ്പെടാറുണ്ട്. കൗമാരക്കാലത്ത് പെണ്‍കുട്ടികളെ എറ്റവും കൂടുതല്‍ അലട്ടുന്ന ഒന്നാണ് മുഖക്കുരു. എന്നാല്‍ ജീവിതത്തിലെ ഒരു ഘട്ടത്തിലെത്തുമ്പോള്‍ മുഖക്കുരു പൂര്‍ണമായും അപ്രത്യക്ഷമാകുന്നതും സര്‍വ്വസാധാരണമാണ്.
മാറ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം: ശരീരിക മാനസിക ബുദ്ധിമുട്ടുകള്‍ രക്ഷിതാവിനോടോ സഹോദരങ്ങളോടോ തുറന്നുസംസാരിക്കാം. ആര്‍ത്തവസംബന്ധമായ സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ആകുലപ്പെടാതെ അമ്മയോടോ മുതിര്‍ന്ന സഹോദരിയോടെ ചോദിച്ച് മനസിലാക്കാം. പോഷകങ്ങളുടെ അപര്യാപ്തത ക്ഷീണത്തിനും മാനസിക പിരിമുറുക്കത്തിനും കാരണമാകും. അതിനാല്‍ അയൺ, കാൽസ്യം, വിറ്റമിനുകൾ തുടങ്ങിയവ ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ആര്‍ത്തവ സമയത്ത് വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. ആര്‍ത്തവദിനങ്ങളില്‍ യോനി ഭാഗം വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാഡുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റാന്‍ ശ്രദ്ധിക്കണം. ആര്‍ത്തദിവസങ്ങളില്‍ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ അണുവിമുക്തമാക്കി മാത്രം വീണ്ടും ഉപയോഗിക്കുക.
ശോഭനമാക്കാം യൗവ്വനം
നമ്മള്‍ ആരാണെന്ന് സ്വയം തിരിച്ചറിയുന്ന, വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന മാറ്റങ്ങള്‍ കാണപ്പെടുന്ന സമയമാണ് 15 മുതൽ 25 വയസ്സുവരെയുള്ള പ്രായം. ഇക്കാലയളവില്‍ നമ്മള്‍ മുതിര്‍ന്ന ഒരു സ്ത്രീയിലേക്കുളള മാറ്റത്തിന്‍റെ പാതയിലായിരിക്കും. ആ സമയത്ത് ചില ആരോഗ്യപ്രശ്നങ്ങള്‍ പ്രകടമായേക്കാം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) ഇവ ക്രമം തെറ്റിയ ആർത്തവം മൂലമോ ആർത്തവം വരാഞ്ഞതു മൂലമോ ഉണ്ടാകാം. മുടികൊഴിച്ചില്‍ മുഖക്കുരു, ശരീരഭാരം കൂടുക ഇത്തരം പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. മാനസികാരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ടെന്‍ഷന്‍, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നീ പ്രശ്നങ്ങളും കണ്ടുവന്നേക്കാം. സെർവിക്കൽ കാൻസർ, സ്തനാർബുദം, അണ്ഡാശയ അർബുദം,എന്നിവയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങളെക്കുറിച്ചും കാരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടും അനിവാര്യമാണ്.
ലക്ഷങ്ങളിലൂടെ തിരിച്ചറിയാം ആര്‍ത്തവവിരാമം
സ്ത്രീകള്‍ ഏറ്റവുമധികം ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമാണ് ആര്‍ത്തവവിരാമത്തിന്‍റെ നാളുകള്‍. ദേഷ്യം, സങ്കടം എന്നിവ മാറി മാറി അനുഭവപ്പെടാം. ചര്‍ദി, തലവേദന, അമിത വിയര്‍പ്പ്, സന്ധിവേദനയും ലക്ഷണങ്ങളായി കാണപ്പെടാറുണ്ട്. ചിലര്‍ക്ക് വളരെ സാവകാശം മാത്രമേ ആര്‍ത്തവവിരാമം പ്രകടമാകുകയുളളു. എന്നാല്‍ മറ്റുചിലര്‍ക്ക് അമിത രക്തസ്രാവവും ലക്ഷണമായി കാണാറുണ്ട്. ചിലപ്പോള്‍ അമിത രക്തസ്രാവം ഗർഭാശയ മുഴകൾ മൂലവും ഉണ്ടാകാം. അതിനാല്‍ ഈ ലക്ഷണം മാത്രം വച്ച് ആര്‍ത്തവവിരാമമാണെന്ന് സ്വയം തീരുമാനിക്കരുത്. അസ്വഭാവികമായുളള ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടുക. ഒരു സ്ത്രീ ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സമയം കുടുംബത്തിന്‍റെ പിന്തുണ അനിവാര്യമാണ്. താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഭര്‍ത്താവിനോടും മക്കളോടും അല്ലെങ്കില്‍ പ്രിയപ്പെട്ടവരോട് തുറന്നുപറയാന്‍ സ്ത്രീകളും തയ്യാറാകണം. പങ്കാളിയുടെ മാനസിക പിന്തുണ മനസിന് വലിയ ആശ്വാസം സമ്മാനിക്കും.
കൂടാതെ ജീവിതശൈലി രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. നടത്തം, വ്യായാമം, നല്ല ഭക്ഷണം എന്നിവയെല്ലാം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ആര്‍ത്തവവിരാമത്തിന് ശേഷം പലവിധ ആരോഗ്യപ്രശ്നങ്ങളും കാണപ്പെട്ടേക്കാം. അതിനാല്‍ കൃത്യമായ ആരോഗ്യപരിശോധനകള്‍ക്ക് വിധേയരാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒപ്പം നല്ല ഉറക്കവും ഉറപ്പുവരുത്തുക.