പ്രതീകാത്മക ചിത്രം

പുകവലിയും ആര്‍ത്തവ വിരാമവും തമ്മിലെന്ത് ബന്ധം? കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ടെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൗമാരത്തിലും യൗവ്വനത്തിലും പുകവലി ശീലമാക്കിയ സ്ത്രീകളിലും പാസീവ് സ്മോക്കിങ് അനുഭവിക്കേണ്ടി വന്ന സ്ത്രീകളിലും ആര്‍ത്തവ വിരാമം പതിവിലും നേരത്തെയുണ്ടാകാമെന്നാണ് ക്ളീവ്​ലാന്‍ഡ് ക്ലിനികിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സ്ത്രീകളില്‍ മധ്യവയസ് പിന്നിട്ട് ഏകദേശം അന്‍പത് വയസാകുന്നതോടെയാണ് സ്വാഭാവികമായി ആര്‍ത്തവ വിരാമം സംഭവിക്കുന്നത്.  ജനിതക കാരണങ്ങള്‍ മുതല്‍ പ്രതിരോധശേഷിയിലെ താളപ്പിഴകള്‍ വരെയുള്ള കാരണങ്ങള്‍ കൊണ്ട് അപൂര്‍വം സ്ത്രീകളില്‍ ഇത് നാല്‍പത് വയസിന് മുമ്പേ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിലേറെയാണ് പുകവലി കാരണം ആര്‍ത്തവ വിരാമം നേരത്തെയാകാനുള്ള സാധ്യതയെന്നും പുകവലി പലരിലും ജീവിതശൈലിയുടെ ഭാഗമായതോടെ സാരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ഗര്‍ഭാശയത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന സ്റ്റിറോയ്ഡുകളുടെ പ്രവര്‍ത്തനത്തെ സിഗരറ്റിലുള്ള കാഡ്മിയം തടസപ്പെടുത്തുന്നു. ഇതോടെ അണ്ഡങ്ങളുടെ വളര്‍ച്ച മുരടിക്കുകയും അണ്ഡോല്‍പാദനം നടക്കാതെ വരുന്ന സ്ഥിതിയും സംജാതമാകുന്നു. പുകവലിക്കുന്നവരില്‍ വളരെ ഉയര്‍ന്ന അളവിലാണ് ബെന്‍സോപൈറീന്‍ കാണപ്പെടുന്നത്. ഇത് അണ്ഡോല്‍പാദനത്തെ ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളെ ദോഷകരമായി ബാധിക്കുന്നു. ഇതിന്‍റെ ഫലമായി അണ്ഡാശയത്തില്‍ നേരത്തെ തന്നെ വിഘടനം സംഭവിക്കുകയും ചെയ്യുന്നതായി ഗൈനക്കോളജിസ്റ്റുകളും പറയുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പുകയിലെ വിഷവസ്തുക്കള്‍ തടസപ്പെടുത്തുന്നതോടെ പുകവലിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവചക്രം കൃത്യമല്ലാതെയാകും. ഇത് ആര്‍ത്തവ വിരാമം നേരത്തെയാകാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്. സിഗരറ്റ് വലിക്കുന്നതിലൂടെ ഉള്ളിലെത്തുന്ന പുക ജനിതകഘടനയില്‍ മാറ്റമുണ്ടാക്കാന്‍ പോന്നതാണെന്നും ഇത് അണ്ഡത്തിന്‍റെ വളര്‍ച്ചയെ മുരടിപ്പിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

എത്ര സിഗരറ്റ് ഓരോ ദിവസവും വലിക്കുന്നുവെന്നതും എത്ര കാലമെന്നതും ആര്‍ത്തവിരാമം നേരത്തെയാകുന്നതിനെ ബാധിക്കുന്നതാണ്. സ്വാഭാവികമായി ആര്‍ത്തവ വിരാമം സംഭവിക്കേണ്ട സമയത്തില്‍ നിന്നും രണ്ടര ആഴ്ച വീതം അധികമായി വലിക്കുന്ന സിഗരറ്റ് കവരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പുകവലി എത്ര നേരത്തെ ഉപേക്ഷിക്കാമോ അത്രയും നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. 30 വയസാകുന്നതിന് മുന്‍പ് പുകവലി ഉപേക്ഷിക്കാനായാല്‍ ആര്‍ത്തവ വിരാമം നേരത്തെയാകുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. പുകവലിക്കുന്നവരില്‍ എല്ലുകളുടെ ആരോഗ്യവും ഹൃദയാരോഗ്യവും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നേരത്തെ അപകടത്തിലാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Smoking can cause Premature menopause in women. It disrupts hormonal health and nody function.