വിവാഹത്തോടുള്ള സ്ത്രീകളുടെ വിമുഖത വര്‍ധിച്ചുവരികയാണ്. പഠനം, ജോലി, കരിയര്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആയതിനുശേഷം വിവാഹം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് മിക്ക സ്ത്രീകളും. അതിനാല്‍ തന്നെ പ്രസവത്തിനുള്ള കാലവും നീണ്ടുപോകും. 20കളാണ് ആദ്യപ്രസവത്തിനുള്ള അനുയോജ്യമായ സമയമെങ്കിലും 30നുശേഷം മതി പ്രസവവും കുട്ടികളും എന്ന് പല സ്ത്രീകളും ഇന്ന് ആലോചിക്കുന്നുണ്ടാവാം. കാലത്തിന്‍റെ മാറ്റവും ജീവിതരീതിയും നോക്കിയാല്‍ ഇതാണ് പ്രായോഗികമെന്നും തോന്നാം. എന്നാല്‍ 30കള്‍ക്ക് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നവും റിസ്കുകളും പലരിലും ആശങ്കയുമുണ്ടാക്കുന്നു.
എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ 30കള്‍ക്ക് ശേഷവും ആദ്യ പ്രസവം നടത്താം. 30 വയസിനും 34 വയസിനുമിടയില്‍ ഓരോ മാസവും ഗര്‍ഭിണിയാവാനുള്ള സാധ്യത 15 മുതല്‍ 19 ശതമാനം വരെയാണ്. 35 മുതല്‍ 39 വയസ് വരെ ഇത് 10 മുതല്‍ 14 ശതമാനം വരെയുമാണ്.
30കള്‍ക്ക് ശേഷമുള്ള ആദ്യപ്രസവത്തിനുള്ള റിസ്കുകള്‍ ആദ്യം അറിയേണ്ടതുണ്ട്.
* ഗർഭം അലസാനുള്ള സാധ്യത
* ക്രോമസോമുകളില്‍ വരുന്ന മാറ്റം
* ഗർഭകാല പ്രമേഹവും രക്താതിമർദ്ദവും
* കുഞ്ഞിന് കുറഞ്ഞ ഭാരവും അകാല പ്രസവവും
* വൈകാരികവും ശാരീരികവുമായ വെല്ലുവിളികൾ
30കള്‍ക്ക് ശേഷമാണ് നിങ്ങള്‍ ആദ്യപ്രസവത്തിന് തീരുമാനമെടുക്കുന്നതെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
* ഡോക്ടറെ സമീപിച്ച് ശരീരക്ഷമത പരിശോധിക്കുക.
* ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക (ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം)
* പുകവലി ഉപേക്ഷിക്കുക, മദ്യപാനം കുറയ്ക്കുക
* അണ്ഡോത്പാദനം നിരീക്ഷിക്കുക
* ആവശ്യമെങ്കിൽ ഫെർട്ടിലിറ്റി ടെസ്റ്റിംഗും ചികിത്സകളും പരിഗണിക്കുക
അമേരിക്കൻ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ (ACOG) കണക്കനുസരിച്ച്, യുഎസില്‍ നടക്കുന്ന പ്രസവങ്ങളില്‍ 17 ശതമാനവും 35 വയസിനു മുകളിലാണ് സംഭവിക്കുന്നത്. ഓരോ സ്ത്രീയുടെയും ശരീരം വ്യത്യസ്തമാണ്. ശരിയായ പരിചരണവും പിന്തുണയും ഉണ്ടെങ്കിൽ 30 ന് ശേഷം ഗർഭധാരണം സാധ്യമാണ്.