പ്രതീകാത്മക ചിത്രം

ഭക്ഷണം എന്നും നമുക്കൊരു വികാരം തന്നെയാണ്. മാറി മറിയുന്ന ഭക്ഷണസംസ്കാരത്തെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചേ മലയാളികള്‍ക്ക് ശീലമുളളു. അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്ന് നാം കാണുന്ന, പിന്തുടരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. അവയെ തിരിച്ചത് അകറ്റി നിര്‍ത്തുകയാണ് വേണ്ടത്. 

ഭക്ഷണത്തിലെ പ്രോട്ടീന്‍ ഘടകങ്ങളെ ദോഷകരമെന്ന് തെറ്റിധരിച്ച് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുമ്പോഴാണ് ഭക്ഷണ അലര്‍ജി ഉണ്ടാകുന്നത്. നമ്മുടെ ശരീരം എപ്പോഴെങ്കിലും ഏതെങ്കിലും ഒരു ഘടകത്തോട് പ്രതിപ്രവര്‍ത്തിക്കുകയാണെങ്കില്‍ പിന്നീട് ആ ഭക്ഷണം ഒരല്‍പം കഴിച്ചാല്‍ പോലും ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാം. 

ഫുഡ് അലര്‍ജിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി, നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഐജിഇ ആന്റിബോഡികളാണ് ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിക്കു കാരണം. ഈ അലര്‍ജിയില്‍ ശരീരത്ത് ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് പ്രകടമാകും. ശരീരത്ത് ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക, ശരീരം തടിച്ചു പൊന്തുക,ഛർദ്ദി,  കണ്ണിനു ചുറ്റും നീരു വരുക തുടങ്ങിയവയാണ് ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിയുടെ ലക്ഷണങ്ങള്‍.

നോൺ ഐജിഇ മീഡിയേറ്റഡ് ഫുഡ് അലർജിക്കു കാരണം പ്രതിരോധ വ്യവസ്ഥയിലെ മറ്റു ഘടകങ്ങളാണ്. ലക്ഷണങ്ങള്‍ സാവധനമേ പ്രകടമാകൂ എന്നതാണ് ഈ അലര്‍ജിയുടെ പ്രത്യേകത. ദഹനേന്ദ്രിയ വ്യവസ്ഥയെയാണ് ഈ അലർജി ബാധിക്കുക. വയർ വീർത്തു വരുക, വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണത്തിന്‍റെ രുചിയും മണവും കൂട്ടാന്‍ ഉപയോഗിക്കുന്ന  രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജി ഉണ്ടായേക്കാം.

നിസാരമായ ചൊറിച്ചില്‍ മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരെ ഫുഡ് അലര്‍ജി മൂലം ഉണ്ടാകാം. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ഫുഡ് അലർജി ഒഴിവാക്കാനുള്ള ഏകമാർ​ഗം. അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്

പാലോ പാലുല്‍പ്പന്നങ്ങളോ കഴിക്കുന്നത് ചില ആളുകളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. പാലിലെ പ്രോട്ടീൻ ഘടകമായ കേസിൻ ആണ് അലർജിക്ക് കാരണമാകുന്നത്. കൂടാതെ പാലിലെ പഞ്ചസാര ഘടകമായ ലാക്ടോസ് അസ്വസ്ഥത ഉണ്ടാക്കാം. ഇത്തരം അലര്‍ജിയുളളവര്‍ പശുവിന്‍ പാല്‍ ഒഴിവാക്കി പകരം ബദാം പാൽ, സോയാ പാൽ, തേങ്ങാ പാൽ എന്നിവ കുടിക്കാം. കാത്സ്യത്തിന്റെയും പ്രോട്ടീനിന്റെയും പ്രധാന സ്രോതസ്സാണ് ഇവയെല്ലാം. 

രണ്ട്

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സോയ അടങ്ങിയ ബേബിഫുഡ് പലപ്പോഴും അലര്‍ജിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളിലും ഈ അലര്‍ജി വളര്‍ന്ന് വരുമ്പോള്‍ കുറഞ്ഞുവരാറുണ്ട്. എന്നാല്‍ ചിലരില്‍ പ്രായപൂര്‍ത്തിയായാലും ഈ അലര്‍ജി കാണപ്പെട്ടേക്കാം. 

മൂന്ന് 

ഷെല്‍ ഫിഷ് അലര്‍ജി ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. വളരെ ഗുരുതരമായ റിയാക്ഷന്‍ വരെ ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം. എപ്പോഴെങ്കിലും ഇപ്പറഞ്ഞ കഴിക്കുമ്പോള്‍ നേരിയ തോതില്‍ വയറുവേദനയോ വയറിന് അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ കഴിവതും അവ പിന്നീട് കഴിക്കാതിരിക്കുക. 

നാല്

നിലക്കടലയുടെ അമിത ഉപയോഗം കൊളസ്ട്രോൾ കൂട്ടാനിടയുണ്ട്. അതുപോലെ തന്നെ അലര്‍ജി ഉണ്ടാക്കാനും നിലക്കടലയ്ക്ക് കഴിവുണ്ട്. നിലക്കടലയിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. പീനട്ട് ബട്ടര്‍ നിരവധിയാളുകളുടെ ഇഷ്ടഭക്ഷണമാണ്. എന്നാല്‍ അലര്‍ജിയുളളവരാണ് നിങ്ങളെങ്കില്‍ പീനട്ട് ബട്ടറിന് പകരം ആൽമണ്ട് ബട്ടർ കഴിക്കാവുന്നതാണ്. 

അഞ്ച്

മുട്ട കഴിക്കുന്നതിലൂടെയും അലര്‍ജി ഉണ്ടാകാം. കോഴിമുട്ടയിലെയും പ്രോട്ടീൻ ഘടകമാണ് അലർജി ഉണ്ടാക്കുന്നത്. ഇത്തരം അലര്‍ജിയുളളവര്‍ കോഴി മുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കുന്നതാണ് ഉചിതം. ഭക്ഷണത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കാന്‍ മുട്ട കഴിക്കുന്നതിന് പകരം പാൽ പയറുവർ​ഗങ്ങൾ‍, മറ്റുമാംസാ​ഹാരങ്ങൾ എന്നിവയും ശീലമാക്കാം. 

ENGLISH SUMMARY:

What happens to your body when you have food allergy?