TOPICS COVERED

തെറ്റായ ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമമില്ലായ്മയുമൊക്കെ മൂലം പലരും നേരിടുന്ന പ്രശ്നമാണ് ശരീരത്തിന്‍റെ പല ഭാഗങ്ങളിലും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്. വിശപ്പിനെ നിയന്ത്രിക്കാനും അതേസമയം കൊഴുപ്പ് നിയന്ത്രിക്കാനും സഹായിക്കുന്ന ആഹാരരീതിയിലൂടെ ശരീരത്തിന്‍റെ അമിതവണ്ണം കുറയ്ക്കാനും ഫാറ്റ് പുറന്തള്ളാനും സാധിക്കും. നാരുകളാല്‍ സമ്പന്നമായ കുറഞ്ഞ കലോറി അടങ്ങിയ ചില പഴങ്ങള്‍ അമിത കൊഴുപ്പിനെ ദൂരെ നിര്‍ത്താന്‍ സഹായിക്കുന്നവയാണ്:

നാരുകളാല്‍ സമ്പന്നമായ പഴവര്‍ഗമാണ് ഓറഞ്ച്. കുറഞ്ഞ കലോറിയും വൈറ്റമിന്‍ സിയുടെ സാന്നിധ്യവും ജലാംശം കൂടുതലുമുള്ള ഓറഞ്ച് കഴിക്കുന്നത്  വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും വളരെയേറെ സഹായിക്കും. ഫൈബറും പെക്ടിനും അടങ്ങിയ  ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും വിശപ്പ് കുറയ്ക്കുകയും വയര്‍ പെട്ടെന്ന് നിറയ്ക്കുകയും ചെയ്യും. ലോറി വളരെ കുറഞ്ഞ ബെറി പഴങ്ങളില്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമുണ്ട്. വിശേഷിച്ച് ബ്ലൂബെറി പഴത്തിന് ഫാറ്റ് പുറന്തള്ളാനുള്ള ഗുണങ്ങളുണ്ട്. വെള്ളവും ഫൈബറും അടങ്ങിയ മുന്തിരി കഴിക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പ് അകറ്റും. ഏറ്റവും കൂടുതല്‍ വെള്ളം അടങ്ങിയ തണ്ണിമത്തന്‍ കഴിച്ചാല്‍ അമിതമായ കലോറികള്‍ ശരീരത്തിലെത്താതെ വിശപ്പ് അകറ്റിനിര്‍ത്തും.

നാരുകള്‍ ധാരാളമടങ്ങിയ മറ്റൊരു പഴമാണ് പേരയ്ക്ക. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു തടയുന്ന പെക്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയുള്ള കിവിയും പപ്പായയും  വണ്ണം കുറയ്ക്കാനുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈമും പപ്പായയിലുണ്ട്. കലോറി കുറവും ജലാംശം കൂടുതലുമുള്ള പൈനാപ്പിള്‍ കഴിച്ചും കൊഴുപ്പിനെ നിയന്ത്രിക്കാം. 

കലോറി കുറവുള്ളതും ഫൈബര്‍ അടങ്ങിയതുമായ മറ്റൊരു പഴമാണ് ചെറി. ഇവയും ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.