ഒട്ടുമിക്ക എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. എണ്ണമയമുളള ചര്‍മ്മക്കാരിലാണ് മുഖക്കുരു കൂടുതലായും കണ്ടുവരുന്നത്. മുഖക്കുരുവിനെക്കാള്‍ പ്രശ്നം അതുണ്ടാക്കുന്ന കറുത്ത പാടുകളാണ്. നാളുകള്‍ കഴിഞ്ഞാലും പാടുകള്‍ അതേപടി നിലനില്‍ക്കും. മുഖക്കുരുവിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഭക്ഷണകാര്യത്തിലും നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യതയെ ഇരട്ടിപ്പിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്.
ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ചോക്ലേറ്റ് കഴിക്കുന്നത് ബുദ്ധിവളര്‍ച്ചയ്ക്ക് നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ഈ മധുരത്തിനുമുണ്ട് ദോഷവശങ്ങള്‍. ചോക്ലേറ്റ് പതിവായി കഴിക്കുന്നത് മുഖക്കുരുവിന് കാരണമാകും. മുഖക്കുരുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ ചോക്ലേറ്റ് പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം.
എരിവുളള ഭക്ഷണങ്ങള്‍
എരിവുളള ഭക്ഷണങ്ങളാണ് ചിലര്‍ക്ക് മധുരത്തേക്കാള്‍ പ്രിയം. എന്നാല്‍ പതിവായി എരുവുളള ആഹാരങ്ങള്‍ കഴിക്കുന്നത് മുഖക്കുരു വര്‍ധിപ്പിക്കും. എരിവുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് നല്ലതല്ല. അമിതമായി എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരം ചൂടാകാന്‍ കാരണമാകുകയും അത് വിയര്‍പ്പിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മുഖത്ത് വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് വഴി സുഷിരങ്ങള്‍ അടയുകയും അത് മുഖക്കുരുവായി മാറുകയും ചെയ്യും. അതിനാല്‍ എരിവ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
പഞ്ചസാര
പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവില്‍ അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങളും മുഖക്കുരുവിന് കാരണമാകും. ഇത്തരം ആഹാരങ്ങള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കൂടുകയും ഇത് ഇന്‍സുലിന്‍ ഉത്പാദനം കൂടാന്‍ കാരണമാകുകയും ചെയ്യും. ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിക്കുന്നത് വഴി ചര്‍മ ഗ്രന്ഥികളിലെ എണ്ണ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. ചര്‍മ ഗ്രന്ഥികളില്‍ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് വഴി ചര്‍മസുഷിരങ്ങള്‍ അടയുന്നതാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്. മാത്രമല്ല മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെ പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണം.
പാലും പാലുത്പ്പന്നങ്ങളും
പാലും പാലുത്പ്പന്നങ്ങളും കഴിവതും ഒഴിവാക്കുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. പാലും പാലുത്പ്പന്നങ്ങളും ഇന്‍സുലിന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തില്‍ എണ്ണ ഉത്പാദനം കൂട്ടുകയും ചെയ്യും. ഇത് പിന്നീട് മുഖക്കുരുവിന് കാരണമാകും. മാത്രമല്ല ചര്‍മത്തിലെ എണ്ണ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളും പാലില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ , ചീസ്, ബട്ടര്‍, ക്രീം തുടങ്ങിയ പരമാവധി ഒഴിവാക്കുന്നത് മുഖക്കുരു അകറ്റാന്‍ സഹായിക്കും.
സോയ
സോയ കഴിക്കുന്നതും മുഖക്കുരുവിലേക്ക് നയിച്ചേക്കാം. സോയയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ചര്‍മ്മത്തില്‍ എണ്ണയുടെ അമിതമായ ഉത്പാദനത്തിന് ഇടയാക്കും. ഇതുവഴി ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു. ഇപ്പറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം തന്നെ പരമാവധി ഒഴിവാക്കിയാല്‍ തന്നെ മുഖക്കുരുവിന് ശമനം ലഭിക്കും. ഒപ്പം വൃത്തിയും പ്രധാനമാണ്. മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുഖത്ത് എണ്ണമയവും അഴുക്കും തങ്ങിനില്‍ക്കുന്നത് മുഖക്കുരു വര്‍ധിപ്പിക്കും.