TOPICS COVERED

മഴക്കാലമാണ്.. ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴ ആസ്വദിച്ചിരിക്കാന്‍ നല്ല രസമാണെങ്കിലും അക്കൂടെ വിരുന്നെത്തുന്ന വില്ലന്‍മാരാണ് അസുഖങ്ങളും അലര്‍ജിയും. രണ്ട് വില്ലന്‍മാര്‍ക്കെതിരെയും കരുതിയിരിക്കുക അത്യാവശ്യവുമാണ്. ശരീരത്തിലെ പ്രതിരോധശക്തി വര്‍ധിപ്പിച്ചും ആഹാരം പോഷക സമൃദ്ധമാക്കിയും ഒരു പരിധി വരെ അസുഖങ്ങളെയും അലര്‍ജിയെയും പടിക്ക് പുറത്ത് നിര്‍ത്താന്‍ നമുക്ക് കഴിയും. അതിനായി പതിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില പദാര്‍ഥങ്ങള്‍ അറിഞ്ഞിരിക്കുക തന്നെ വേണം. 

മഞ്ഞള്‍: എന്തിനും ഏതിനും മഞ്ഞള്‍ ഉപയോഗിക്കുന്നവരാണ് നമ്മളധികവും. മഞ്ഞള്‍ ചേരാത്ത ഭക്ഷണം അപൂര്‍വമാണെന്ന് തന്നെ പറയാം. മഴക്കാലത്ത് മഞ്ഞള്‍ മറന്നുപോകരുതെന്നാണ് ഡോക്ടര്‍മാര്‍ക്ക് പറയാനുള്ളത്. മഞ്ഞളിലടങ്ങിയ കുര്‍കുമിന്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം അലര്‍ജിയെ തുരത്തുകയും ചെയ്യുന്നു. 

ഇഞ്ചി: മഞ്ഞള്‍ പോലെ തന്നെ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇഞ്ചിയില്‍. ദഹനത്തെ സഹായിക്കുന്നതിനൊപ്പം ശ്വാസകോശ പ്രശ്നങ്ങളെ ചെറുക്കാനും പലതരം ചൊറിഞ്ഞ് തടിക്കലുകളെ പ്രതിരോധിക്കാനും ഇഞ്ചി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് സഹായിക്കും.

വെളുത്തുള്ളി: അമൃതെന്നാണ് വെള്ളുത്തുള്ളിയെ പഴമക്കാര്‍ പറയാറുള്ളത്. പ്രകൃതിദത്തമായി തന്നെ ആന്‍റി ബയോട്ടിക്– ആന്‍റി വൈറല്‍ ഘടകങ്ങളുടെ കലവറയാണ് വെളുത്തുള്ളി. ശരീരത്തിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷം, മറ്റ് അണുബാധ എന്നിവയെ ചെറുക്കാനും വെള്ളുത്തുള്ളിക്ക് കഴിവുണ്ട്. മഴക്കാല ഭക്ഷണത്തില്‍ വെള്ളുത്തുള്ളി ഒരല്ലി കൂടുതലായി ചേര്‍ക്കുന്നത് പ്രതിരോധം വര്‍ധിപ്പിക്കും. 

തൈര്: പ്രോ–ബയോട്ടിക്കുകളാല്‍ സമ്പന്നമാണ് തൈര്. ശരീരത്തില്‍ ആരോഗ്യകരമായ ബാക്ടീരിയ വളര്‍ത്തി ദഹനം ഊര്‍ജിതമാക്കാന്‍ തൈരിലെ ഘടകങ്ങള്‍ സഹായിക്കും. തൈര് മഴക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേട് പരിഹരിക്കും.

പാവയ്ക്ക/കയ്പയ്ക്ക: പേരിലും രുചിയിലും കയ്പുണ്ടെങ്കിലും ഗുണത്തില്‍ മധുരമാണ് പാവയ്ക്ക തരുന്നത്. പാവയ്ക്കയിലെ ആന്‍റി മൈക്രോബിയല്‍ ഘടകങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങളെ ശുദ്ധിയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യും.

ചീരയും പച്ചിലക്കറികളും:  വിറ്റാമിനുകളാലും മിനറലുകളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമ്പന്നമാണ് ചീരയും പച്ചിലകളും ഇത് പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നതിനൊപ്പം അണുബാധകളെ ചെറുക്കുകയും ചെയ്യും. 

നാരങ്ങ: ഓറഞ്ച്, ചെറുനാരങ്ങ എന്നിവ വിറ്റാമിന്‍ സിയുടെ കലവറകളാണ്. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധകളെ ചെറുത്ത് നില്‍ക്കുന്നതിലും നാരങ്ങയും ഓറഞ്ചുമെല്ലാം കേമന്‍മാര്‍ തന്നെ. ലഭ്യമാകുന്നത് അനുസരിച്ച് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

ENGLISH SUMMARY:

Foods that help to prevent allergies in Monsoon