മദ്യപിച്ചെത്തിയതിനാല്‍ ഭക്ഷണം നിഷേധിച്ച ഹോട്ടല്‍ കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ട്രക്ക് ഡ്രൈവര്‍. പൂണെ രാത്രിയാണ് സംഭവം. ഹിന്‍ഗന്‍ഗനിലെ ഗോകുല്‍ ഹോട്ടലിലാണ് സംഭവം. സോളാപൂരില്‍ നിന്നും പൂണെയിലേക്ക് വരികയായിരുന്ന ഡ്രൈവര്‍ ഭക്ഷണം കഴിക്കാനായി ഹിന്‍ഗന്‍ഗനില്‍ വണ്ടി നിര്‍ത്തി. ഹോട്ടലിലേക്ക് കയറിവന്ന ഡ്രൈവര്‍ കസേരയിലിരുന്ന് ഭക്ഷണം ചോദിച്ചു. എന്നാല്‍ മദ്യപിച്ചിരുന്ന ഡ്രൈവര്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് ഹോട്ടല്‍ ഉടമയും ജീവനക്കാരും പറഞ്ഞു. രോഷാകുലനായ ഡ്രൈവര്‍ പുറത്തിറങ്ങി ട്രക്ക് സ്റ്റാര്‍ട്ട് ചെയതു. പിന്നെ നേരെ ഹോട്ടലിലേക്ക് .
കെട്ടിടം ഇടിച്ചുതകര്‍ക്കാനായിരുന്നു ശ്രമം ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇടിച്ചു നീക്കി. ഇതു കണ്ടുനിന്ന ആളുകളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കല്ലെറിഞ്ഞും ബഹളംവച്ചും ട്രക്ക് നിര്‍ത്തിക്കാനായി പരിസരത്തുള്ളവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ സ്ഥലകാലബോധമില്ലാതെയാണ് പ്രതികരിച്ചത്. ഒടുവില്‍ മുന്നോട്ട് നീക്കാനാകാതെ ട്രക്ക് കുടുങ്ങിയതോടെയാണ് പരാക്രമത്തിന് ശമനം വന്നത്. ഈ സമയത്തിനുള്ളില്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു