sweedish-egg-coffee-how-to-make

TOPICS COVERED

കോഫി പതിവെങ്കിലും ഇടയ്ക്കെങ്കിലും മുട്ടയും മലയാളിയുടെ പ്രാതലില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍  ഇവ രണ്ടും  ചേര്‍ത്ത് ഒരു മുട്ടക്കാപ്പി ഉണ്ടാക്കിയാലോ.ഇതേതാ പുത്തന്‍ പരീക്ഷണം എന്നോര്‍ത്ത് നെറ്റിചുളിക്കാന്‍ വരട്ടെ.യഥാര്‍ഥത്തില്‍ ഇതൊരു പുത്തന്‍ പരീക്ഷണമല്ല. അങ്ങനെയൊരു കാപ്പിയുണ്ട് എന്നതാണ് വാസ്തവം. ഇവിടെയല്ല അങ്ങ് സ്വീഡനില്‍ ഇത് പതിവാണ്.

‌സ്വീഡിഷ് എഗ് കോഫിയാണ് ഈ വൈറൈറ്റി വിഭവം. ലോകമെങ്ങും ഇപ്പോള്‍ ഈ എഗ്കോഫിക്ക് ആരാധകരേറെയാണ്.സ്കാന്‍ഡിനേവിയന്‍ കോഫീ, ഹംഗേറിയന്‍ കോഫീ എന്നെല്ലാം ഇത് അറിയപ്പെടുന്നു.

19ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ മധ്യ പശ്ചിമഭാഗങ്ങളിലേക്ക് കുടിയേറിയ സ്കാന്‍ഡിനേവിയക്കാരാണ് ഈ എഗ് കോഫിക്ക് പ്രചാരം നല്‍കിയത്. സ്വീഡിഷ് എഗ് കോഫിക്ക് സാധാരണ കാപ്പിയുടെയത്ര കടുപ്പം ഉണ്ടാകില്ല. മുട്ട കാപ്പിയുടെ കടുപ്പം കുറയ്ക്കുന്നു. ബി 12,ഡി പോലുള്ള വൈറ്റമിനുകളും പ്രോട്ടീനും കൊഴുപ്പും ഈ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്.അസിഡിറ്റി കുറയ്ക്കാനും അത് സഹായകരമാണ്.

ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുന്നതാണ് ഈ പാനീയം. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമായ കാപ്പിയുടെ കൂടെ മുട്ടകൂടിയെത്തുന്നതോടെ ഇതിന്‍റെ പോഷക സമൃദ്ധിയും കൂടുന്നു. സാധാരണ കാപ്പിയേക്കാള്‍ ഈ കോഫിക്ക് കാലറി കൂടുതലാണ്. അതുകൊണ്ട് തന്നെ മിതമായ തോതില്‍ വേണം ഈ കോഫി കുടിക്കാന്‍. കൂടാതെ മുട്ട ശരിയായി വേവിക്കുന്നില്ല എന്നാതിനാല്‍ സാല്‍മോണെല്ല അണുബാധയുടെ സാധ്യതകൂടി പരിഗണിക്കേണ്ടതാണ്.

സ്വീഡിഷ് എഗ് കോഫി പാചകക്കുറിപ്പ്ചേരുവകൾ

  • ഒരു മുട്ട
  • 1 മുതൽ 1 ½ ടേബിൾസ്പൂൺ നാടൻ കാപ്പി
  • 1 കപ്പ് വെള്ളം
  • 1 കപ്പ്  തണുത്ത വെള്ളം
  • പഞ്ചസാരയും പാലും ആവശ്യത്തിന്

എങ്ങനെ തയ്യാറാക്കാം?

  • ഒരു ചെറിയ സോസ്പാനില്‍ ഒരുകപ്പ് വെള്ളം തിളപ്പിക്കുക.
  • മറ്റൊരു കപ്പില്‍ മുട്ട പൊട്ടിച്ച് നന്നായി ഇളക്കുക.
  • ഇതിലേക്ക്  കാപ്പിപ്പൊടി ചേര്‍ക്കുക.നന്നായി യോജിപ്പിക്കുക.
  • നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം തിളച്ച വെള്ളത്തിലേക്ക് ചേര്‍ക്കുക.
  • 5മിനുട്ട് തിളപ്പിക്കുക. ഓവര്‍ഫ്ലോ ചെയ്ത് പോകാതെ ശ്രദ്ധിക്കുക.
  • തിളച്ചശേഷം അടുപ്പില്‍ നിന്നും മാറ്റിവെക്കുക.ശേഷം ഇതിലേക്ക് ഐസ്​​​ വെള്ളം ചേര്‍ക്കുക. ഇത് മുട്ടയും കാപ്പിപ്പൊടിയും അടിയിലേക്ക് താഴാൻ സഹായിക്കും.
  • തുടര്‍ന്ന് അരിച്ചെടുത്ത ശേഷം കുടിക്കാവുന്നതാണ്.
ENGLISH SUMMARY:

Traditional Swedish Egg Coffee; Learn how to make