പൊന്നുപോലെ ആളുകള്‍ നോക്കുന്ന ശരീരഭാഗമാണ് കണ്ണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കണ്ണിനുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും വല്ലാതെ ആളുകളെ ബാധിക്കാറുണ്ട്. കണ്ണിലൊരു നേരിയ നിറവ്യത്യാസമോ, നീറ്റലോ തോന്നിയാല്‍ പോലും ഡോക്ടറെ കാണുന്നവരാണ് ഏറെയും. പലവിധ കാരണങ്ങള്‍ക്കൊണ്ട് കണ്ണിന്‍റെ ആരോഗ്യം തകരാറിലാകാം. ഇതിന്‍റെ കാരണങ്ങള്‍ കണ്ടറിഞ്ഞുള്ള ചികില്‍സയാണ് വേണ്ടത്. ശരീരത്തിന്‍റെ മൊത്തത്തിലും കണ്ണിന്‍റെ പ്രത്യേകിച്ചുമുള്ള ആരോഗ്യ പരിപാലനത്തില്‍ ഭക്ഷണത്തിന് വലിയ പ്രാധാന്യമാണുള്ളത്. പോഷക സമൃദ്ധമായ ഭക്ഷണം ഒരുപരിധി വരെ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും.
ഇലക്കറികളും ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ മല്‍സ്യങ്ങളും ചേര്‍ന്ന ഭക്ഷണമാണ് കണ്ണുകളെ കണ്‍മണി പോലെ കാക്കാന്‍ ഏറ്റവും ഉത്തമമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇലക്കറികള്‍: ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ല്യൂട്ടീനും സീക്സാന്‍തിനും മതിയായ അളവില്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഹാനികരമായ പ്രകാശത്തില്‍ നിന്നും കണ്ണിനെ സീക്സാന്‍തിന്‍ സംരക്ഷിക്കുമ്പോള്‍ ല്യൂട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിച്ചാണ് സഹായിക്കുന്നത്. ചീരയിലും കാബേജിലുമടങ്ങിയിരിക്കുന്ന ല്യൂട്ടിനും സീക്സാന്‍തിനും കണ്ണിനൊരു സണ്‍സ്ക്രീന്‍ പോലെ ഗുണം ചെയ്യും.
സാല്‍മണ്‍, മാംസ്യം എന്നിവയിലാണ് ഒമേഗ–3 ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നത്. നേത്രപടലത്തിന്‍റെ ആരോഗ്യത്തിനും കണ്ണിന്‍റെ വരള്‍ച്ച തടയാനും ഒമേഗ–3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സഹായിക്കും.
വിറ്റാമിന്‍ ഇ, സി: ഓറഞ്ചും സ്ട്രോബെറിയും പോലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവയില്‍ വിറ്റാമിന്‍ സിയും ഇയും അടങ്ങിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും തിമിരത്തില്‍ നിന്നുമെല്ലാം ഒരു പരിധി വരെ ഇവ സംരക്ഷണമേകും.
കണ്ണിനാവശ്യമായ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ് കക്കായിറച്ചിയും പയര്‍ വര്‍ഗങ്ങളും. കാഴ്ച ശക്തി വര്‍ധിപ്പിക്കാനും നേത്രപടലത്തിന്‍റെ ആരോഗ്യത്തിനും ഇവ പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് സഹായിക്കും. മുട്ട, കാരറ്റ്, ബദാം, മത്തി, ഡാര്‍ക്ക് ചോക്കലേറ്റ്, അവക്കാഡോ, മധുരക്കിഴങ്ങ്, തുടങ്ങിയ ഭക്ഷണങ്ങളും കണ്ണിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.