മുട്ട പുഴുങ്ങാനായി അടുപ്പത്ത് വച്ച് മറന്നുപോകുന്ന അനുഭവം പലര്‍ക്കുമുണ്ടാകും. പോഷകങ്ങളുടെ കലവറയല്ലേ കുറച്ചധികം നേരം തിളച്ചാലും ഒന്നും സംഭവിക്കില്ലല്ലോ എന്നാകും നമ്മളില്‍ പലരും ചിന്തിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൂടുതൽ നേരം മുട്ട വേവിച്ചാൽ ഗുരുതരമായ രാസമാറ്റം മുട്ടയിൽ ഉണ്ടാകും എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും മുട്ട പാചകം ചെയ്യുന്ന രീതി തെറ്റിയാല്‍ വലിയ പ്രശ്നമാകും എന്ന് സാരം.
കൂടുതൽ നേരം വേവിച്ച മുട്ടയുടെ മഞ്ഞക്കരുവിന് മുകളിലായി ഒരു പച്ച നിറത്തിലുള്ള ആവരണം നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അമിതമായി വേവുമ്പോൾ മുട്ടയുടെ വെള്ളയിൽ ഹൈഡ്രജൻ സൾഫൈഡ് ഉണ്ടാക്കും. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന അയൺ ഇതിനോട് ചേർന്ന് അയൺ സൾഫൈഡ് ആയി മാറുകയും മഞ്ഞയെ ചുറ്റി പച്ച ആവരണം ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ കണ്ടാല്‍ ഉറപ്പിച്ചോളൂ മുട്ട കഴിക്കരുത്. മുട്ട തിളപ്പിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ അവ തണുപ്പിക്കാന്‍ പച്ചവെള്ളത്തില്‍ ഇടണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
മാത്രമല്ല മുട്ട അമിതമായി ചൂടാക്കുന്നത് പോഷകമൂല്യം കുറയ്ക്കുകയും കൊളസ്‌ട്രോള്‍ രോഗികളില്‍ അപകടമുണ്ടാക്കുകയും ചെയ്യും. അമിതമായി ചൂടാക്കുമ്പോള്‍ മുട്ടയിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും.
കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം. മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം. മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം. മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.