stress-food

AI Generated Image

വീട്ടിലും സ്കൂളിലും തൊഴിലിടത്തുമെന്ന് വേണ്ട നിത്യജീവിതത്തില്‍ ഏറ്റവുമധികം കേള്‍ക്കുന്ന വാക്കുകളിലൊന്നായി 'സ്ട്രെസ്' മാറി. പലവിധ കാരണങ്ങളാണ് പ്രായഭേദമെന്യെ ആളുകളെ സമ്മര്‍ദത്തിലാക്കുന്നത്. സമ്മര്‍ദവും ഉത്കണ്ഠയും കൂടുന്നതോടെ ശരീരത്തില കോര്‍ട്ടിസോളിന്‍റെ അളവും കൂടും. എന്നാലിച്ചിരി സ്ട്രെസ് കുറയട്ടെ എന്ന് വച്ച് ഓടിപ്പോയി കുടിക്കുന്ന കാപ്പിയും ഒപ്പം അകത്താക്കുന്ന സംസ്കരിച്ച മാംസമടങ്ങിയ സ്നാക്സും ശീതളപാനീയങ്ങളും കൂടിയാകുമ്പോള്‍ അസ്വസ്ഥതകളേറും. ഒന്നും വേണ്ടിയിരുന്നില്ലെന്ന തോന്നലാകും പിന്നെ. കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ മൂഡ് മാറ്റാന്‍ കഴിവുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. സ്ട്രെസ് കുറയ്ക്കാന്‍ കഴിയുന്ന ചില സൂപ്പര്‍ഫുഡുകളിതാ

ബ്ലൂബെറി

Canada Food Blueberry Bonanza

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. അന്തോസയാനിനാല്‍ സമ്പുഷ്ടമായ ബ്ലൂബെറി സമ്മര്‍ദത്തെയും ഉത്കണ്ഠയെയും കുറയ്ക്കാന്‍ പര്യാപ്തമാണ്. മാനസിക സന്തോഷത്തിനൊപ്പം ഹൃദയത്തിന്‍റെ ആരോഗ്യവും കോശങ്ങളുടെ പുനരുജ്ജീവനവും ബ്ലൂബെറി ഉറപ്പുനല്‍കുന്നു. 

ഒമേഗ3 അടങ്ങിയ ഭക്ഷണങ്ങള്‍

Food KitchenWise Poached Salmon

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന അയല, മത്തി എന്നിവയും സാല്‍മണ്‍ പോലുള്ള മല്‍സ്യങ്ങളും ഒമേഗ 3യാല്‍ സമ്പന്നമാണ്. വാല്‍നട്ട്, ഫ്ലാക്സീഡ്,ചിലയിനം കടല്‍പ്പായലുകള്‍ എന്നിവയും ഒമേഗ3 ആവശ്യത്തിനടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ്. ഇവയ്ക്ക് സമ്മര്‍ദത്തെ അലിയിച്ച് കളയാനും തലച്ചോറിനെ ഉഷാറാക്കി പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ കഴിയും. 

വാഴപ്പഴം

banana-food

ഒരുകാലത്ത് മലയാളിയുടെ തീന്‍മേശയിലെ പതിവ് കാഴ്ചയായിരുന്നു പഴം. ഇന്നും പതിവായി പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവരേറെയാണ്. മാനസിക സന്തോഷം നിലനിര്‍ത്തുന്നതില്‍ വാഴപ്പഴത്തിന് അത്ര മോശമല്ലാത്ത പങ്കുണ്ടെന്ന് ഗവേഷകരും പറയുന്നു. മഗ്നീഷ്യത്തിന്‍റെ കലവറയാണ് വാഴപ്പഴം. ഉത്കണ്ഠയും മൂഡ് സ്വിങ്സുമെല്ലാം നിയന്ത്രിക്കുന്നതിന് ഉത്തമമാണെന്നും പഠനങ്ങള്‍ പറയുന്നു. 

സിട്രസ് പഴങ്ങള്‍

FRUIT orange

വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ഓരോ കാലത്ത് ലഭ്യമാകുന്നത് പോലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മാനസിക സംഘര്‍ഷങ്ങളെ ലഘൂകരിക്കും.കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കാന്‍ ഓറഞ്ചും നാരങ്ങയും സഹായിക്കുമെന്നും ശരീരത്തിന്‍റെയും മനസിന്‍റെയും പിരിമുറുക്കം കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

പയറും മറ്റ് ധാന്യങ്ങളും

Food KitchenWise Beans

വെള്ളക്കടല, പയറു വര്‍ഗങ്ങള്‍ എന്നിവയില്‍ ആവോളം ആന്‍റ് ഓക്സിഡന്‍റുകളും വിറ്റാമിന്‍ ബി 6ഉം മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠയകറ്റാന്‍ ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം. 

ENGLISH SUMMARY:

Here’s a list of foods that help reduce stress and anxiety.