AI Generated Image - എഐ നിര്‍മിത പ്രതീകാത്മക ചിത്രം
അമേരിക്കന്‍ ഫിറ്റ്നസ് ക്യൂന്‍ കാറ്റി ഡോണലിന്‍റെ അപ്രതീക്ഷിതമരണകാരണം എനര്‍ജി ഡ്രിങ്കുകളെന്നാരോപിച്ച് മാതാവ് രംഗത്ത്. ഹൃദയഘാതത്തെ തുടര്‍ന്നാണ് കാറ്റി 28ാം വയസില്‍ മരണമടഞ്ഞത്. ഫിറ്റ്നസ് പ്രേമിയായ യുവതി ദിവസം മൂന്ന് എനര്‍ജി ഡ്രിങ്കുകളെങ്കിലും കഴിക്കാറുണ്ടെന്നും ജിമ്മിൽ പോകുന്നതിനുമുമ്പ് കഫീൻ സപ്ലിമെന്റ് കഴിക്കുകയും ചെയ്തിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
2021 ഓഗസ്റ്റിലാണ് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ കാറ്റി കുഴഞ്ഞുവീഴുന്നത്. പക്ഷാഘാതം സംഭവിച്ചതായാണ് ആദ്യം കരുതിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിയെങ്കിലും ഏറെ വൈകിയിരുന്നു. ഓക്സിജന്‍ ലഭ്യത കുറവ് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും യുവതിയെ കോമയിലേക്ക് തള്ളിവിടുകയും ചെയ്തു. 10 ദിവസത്തിന് ശേഷം നില വഷളാകുകയും ഒടുവില്‍ യുവതിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ കുടുംബം തീരുമാനിക്കുകയുമായിരുന്നു.
കാറ്റി ഒരു ഫിറ്റ്നസ് ക്യൂന്‍ ആയിരുന്നുവെന്നാണ് അമ്മ ലോറി ബാരനോൺ പറയുന്നത്. എനർജി ഡ്രിങ്കുകൾ ഒഴിച്ചു നിര്‍ത്തിയാല്‍ കൃത്യമായ ഡയറ്റും വ്യായാമവും അടങ്ങുന്ന ആരോഗ്യകരമായ ജീവിതരീതിയാണ് കാറ്റി പിന്‍തുടര്‍ന്നിരുന്നത്. അതേസമയം കടുത്ത ഉത്കണ്ഠയെ തുടര്‍ന്ന് കാറ്റി ഡോക്ടറെ കാണാറുണ്ടായിരുന്നെന്നും യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്നാല്‍ അത് യഥാര്‍ഥത്തില്‍ ഉത്കണ്ഠയാണെന്ന് ഞാന്‍ കരുതുന്നില്ല. കഫീനും എനർജി ഡ്രിങ്കുകളുടെയും ദുരുപയോഗമാണെന്നാണ് കരുതുന്നത്. വ്യായാമത്തിന് മുമ്പ് ധാരാളം എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്ന ആളുകളിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അവര്‍ അത് മരണകാരണമാണെന്ന് പറഞ്ഞിട്ടില്ല, പക്ഷേ എനിക്കറിയാം’. അമ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഫീന്‍റെ അമിതോപയോഗം മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രതിദിനം എത്രഅളവ് കഫീൻ ഉപയോഗിക്കാം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യം, സംവേദനക്ഷമത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു. ആരോഗ്യവാനായ ഒരു മുതിര്‍ന്നയാള്‍ക്ക് പ്രതിദിനം 400 മില്ലിഗ്രാം കഫീൻ ഉപയോഗിക്കാം. അതായത് 4 കപ്പ് കാപ്പി അല്ലെങ്കില്‍ 10 കാന്‍ കോള അല്ലെങ്കില്‍ 2 എനർജി ഡ്രിങ്കുകൾക്ക് തുല്യമാണിത്. എന്നാല്‍ മിക്ക എനർജി ഡ്രിങ്കുകളിലും 100 മുതൽ 300 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്. ചില ബ്രാൻഡുകളില്‍ അതിൽ കൂടുതലുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
പലരും ചുറുചുറുക്കോടെ ഇരിക്കാനും ഉന്മേഷത്തിനും മാനസികാവസ്ഥ ഉയര്‍ത്താനുമാണ് കഫീന്‍ ഉപയോഗിക്കുന്നത്. പാർക്കിൻസൺസ്, അൽഷിമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യതയും കഫീന്‍ ഉപയോഗം കുറച്ചേക്കാം എന്നും പഠനങ്ങളുണ്ട്. എന്നാല്‍ പരിധി കവിയുന്നത്, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ദഹന പ്രശ്നങ്ങൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അമിതമായ ഉപഭോഗം ആസക്തിയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ കാപ്പി, ചായ, ചോക്ലേറ്റ്, എനർജി ഡ്രിങ്കുകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള കഫീന്‍റെ ഉപയോഗം നിയന്ത്രിതമായിരിക്കണമെന്നും കൃത്യമായി നിരീക്ഷിക്കണമെന്നമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കഫീന്‍ ഉപയോഗിക്കുന്നത് മൂലം അസ്വസ്ഥത, ഹൃദയമിടിപ്പില്‍ വ്യത്യാസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ കുറയ്ക്കുന്നതാണ് ഉചിതം.