പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പതിവായി മൗത്ത്​വാഷുകള്‍ ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കാന്‍സര്‍ സാധ്യത വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്.  'മെഡിക്കല്‍ മൈക്രോബയോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ആശങ്കയേറ്റുന്ന വിവരങ്ങളുള്ളത്. 'ലിസ്റ്റെറൈന്‍ കൂള്‍ മിന്‍റെ'ന്ന പ്രമുഖ മൗത്ത് വാഷ് മൂന്ന് മാസത്തോളം സ്ഥിരമായി ഉപയോഗിച്ചവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. വായുടെ ശുചിത്വത്തിനായി ദ്രാവകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില ഘടകങ്ങള്‍ വായ്ക്കുള്ളില്‍ ബാക്ടീരിയയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതാണെന്നും അന്നനാള, കുടല്‍ കാന്‍സര്‍ സാധ്യത വളര്‍ത്തുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

കാന്‍സറിന് പുറമെ ശരീരത്തിന്‍റെ ആരോഗ്യനിലയെ പാടെ തകിടം മറിക്കുന്ന പല അവസ്ഥകളിലേക്കും മൗത്ത്​വാഷിന്‍റെ ഉപയോഗം എത്തിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലിസ്റ്ററൈയ്ന്‍ മൗത്ത്​വാഷിന്‍റെ ഉപയോഗത്തിന് ശേഷം ഫ്യുസോബാക്ടീരിയം ന്യുക്ലീറ്റത്തിന്‍റെയും സ്ട്രെപ്റ്റോകോകസ് ബാക്ടീരിയയുടെയും ഗണ്യമായ വളര്‍ച്ച വ്യക്തികളില്‍ കണ്ടെത്തി. ദന്തരോഗങ്ങളുണ്ടാക്കുന്ന പ്രധാന ബാക്ടീരിയയാണ് ഫ്യുസോബാക്ടീരിയം. ശരീരത്തില്‍ ട്യൂമര്‍ വളര്‍ത്താനും, നീര്‍വീക്കമുണ്ടാക്കാനും ഈ ബാക്ടീരിയയ്ക്ക് കഴിയുന്നത് കൊണ്ട് തന്നെ കുടലിനെ ബാധിക്കുന്ന കാന്‍സറുണ്ടാക്കുന്നതില്‍ ഇതിന് ചെറുതല്ലാത്ത പങ്കുണ്ട്. പ്രതിരോധശേഷി സ്വതേ കുറഞ്ഞവരുടെ ശരീരത്തില്‍ സ്ട്രെപ്റ്റോകോകസ് കടന്നുകൂടാനുള്ള സാധ്യതയും ഏറെയാണ്. ഈ രണ്ട് ബാക്ടീരിയകളും ദന്തശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ഇവയുടെ വളര്‍ച്ച നയിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

പുകവലി ശീലമുള്ളവരും പതിവായി മദ്യപിക്കുന്നവരുമാണ് സാധാരണ ഗതിയില്‍ വായ ശുചിയാക്കുന്നതിന് എളുപ്പവഴിയായി മൗത്ത്​വാഷിനെ ആശ്രയിച്ച് വരുന്നവരിലേറെയും. പുകവലിയും മദ്യപാനവും വായ, തൊണ്ട, അന്നനാള കാന്‍സര്‍ എന്നിവയ്ക്ക് അല്ലാതെ തന്നെ കാരണമായേക്കാമെന്നും അതിനൊപ്പം മൗത്ത്​വാഷിന്‍റെ ഉപയോഗം കൂടിയാകുമ്പോള്‍ സാധ്യത ഇരട്ടിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജനിതക മാറ്റം വരെ വ്യക്തികളില്‍ സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

മൗത്ത്​വാഷുകള്‍ ഉപയോഗിക്കുന്നതിന് പകരമായി പതിവായി പല്ലുതേക്കണമെന്നും, ദന്തശുചീകരണം നടത്തണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ കാന്‍സറിനെ ചെറുക്കാനാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

വായയുടെ ശുചിത്വത്തിന് ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്കാണുള്ളതെന്നും ശുചിത്വമില്ലാത്തത് സ്ഥിരമായ അണുബാധയിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുമെന്നും കോശങ്ങളെ ബാധിക്കുമെന്നുമാണ് കണ്ടെത്തല്‍. 

ENGLISH SUMMARY:

A study published in the Journal of Medical Microbiology has raised concerns about the regular use of Listerine Cool Mint mouthwash. Researchers identified a significant increase in the bacteria Fusobacterium nucleatum and Streptococcus anginosus after the use of Listerine.