മൊബൈല്‍ ഫോണിന്‍റെ ഉപയോഗം തലച്ചോറില്‍ കാന്‍സറുണ്ടാക്കുമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ലോകാരോഗ്യ സംഘടന. 1994 മുതല്‍ 2022 വരെ നടത്തിയ 63 പഠനങ്ങളെ അധികരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. 10 രാജ്യങ്ങളില്‍ നിന്നുള്ള 11 ഗവേഷകരാണ് വിശദമായ ഈ ഗവേഷണത്തില്‍ പങ്കുചേര്‍ന്നതും അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയതും.
കുട്ടികളിലെയും മുതിര്‍ന്നവരിലെയും തലച്ചോറിലെ കാന്‍സറിനെ കുറിച്ചാണ് സംഘം പ്രധാനമായും പഠിച്ചത്. ഇതിനൊപ്പം തന്നെ പീയുഷ ഗ്രന്ഥി, ഉമിനീര്‍ ഗ്രന്ഥി, രക്താര്‍ബുദം എന്നിവയും പഠനവിധേയമാക്കി. മൊബൈല്‍ ഫോണിന്‍റെ ഉപയോഗം, ബേസ് സ്റ്റേഷനുകളിലോ, ട്രാന്‍സ്മിറ്ററുകള്‍ക്കരികിലോ താമസിക്കുന്നവരുടെ സ്ഥിതി, തൊഴില്‍ സംബന്ധമായി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നവര്‍ എന്നിവരെയും പഠനവിധേയമാക്കി.
ടെലിവിഷനും ലാപ്ടോപും എന്നിങ്ങനെയുള്ള വയര്‍ലെസ് ടെക്നോളജി തന്നെയാണ് മൊബൈല്‍ഫോണിലുമുള്ളത്.മറ്റുള്ളവയ്ക്ക് സമാനമായ റേഡിയോ തരംഗങ്ങളെയാണ് മൊബൈല്‍ഫോണും പുറത്തുവിടുന്നത്. ദിനേനെ നമ്മള്‍ വളരെ ചെറിയതോതിലുള്ള റേഡിയോ തരംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലാകുന്നുണ്ടെന്നും പഠന സംഘത്തിലെ അസോഷ്യേറ്റ് പ്രഫസര്‍ കെന്‍ പറയുന്നു. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാന്‍സറുണ്ടാക്കിയേക്കാമെന്ന മുന്‍പഠനങ്ങളെയാണ് ഇതിലൂടെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നത്.
മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ പുരുഷന്‍മാരിലെ ബീജോല്‍പാദനത്തെ ബാധിക്കുമെന്ന വാദം തെറ്റാണെന്നും പ്രഫ. കെന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ഭാരക്കുറവുണ്ടാകുമെന്ന വാദവും അടിസ്ഥാനരഹിതമാണെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു. വിശദമായ പഠനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സര്‍ സാധ്യതയേറ്റുമെന്ന് കണ്ടെത്താനായില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓക്ലാന്‍ഡ് സര്‍വകലാശാലയിലെ കാന്‍സര്‍ എപിഡമോളജി വിഭാഗം പ്രഫസര്‍ മാര്‍ക്ക് എല്‍വുഡ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നായിരുന്നു അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നിലപാട്. ഇതേത്തുടര്‍ന്നാണ് വിശദമായ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.