ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴവർഗങ്ങളിൽ അടങ്ങിയ നരിഞ്ചൻ, നരിഞ്ചെനിൻ എന്നീ രാസപദാർഥങ്ങൾ കോവിഡ് വൈറസിനെ പ്രതിരോധിക്കുമെന്നു ഗവേഷണ ഫലം. ഇവ കോവിഡ് രോഗികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് പ്രയോജനകരമാണെന്നും ഗവേഷകർ പറയുന്നു.
തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ടി.ജി.എബിയുടെ നേതൃത്വത്തിൽ ഹാർട്ടിയൻ സെന്‍റർ ഫോർ മോളിക്യുലാർ മോഡലിങ്ങിൽ ഡോ. ജിബിൻ കെ.വർഗീസ് നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. ഈ ഗവേഷണത്തിന് ജിബിന് എംജി സർവകലാശാലയിൽ നിന്നു പിഎച്ച്ഡി ലഭിച്ചു.
കോവിഡ് സംബന്ധമായ ഗവേഷണത്തിനു കേരളത്തിലെ സർവകലാശാലയിൽ നിന്നുള്ള ആദ്യത്തെ പിഎച്ച്ഡിയാണ് ഇതെന്നു ഗവേഷകർ പറഞ്ഞു. കോവിഡ് വൈറസിലെ പ്രധാന പ്രോട്ടീന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ഈ രാസപദാർഥങ്ങൾ ചെയ്യുന്നത്. വൈറസിനെതിരെയുള്ള മരുന്നു നിർമാണത്തിലുൾപ്പെടെ ഇത് ഉപയോഗിക്കാനാകും. ഈ ഗവേഷണ ഫലങ്ങൾ നേരത്തേ രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
കംപ്യൂട്ടർ സഹായത്തോടെയുള്ള മരുന്നു രൂപകൽപനയിൽ ഗവേഷണം നടത്തുന്ന ഗവേഷകർ കാൻസർ, അൽസ്ഹൈമേഴ്സ്, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കുള്ള മരുന്നു ഗവേഷണവും നടത്തുന്നുണ്ട്. അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ കെമിസ്ട്രി വിഭാഗം മേധാവിയും തേവര എസ്എച്ച് കോളജിലെ റിസർച് ഗൈഡുമായ ഡോ.കെ.എസ്. സിന്ധുവും ഗവേഷണത്തിൽ പങ്കാളിയായി.