ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ. നല്ല തരം കൊളസ്ട്രോളുകളും (എച്ച്‌ഡിഎൽ) മോശം കൊളസ്ട്രോളുകളും (എൽഡിഎൽ) ഉണ്ട്. കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാൽ സ്‌ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളുടെ അപകടസാധ്യത വർദ്ധിക്കുന്നു. എന്നാല്‍ ചില പാനീയങ്ങളുടെ ഉപയോഗത്തിലൂടെയും ചില പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. രാവിലെ വെറും വയറ്റിലോ അല്ലാതെയോ ചില പഴച്ചാറുകൾ കഴിക്കുന്നത് ഹൃദയധമനികളിലുണ്ടാകുന്ന തടസ്സം നീക്കും. പല തരത്തിലുള്ള പാനീയങ്ങളും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനോ നിയന്ത്രിക്കാനോ സഹായിക്കും. അവയില്‍ ചിലത്:
ഗ്രീന്‍ ടീ: ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകളും മറ്റ് ആന്‍റി ഓക്‌സിഡന്‍റ് സംയുക്തങ്ങളും എൽ.ഡി.എല്ലിന്‍റെയും മൊത്തം കൊളസ്‌ട്രോളിന്‍റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കറന്‍റ് മെഡിസിനൽ കെമിസ്ട്രി ജേർണൽ 2008-ൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടില്‍ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളുടെ പങ്ക് ഊന്നിപ്പറയുന്നു. 2021 ലെ ഒരു റിവ്യൂ ട്രസ്റ്റഡ് സോഴ്സിലെ ഗവേഷണമനുസരിച്ച്, കട്ടൻ ചായയും കൊളസ്ട്രോളിനെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. എന്നാല്‍ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് അത്ര നല്ലതല്ല. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിസ്, വയറിൽ അസിഡിറ്റി സൃഷ്ടിക്കും. ദഹന സംബന്ധമായ പ്രശ്‍നങ്ങൾ ഒഴിവാക്കുന്നതിനായി എല്ലായ്‌പ്പോഴും എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രം ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം.
ഇഞ്ചിനീര്: രാവിലെ ഇഞ്ചിനീര് പതിവായി കുടിക്കുന്നത് ധമനികളിലെ തടസം നീക്കി ഹൃദയാരോഗ്യം നിലനിര്‍ത്തും. വെറുംവയറ്റിൽ ഇഞ്ചിനീര് കുടിക്കുന്നത് ഊർജ്ജമേകുന്നതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളും നൽകുന്നു.ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിനീര്, രക്തചംക്രമണം മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
നാരങ്ങാവെള്ളം: വൈറ്റമിൻ സി യും ആന്റിഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാവെള്ളം മികച്ച ഒരു ഡീടോക്സ് പാനീയമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നാരങ്ങ പിഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യും.
ബീറ്റ്റൂട്ട് ജ്യൂസ്: ബീറ്റ്റൂട്ട് ജ്യൂസും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയ നൈട്രേറ്റുകൾ രക്തക്കുഴലുകളുടെ വ്യാപ്തി കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും.
മാതള ജ്യൂസ്: രാവിലെ വെറും വയറ്റിൽ മാതള ജ്യൂസ് കുടിക്കുന്നത് രക്തപ്രവാഹം സുഗമമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്റുകൾ പ്രത്യേകിച്ച് പോളിഫിനോളുകൾ ധാരാളം അടങ്ങിയ മാതളച്ചാറ് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഗ്രീൻ ആപ്പിൾ ജ്യൂസ്: നാരുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഗ്രീൻ ആപ്പിൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. രാവിലെ വെറുംവയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് ഊർജ്ജമേകുന്നതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളും നൽകുന്നു.
ഈ പാനീയങ്ങള്‍ കുടിക്കുന്നതിനൊപ്പം തന്നെ കൊളസ്‌ട്രോളിന്‍റെ അളവ് മെച്ചപ്പെടുത്താനോ മിതമായ അളവ് നിലനിർത്താനോ ആഗ്രഹിക്കുന്ന ആളുകൾ പൂരിത കൊഴുപ്പ് കൂടുതലുള്ള പാനീയങ്ങൾ ഒഴിവാക്കണം. പാൽ ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നത് നല്ലതാണ്. ഭക്ഷണരീതികളിൽ മാറ്റം വരുത്തുന്നതിനുമുന്‍പ് ഒരു പോഷകാഹാരവിദഗ്ധനെ കാണുന്നത് നല്ലതാണ്.