ശരീരത്തില്‍ കൊളസ്ട്രോളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കൃത്യമായ ചികില്‍സയും ലഭ്യമാണ്. എന്നാല്‍ കൊളസ്ട്രോളിന്‍റെ അളവ് കൂടി കൈകാലുകളിലൂടെ പുറത്തേക്കൊഴുകാന്‍ തുടങ്ങിയാല്‍ എന്തുചെയ്യും? യുഎസിലെ ഫ്ലോറിഡയില്‍ നിന്നുള്ള നാല്‍പതുകാരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഫ്ലോറിഡയിലെ താംപ ആശുപത്രിയിലാണ് യുവാവ് ചികില്‍സ തേടി എത്തിയത്. മഞ്ഞനിറത്തില്‍ കൊഴുത്ത ദ്രാവകം കൈകാലുകളിലൂടെയും മുട്ടിലൂടെയും പുറത്തുവരാന്‍ തുടങ്ങിയതോടെയാണ് യുവാവ് ചികില്‍സ തേടി എത്തിയത്. ഭാരം കുറയ്ക്കാന്‍ എട്ടുമാസമായി കാര്‍ണിവോര്‍ ഡയറ്റിലായിരുന്നുവെന്ന് യുവാവ് ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. ഇതാകാം ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍.
കാര്‍ണിവോര്‍ ഡയറ്റ്: അതിവേഗം ശരീരഭാരം കുറയ്ക്കാനാണ് ചിലര്‍ ഈ ഡയറ്റ് പിന്തുടരുന്നത്. ഇറച്ചി, മല്‍സ്യം, മുട്ട, വെണ്ണ എന്നിവയാണ് പ്രധാന ഭക്ഷണക്രമം. ഒരു തരം കീറ്റോജെനിക് ഡയറ്റാണിത്. 70 മുതല്‍ 75 ശതമാനം വരെ കലോറി കൊഴുപ്പില്‍ നിന്നും 20 ശതമാനം പ്രോട്ടീനും പത്തോ അതില്‍ താഴെയോ മാത്രം കാര്‍ബോഹൈഡ്രേറ്റ്സുമാണ് നിഷ്കര്‍ഷിക്കുന്നത്. പഴങ്ങളോ, പച്ചക്കറികളോ, പയര്‍–പരിപ്പ് വര്‍ഗങ്ങളോ, ധാന്യങ്ങളോ ഒട്ടും കഴിക്കില്ല.
കൊഴുപ്പ് കൈകളിലൂടെ പുറത്തെത്തുന്ന അവസ്ഥയുമായെത്തിയ യുവാവിന്‍റെ ഭക്ഷണത്തില്‍ 2.7 കിലോ ചീസും 4.1 കിലോ ബട്ടറും ബര്‍ഗറുമൊക്കെ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണക്രമം പാലിച്ചിരുന്ന സമയത്ത് ശരീരഭാരം നന്നായി കുറഞ്ഞിരുന്നുവെന്നും ചുറുചുറുക്കോടെ എല്ലാം ചെയ്യാന്‍ സാധിച്ചിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടു. പക്ഷേ കൊളസ്ട്രോളിന്‍റെ അളവ് 1000 മില്ലിഗ്രാമിന് മുകളിലായിരുന്നുവെന്ന ഡോക്ടര്‍മാര്‍ പറയുന്നു. 200 മില്ലിഗ്രാം കൊളസ്ട്രോളാണ് അനുവദനീയമായ അളവ്. 240 മില്ലിഗ്രാമിലെത്തുന്നത് തന്നെ കൂടുതലായാണ് കണക്കാക്കുന്നത്. കാര്‍ണിവോര്‍ ഡയറ്റ് ശീലമാക്കുന്നതിന് മുന്‍പ് യുവാവിന്‍റെ കൊളസ്ട്രോള്‍ നിരക്ക് 210 മില്ലിഗ്രാം മാത്രമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഈ അവസ്ഥയ്ക്ക് എന്ത് ചികില്‍സയാണ് നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. കൃത്യമായ മേല്‍നോട്ടത്തിലല്ലാതെ ഒരുതരം ഭക്ഷണക്രമവും, പ്രത്യേകിച്ചും ഭാരം കുറയ്ക്കാനും കൂട്ടാനുമുള്ളവ പിന്തുടരരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദീര്‍ഘകാലം കാര്‍ണിവോര്‍ ഡയറ്റ് പിന്തുരുന്നവരില്‍ മൂത്രത്തില്‍ കല്ല്, ഗൗട്ട്, അസ്ഥിക്ഷയം തുടങ്ങിയ അസുഖങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്കൂളിന്‍റെ പഠനവും വ്യക്തമാക്കുന്നു. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.