congo-diseasex

പ്രതീകാത്മക ചിത്രം (Reuters)

TOPICS COVERED

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഡീസീസ് എക്സ് പടരുന്നു. 400ലേറെപ്പേര്‍ക്കാണ് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 30 പേര്‍ മരിച്ചു. കുട്ടികളിലാണ് കൂടുതലായും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബറില്‍ മാത്രം 143 പേരാണ് ഡിസീസ് എക്സ് ബാധിച്ച് കോംഗോയില്‍ മരിച്ചത്. രോഗകാരണം അജ്ഞാതമായി തുടരുകയാണ്. ലോകാരോഗ്യ സംഘടന ദ്രുതകര്‍മസേനയെ കോംഗോയിലെ രോഗം റിപ്പോര്‍ട്ട് ചെയ്ത ഉള്‍നാടന്‍ പ്രദേശത്തേക്ക് അയച്ചുവെങ്കിലും മോശം റോഡും കനത്തമഴയും കാരണം വിദഗ്ധസംഘത്തിന് ഇവിടേക്ക് എത്തിപ്പെടാനായിട്ടില്ല.

ഡിസീസ് എക്സ് എന്ന അജ്ഞാതരോഗം

ഡിസീസ് എക്സ് എന്നത് പകർച്ചവ്യാധിയായ അജ്ഞാത രോഗകാത്തെ വിവരിക്കാൻ ലോകാരോഗ്യ സംഘടന ആവിഷ്കരിച്ച പദമാണ്. ഇത് അതിവേഗം പടരുകയും വ്യാപകമായ ദോഷം വരുത്തുകയും ചെയ്യുന്ന അജ്ഞാതമായ ഏതെങ്കിലും പകർച്ചവ്യാധിയെ സൂചിപ്പിക്കുന്നു. പനി, ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഡിസീസ് എക്‌സിന്‍റെ പ്രധാന ലക്ഷണങ്ങൾ. തലവേദനയും പ്രധാന ലക്ഷണമാണ്. ക്രിട്ടിക്കല്‍ കേസുകളില്‍ ശ്വാസതടസം, വിളർച്ച, അനീമിയ എന്നീ രോഗലക്ഷണങ്ങളും കാണപ്പെടുന്നു. കടുത്ത പേഷകാഹാരക്കുറവ് അനുഭവപ്പെട്ടവരിലാണ് ഡിസീസ് എക്സ് ബാധിച്ചിട്ടുള്ളതും.

ലക്ഷണങ്ങൾ എന്തൊക്കെ?

 തലവേദന, ചുമ, പനി, ശ്വാസതടസം, വിളർച്ച എന്നിവയാണ് പ്രത്യക്ഷത്തില്‍ പനിക്ക് സമാനമായി തോന്നിക്കുന്ന രോഗത്തിന്‍റെ ഇതുവരെ കണ്ടെത്തിയിട്ടുള്ള ലക്ഷണങ്ങൾ. അക്യൂട്ട് ന്യുമോണിയ, ഇൻഫ്ലുവൻസ, കൊവിഡ്-19, അഞ്ചാംപനി, മലേറിയ എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ ഡിആർസിയിൽ പടരുന്ന മറ്റ് രോഗങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ.

രോഗം ബാധിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ച എല്ലാവരും പനി, തലവേദന,ശ്വാസതടസം ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് കോംഗോയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഗുരുതര ഭക്ഷ്യദൗര്‍ലഭ്യം നേരിടുന്നതും രോഗനിര്‍ണയമോ, ചികില്‍സ ലഭ്യമാവാത്തതും, വാക്‌സിനേഷന്‍ നിരക്ക് വളരെ കുറഞ്ഞതുമായ പ്രദേശങ്ങളിലാണ് പകര്‍ച്ചവ്യാധി കൂടുതലായി റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. മതിയായ മരുന്നുകളോ, വാഹനസൗകര്യങ്ങളോ, ചികില്‍സയോ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പകര്‍ച്ചവ്യാധിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. മലേറിയയ്‌ക്കെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഫലപ്രദമായി നടത്തുന്നതില്‍ പരാജയം നേരിട്ടതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.

'ഡിസീസ് എക്‌സ്" മൂലമുണ്ടായ 31 മരണങ്ങളുടെ തെളിവുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് ലോകാരാഗ്യ സംഘടന അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ കണക്കുകള്‍ പ്രകാരം ഇത് 143 ആയതിനാല്‍ മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാല്‍ മരിച്ചവരില്‍ ഭൂരിഭാഗവും 5 വയസിന് താഴെയുള്ള കുട്ടികളാണ്. ലോകാരോഗ്യ സംഘടനയുടെ ടീം വിശദമായ പഠനത്തിനായി രാജ്യത്തെ ഗോഗബാധിതരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചുവരുന്നു. ഇതിലൂടെ രോഗം എങ്ങനെയാണ് പടരുന്നതെന്ന് അറിയാന്‍ സാധിക്കും. രോഗം സ്ഥിരീകരിച്ചവരുടെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം
അക്യൂട്ട് ന്യുമോണിയ, ഇൻഫ്ലുവൻസ, COVID-19, അഞ്ചാംപനി, മലേറിയ എന്നീ രോഗങ്ങള്‍ ആവാനുള്ള സാധ്യതയും കൂടുതലാണ്. പോഷകാഹാരക്കുറവ് ഇത്തരം രോഗങ്ങളുടെ പ്രധാനലക്ഷണമാണ്. ഈ പ്രദേശത്ത് മലേറിയ ഒരു സാധാരണ രോഗമാണ്, ഇതും ഡിസീസ് എക്സിന്‍റെ വ്യാപനത്തിലേക്ക് നയിച്ചേക്കാം ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു.

2018-ലാണ് ലോകാരോഗ്യസംഘടന ആദ്യമായി 'ഡിസീസ് എക്‌സ്' എന്ന പദം ഉപയോഗിക്കുന്നത്. ഒരുവര്‍ഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്‌സ് എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോളതലത്തില്‍ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.എബോളയെയും കോവിഡിനെയും പോലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂണോട്ടിക് വിഭാഗത്തില്‍ ഉള്ളവയായിരിക്കും ഈ രോഗമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മനുഷ്യനിര്‍മിതമായ രോഗം തന്നെയായേക്കാം ഡിസീസ് എക്‌സ് എന്ന വാദിക്കുന്നവരുമുണ്ട്. അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

mysterious flu like illness kills 31 in congo suspected for disease-x