ആഫ്രിക്കയെ അലട്ടിക്കൊണ്ട് 'ബ്ലീഡിങ് ഐ വൈറസ് ' പടരുന്നതിനിടെ തെക്കുപടിഞ്ഞാറൻ കോംഗോയിൽ അജ്ഞാത രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ള രോഗം ബാധിച്ച് ഇതിനകം 150 ഓളം പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നവംബർ 10 നും 25 നുമിടയില്‍ കോംഗോ യിലെ പാൻസി ഹെൽത്ത് സോണിലാണ് മരണങ്ങൾ സംഭവിച്ചത്.
കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. കൃത്യമായ ചികില്‍സ ലഭിക്കാത്തതുമൂലം ഒട്ടേറെപ്പേര്‍ അവരുടെ വീടുകളില്‍ തന്നെയാണ് മരണമടഞ്ഞതെന്ന് ആരോഗ്യ മന്ത്രി അപ്പോളിനൈർ യുംബ പറഞ്ഞു. മരണസംഖ്യ 67 മുതൽ 143 വരെയാണെന്നാണ് കോംഗോയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്. മരണസംഖ്യ അതിവേഗം ഉയരുകയാണ്. നവംബർ 25 ന് മാത്രം 67 മരണങ്ങളാണ് സ്ഥിരീകരിച്ചത്. അസുഖം ബാധിച്ചു മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനാ ഫലങ്ങളുടെ കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല.
സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ചത്. അതേസമയം രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളുമായി സമ്പർക്കം പുലർത്തരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥിതി ആശങ്കാജനകമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ സെഫോറിയൻ മാൻസാൻസ പറയുന്നത്. പാൻസി ഒരു ഗ്രാമീണ മേഖലയാണ്. മരുന്നുകളുടെ ലഭ്യതക്കുറവും കൃത്യമായ ചികില്‍സാ സംവിധാനങ്ങള്‍ ഇല്ലാത്തതും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് കോംഗോയില്‍ എബോളയുടെ 12 കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എംപോക്സ് മൂലമുള്ള 47,000 കേസുകളും 1,000 മരണങ്ങളും രാജ്യത്ത് ഉണ്ടായതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈകണക്കുകളില്‍ ഇനിയും സ്ഥിരീകരണമില്ല. ആരോഗ്യസംവിധാനങ്ങളിലെ പോരായ്മയാണ് സാംക്രമികരോഗങ്ങള്‍ പടരാന്‍ കാരണമായത്.
അജ്ഞാത രോഗത്തെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്ന് യുഎന്നും വ്യക്തമാക്കി. യുഎന്‍ ആരോഗ്യ ഏജന്‍സി കോംഗോയിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു. രോഗനിര്‍ണയത്തിനായി രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ മെഡിക്കൽ ടീം പാൻസി ഹെൽത്ത് സോണിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവില്‍ കോംഗോയ്ക്ക് പുറത്തേക്ക് രോഗം പടര്‍ന്നതായി കണ്ടെത്തിയിട്ടില്ല.