കര്‍ണാടകയിലും ഗുജറാത്തിലുമായി മൂന്ന് എച്ച്എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോവൈറസ്) രോഗബാധയാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശ്വാസകോശ രോഗങ്ങളെ കണ്ടെത്തുന്നതിനുള്ള രോഗകാരികൾക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് ഐസിഎംആര്‍ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: ഇന്ത്യയിലും എച്ച്.എം.പി.വി; ഭീതി പരത്തി പുതിയ വൈറസ്; ശ്രദ്ധിക്കണം
ബ്രോങ്കോപ് ന്യുമോണിയയോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ആദ്യം എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി ഇന്ന് ആശുപത്രി വിട്ടു. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മറ്റൊരു കേസ്. ജനുവരി മൂന്നിനാണ് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം ഭേദമായി വരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തണുപ്പുകാലത്ത് പടര്‍ന്നു പിടിക്കുന്ന എച്ച്എംപിവി ശ്വാസകോശത്തെയാണ് കാര്യമായി ബാധിക്കുന്നത്. സാധാരണ പനിപോലെയാണ് വൈറസ് ബാധിച്ചാല്‍ അനുഭവപ്പെടുക. അഞ്ച് വയസിന് മുന്‍പ് പലര്‍ക്കും എച്ച്എംപിവി രോഗബാധ ഉണ്ടാകാറുണ്ടെന്നാണ് യുഎസ് ആസ്ഥാനമായ അക്കാദമിക് മെഡിക്കല്‍ സെന്‍ററായ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്‍റെ റിപ്പോര്‍ട്ട്. ഒരിക്കല്‍ രോഗബാധ വന്നു കഴിഞ്ഞാല്‍ വീണ്ടും വരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആദ്യത്തെ അപേക്ഷിച്ച് രോഗലക്ഷണങ്ങള്‍ കാര്യമായി കാണാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: എച്ച്എംപിവി ഇന്ത്യയിലും; ബെംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് രോഗം
ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസിന്‍റേതും. എന്നാല്‍ ചിലര്‍ക്ക് രോഗം ഗുരുതരമാകാം. ആദ്യം ബാധിക്കുന്ന സമയത്താണ് രോഗം ഗുരുതരമാകുന്നത്. അതിനാലാണ് കുഞ്ഞുങ്ങളില്‍ രോഗം ഗുരുതരമാകുള്ള സാധ്യത ഉയരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ചുമ, പനി, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്ക് അടയല്‍, തൊണ്ടവേദന, ശ്വാസം മുട്ടൽ, ശരീരത്തില്‍ ചുണങ്ങ് എന്നിവയാണ് രോഗലക്ഷണമെന്നും ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
കോവിഡിന് കാരണമാകുന്ന സാര്‍സ്–കോവ്–2 വൈറസും എച്ച്എംപിവിയും വ്യത്യസ്ത വൈറല്‍ ഫാമിലിയില്‍ നിന്നുള്ളതാണെങ്കിലും ചില ബന്ധം ഇവ തമ്മിലുണ്ട്. രണ്ട് വൈറസും ശ്വാസകോശ അണുബാധയ്ക്കാണ് കാരണമാകുന്നത്. രോഗലക്ഷണങ്ങളും സമാനമാണ്. കുട്ടികളിലും പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവരുമാണ് രണ്ട് വൈറസുകളിലും ഉയര്‍ന്ന റിസ്കുള്ളവര്‍. എച്ച്എംപിവിയും കൊവിഡും തമ്മിലുള്ള പ്രധാന വ്യത്യാസം വാക്സിനേഷനിലാണ്. കോവിഡിന് വാക്സിനുകൾ നിലവിലുണ്ടെങ്കിലും എച്ച്എംപിവിക്ക് വാക്സിനൊന്നും ലഭ്യമല്ല. മാസ്ക്, സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയാണ് രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവയില്‍ പ്രധാന കാര്യങ്ങള്‍.