ചൈനയില്‍ പടരുന്ന എച്ച്.എം.പി.വി വൈറസ് രാജ്യത്തും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, ഗുജറാത്ത്, ബംഗാള്‍, ചെന്നൈ എന്നിവിടങ്ങളിലായി ഒരു വയസില്‍ താഴെ പ്രായമുള്ള ആറ് കുഞ്ഞുങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും നിലവില്‍ വൈറസ് വ്യാപനം ഇല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ബെംഗളൂരുവില്‍ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനുമാണ് ഹ്യൂമണ്‍ മെറ്റാന്യൂമോ വൈറസ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ ഭേദമായതിനെ തുടര്‍ന്ന് ഒരു കുഞ്ഞ് ആശുപത്രിവിട്ടു. രണ്ടാമത്തെ കുഞ്ഞിന്‍റെ നില ഭേദപ്പെട്ടുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്കും എച്ച്.എം.പി.വി വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഉള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍. മൂന്ന് കുട്ടികള്‍ക്കും വിദേശയാത്ര പശ്ചാത്തലമില്ല.
എച്ച്.എം.പി.വി വൈറസ് ഇന്ത്യയില്‍ ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ വൈറസ് വലിയരീതിയില്‍ പടരുന്നതിന്‍റെ സൂചനകളില്ല. വ്യാപനമുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രാലയം. അതിനിടെ വൈറസ് വ്യാപനമുണ്ടായാല്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ് നിര്‍ദേശം നല്‍കി. ഓരോ ആശുപത്രിയിലെയും സജ്ജീകരണങ്ങള്‍ അറിയിക്കാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.