ഇന്ത്യയില്‍ ഗില്ലേന്‍ ബാരേ സിന്‍ഡ്രോം ബാധിച്ച് 73 പേര്‍ ചികിത്സയില്‍. പൂനെയിലാണ് നിലവില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. രോഗികളില്‍ 26പേര്‍ സ്ത്രീകളാണ്. ചികിത്സയിലുള്ള 73 പേരില്‍ 14 പേര്‍ വെന്റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ന് ആറുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗനിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ വ്യാപനത്തിന്റെ കാരണം കണ്ടെത്താനും രോഗവ്യാപനം തടയാനുമായി ദ്രുതകര്‍മസേന രൂപീകരിച്ചു. രോഗകാരണത്തെക്കുറിച്ചുള്ള പ്രത്യേക പഠനവും പരിശോധനയും ഉറപ്പുവരുത്തുന്നതായി ആരോഗ്യവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എന്താണ് ഗില്ലേന്‍ ബാരേ സിന്‍ഡ്രോം?
അപൂർവ്വമായ നാഡീസംബന്ധമായ രോഗാവസ്ഥയാണ് ഗില്ലേന്‍ ബാരേ സിന്‍ഡ്രോം. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന പ്രത്യേക രോഗാവസ്ഥയാണ്. ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന ആഘാതം പേശീചലനത്തെയുള്‍പ്പെടെ സാരമായി ബാധിക്കും. പേശീബലം കുറയുകയും,പേശീവേദന, പനി,എന്നീ ലക്ഷണങ്ങളും ഈ രോഗം ബാധിച്ചാല്‍ അനുഭവപ്പെടും. കൈകാലുകളിലെ സ്പര്‍ശനസംവേദനം ഉള്‍പ്പെടെ തകരാറിലാവുന്ന അവസ്ഥയാണിത്. ആഹാരം ഇറക്കാനും ശ്വസനത്തിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
പ്രായപൂര്‍ത്തിയായവരിലും പുരുഷന്‍മാരിലുമാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ളവരിലും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്. രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ആവശ്യമാണെങ്കിലും ഭീതിദമായ സാഹചര്യങ്ങളോ പകര്‍ച്ചവ്യാധി ഭീഷണിയോ ഇല്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ജില്ലാ ഭരണകൂടവുമായും പ്രാദേശിക ഭരണകൂടവുമായും ചേര്‍ന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം രോഗബാധിത മേഖലകളില്‍ പരിശോധനയും കൃത്യമായ നിരീക്ഷണവും നടത്തുന്നുണ്ട്. നാട്ടിന്‍പ്രദേശങ്ങളിലുള്‍പ്പെടെ 7200ഓളം വീടുകള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍, ചിഞ്ച്വാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മറ്റു ജില്ലകളിലും സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.