നിശാക്ലബുകള്‍ ധാരാളമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള നിശാക്ലബുകള്‍ രാജ്യത്തില്ല. ഇപ്പോഴിതാ അതിനും ഒരു മാറ്റം. സ്ത്രീകള്‍ക്ക് ആരെയും പേടിക്കാതെ സ്വതന്ത്ര്യമായി ഇഷ്ടത്തിനനുസരിച്ച് ഡാന്‍സും പാട്ടും അല്പം ലഹരിയുമായി രാത്രി ജീവിതം ആസ്വദിക്കാനൊരിടം ഒരുക്കിയിരിക്കുകയാണ് ബെംഗളുരു.
ബന്നാര്‍ഘട്ട റോഡിലാണ് മിസ് ആന്‍ഡ് മിസിസ് വിമന്‍ ഓണ്‍ലി നൈറ്റ് ക്ലബ് ഉള്ളത്. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും സ്ത്രീകളാണ്. ആദ്യ മണിക്കൂറില്‍ ഗംഭീര ഓഫറുകളാണ് നിശാക്ലബ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ മണിക്കൂറില്‍ 300 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബിയറും സ്‌നാക്‌സും ലഭിക്കും. ആദ്യമണിക്കൂര്‍ കഴിഞ്ഞാല്‍ ഇരട്ടിവില ഈടാക്കും. സംഗീതം, നൃത്തം, പിസ, സ്‌നാക്‌സ്, ബീര്‍, ഷാംപെയ്ന്‍, വൈന്‍, നെയ്ല്‍ ആര്‍ട്ട് തുടങ്ങി ജീവിതം ഉല്ലാസമാക്കുന്നതിനുവേണ്ടിയുള്ളതെല്ലാം സ്ത്രീകളെ നിങ്ങള്‍ക്കിവിടെ കിട്ടും.
ദിപാന്‍ഷി സിങ് എന്ന യുവതിയാണ് മിസ് ആന്‍ഡ് മിസിസ് ക്ലബിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ക്ലബ് വൈറലായി. ലക്ഷകണക്കിന് ലൈക്കുകളും ഷെയറുകളും കമന്‍റുകളുമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
രാജ്യത്ത് ഇത്തരത്തില്‍ ഒരു ക്ലബ് ആദ്യമായിട്ടാണെങ്കിലും വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായിട്ടുള്ള ധാരാളം നിശാക്ലബുകള്‍ ഉണ്ട്. എന്നാല്‍ ഇത്തരം ക്ലബുകള്‍ തികഞ്ഞ ലിംഗവിവേചനത്തിന്‍റെ ഉദാഹരണങ്ങളാണെന്ന് വിമര്‍ശനവും നിയമനടപടികളും നേരിടേണ്ടിവന്നിട്ടുമുണ്ട്. മാന്‍ഹാട്ടനിലെ ദ വിങ് മുതല്‍ ടാസ്മാനിയയുടെ മോണാസ് ലേഡീസ് ലോഞ്ച് വരെയുള്ള വിമന്‍ ഓണ്‍ലി ക്ലബുകളില്‍ ഒടുവില്‍ പുരുഷന്മാരേയും പ്രവേശിപ്പിക്കേണ്ടി വന്നു.