പ്രായഭേദമന്യേ സകലരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. അമിതമായ സമ്മർദ്ദമടക്കം നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇതിൽ തന്നെ വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിൽ രൂക്ഷമാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മുടിയുടെ രോമുകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. പുതിതായി മുടി വളരാനും ഇത് ആവശ്യമാണ്. അതിനാൽ ഡയറ്റിൽ നിർബന്ധമായും വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിലെല്ലാം വിറ്റാമിൻ ഡി ധാരാളം ഉണ്ട്. ഇവ പതിവായി കഴിക്കാൻ ശ്രദ്ധിക്കാം.
മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ പലരും മുട്ട പുഴങ്ങിക്കഴിക്കാറുണ്ട്. മഞ്ഞക്കരു ഒഴിവാക്കുകയും ചെയ്യും. വിറ്റാമിൻ ഡി കുറവുള്ളവരാണെങ്കിൽ ധൈര്യമായി മുട്ടയുടെ മഞ്ഞക്കരു കഴിക്കാം. ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും. സൂര്യപ്രകാശം ഏൽക്കുന്ന കൂണുകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഷിറ്റേക്ക്, ബട്ടൺ കൂൺ തുടങ്ങിയ കൂണുകളാണ് നമ്മുക്ക് ഇന്ത്യയിൽ കൂടുതൽ ലഭ്യമായവ. ഇവ ഡയറ്റിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ഡി അടങ്ങിയ മറ്റൊരു പച്ചക്കറി ചീരയാണ്. ഇവയുടെ സ്മൂത്തിയോ അല്ലെങ്കിൽ തോരനോ, കറിയോ കഴിക്കാവുന്നതാണ്. വെണ്ടക്കയും വിറ്റാമിൻ ഡി ധാരാളം ഉള്ള പച്ചക്കറിയാണ്. തോരനായും കറിയായും കഴിക്കാം.
പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിലും വിറ്റാമിൻ ഡി സമ്പുഷ്ടമാണ്. ഇവയെല്ലാം വീട്ടിൽ തന്നെ ലഭ്യമായിരിക്കുമെന്നതിനാൽ വലിയ ചെലവില്ലാതെ തന്നെ ഡയറ്റിന്റെ ഭാഗമാക്കാം. ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി ഉണ്ട്. അതേസമയം വിറ്റാമിൻ ഡി കൂടാതെ സിങ്ക്, വിറ്റാമിൻ ബി 7 എന്നിവയുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകും. ഇവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിന്‍റെ ഭാഗമാക്കാം.