യൂട്യൂബ് വീഡിയോകളില്‍ കാണുന്ന ഡയറ്റ് പിന്തുടര്‍ന്ന് കണ്ണൂരില്‍ പതിനെട്ടുകാരി മരണപ്പെട്ട സംഭവം നടുക്കുന്നതാണ്. ശരീരഭാരം കൂടാതിരിക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന മാനസികരോഗമായ ‘അനോറെക്സിയ നെര്‍വോസ’ പെണ്‍കുട്ടിയെ ബാധിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭക്ഷണം കഴിക്കാതെ ശരീരം ശോഷിച്ചാണ് കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിയായ ശ്രീനന്ദ മരിച്ചത്. വണ്ണം കൂടാതിരിക്കാന്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ശ്രീനന്ദ ഡയറ്റെടുത്തിരുന്നത്.
വണ്ണം കൂടിയാല്‍ തന്‍റെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ശ്രീനന്ദ വിശ്വസിച്ചു. പ്രാതല്‍ പൂര്‍ണമായും ഒഴിവാക്കി. ഭക്ഷണം നല്‍കിയാല്‍ അല്‍പം കഴിച്ച് ബാക്കി കളയും. മാസങ്ങളായി ഇതായിരുന്നു ശീലം. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഈ പതിവ് തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ആവശ്യത്തിന് മാത്രം തടിയുണ്ടായിരുന്ന നോര്‍മലായ ആളായിരുന്നു ശ്രീനന്ദയെന്നും ബന്ധുക്കള്‍. ഡയറ്റിനെ തുടര്‍ന്ന് ശ്രീനന്ദയുടെ അന്നനാളവും ആമാശയവും ചുരുങ്ങി. നില വഷളായതോടെ തലശേരി സഹകരണ ആശുപത്രിയില്‍ വെന്‍റിേലറ്ററില്‍ കഴിയുന്നതിനിടെയാണ് മരണം.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഇതേരോഗത്തിന് ചികിത്സിച്ചിരുന്നെങ്കിലും ഭക്ഷണം കഴിക്കണമെന്ന ഡോക്ടറുടെ നിര്‍ദേശം ശ്രീനന്ദ അവഗണിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീനന്ദ പ്ലസ്ടുവില്‍ ഉന്നതവിജയം നേടിയിരുന്നു. ഇന്നലെ രാവിലെ മരിച്ച ശ്രീനന്ദയെ വൈകിട്ട് തന്നെ സംസ്കരിച്ചു.