തലശേരിയില്‍ മീനിന്‍റെ കുത്തേറ്റുണ്ടായ മുറിവിലൂടെ അണുബാധയുണ്ടായി യുവാവിന്‍റെ കൈപ്പത്തി മുറിച്ചുമാറ്റിയതോടെയാണ് ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയ വാര്‍ത്താപ്രധാന്യം നേടിയത്. പച്ചക്കറിക്കൃഷിക്കായി വയലൊരുക്കുന്നതിന്‍റെ ഭാഗമായി കുളം വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് പൈക്കാട്ടുകുനിയില്‍ രജീഷിന്‍റെ കയ്യില്‍ മീനിന്‍റെ മുള്ളുതറച്ചത്. ചെറിയ രീതിയില്‍ രക്തം പൊടിഞ്ഞതോടെ ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്തു. എന്നാല്‍ വേദന അസഹ്യമാവുകയും മുറിവില്‍ പഴുപ്പും വന്നതോടെ മറ്റൊരു ആശുപത്രിയില്‍ കാണിച്ചു. മുറിവ് ഉണക്കാതെ പഴുപ്പ് കൂടിയതോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് രജീഷിന്‍റെ വലത്തുകൈപ്പത്തി മുറിച്ചുമാറ്റി. അണുബാധയ്ക്ക് കാരണമായ ക്ലോസ്‌ട്രിഡിയ ബാക്ടീരിയ സംസ്ഥാനത്ത് അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടെറ്റ്‌നസിനും ഇതേ ബാക്ടീരിയ തന്നെയാണ് കാരണമാവുന്നത്.
എന്താണ് ക്ലോസ‌്‌ട്രിഡിയ ബാക്ടീരിയ
വൃത്തിഹീനമായ മണ്ണിലും വെള്ളത്തിലുമാണ് ക്ലോസ്‌ട്രിഡിയ ബാക്ടീരിയ വളരുന്നത്. ചാണകങ്ങളിലും ഇവയെ കാണാറുണ്ട്. ഓക്സിജനില്ലാത്ത സ്ഥലങ്ങളില്‍ ഇവ പെട്ടെന്ന് പെരുകും. മുറിവുകളില്‍ കൂടിയാണ് മനുഷ്യശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തിയാണ് ചുവന്നരക്താണുകളെ നശിപ്പിക്കും. ബാക്ടീരിയ രക്തത്തിലെത്തിയാല്‍ രോഗം മൂര്‍ച്ഛിക്കും. ഇതോടെ ഹൃദയം, വൃക്ക, കരള്‍ എന്നിവ തകരാറിലാവും. ഇതോടെ രോഗിയുടെ ജീവന്‍ വരെ അപകടത്തിലാവുമെന്നാണ് ആരോഗ്യവിദഗദ്ധര്‍ പറയുന്നത്. കടുത്തപനി, മുറിവുണ്ടായ ഭാഗത്ത് കുമിളകള്‍, തൊലിയില്‍ ചുവപ്പ് നിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുമിളകളില്‍ ഒരുതരം ഗ്യാസും രൂപപ്പെടും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ ചികിത്സതേടണമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു
മുന്‍കരുതല്‍ സ്വീകരിക്കാം
കാലിലും കയ്യിലും മുറിവ് ഉണ്ടെങ്കില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക. കാലില്‍ മുറിവുള്ളവര്‍ ചെരുപ്പ് ധരിക്കാതെ വെള്ളത്തിലും മണ്ണിലും ഇറങ്ങാതെയിരിക്കുക. ചാണകമടക്കമുള്ള സാഹചര്യങ്ങളില്‍ ഇടപെടുന്നവര്‍ കയ്യുറയും ചെരുപ്പും ധരിക്കുക. മുറിവുകള്‍ കെട്ടിവെച്ച് മാത്രം മണ്ണിലും വെള്ളത്തിലും ഇറങ്ങാന്‍ ശ്രദ്ധിക്കുക. മുറിവുകള്‍ പറ്റിയാല്‍ അടിയന്തരമായി ഡോക്ടര്‍മാരെ കണ്ട് ചികിത്സ ആരംഭിക്കുക.