Image Credit: facebook.com/FahadhFaasil

Image Credit: facebook.com/FahadhFaasil

  • നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട രോഗമാണിത്
  • സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും കാണപ്പെടാം
  • മരുന്നുകളും ബിഹേവിയര്‍ തെറാപ്പിയും ആവശ്യമാണ്

ഇന്നലെ നടന്ന കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ഉണ്ടെന്ന് നടന്‍ ഫഹദ് ഫാസിൽ തുറന്ന് പറഞ്ഞത്. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും ഫഹദ് പറയുന്നു. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട രോഗമാണ്  എഡിഎച്ച്‌ഡി. കുട്ടികളിലെ  തീവ്രമായ സ്വഭാവദൂഷ്യങ്ങള്‍പ്പോലും എ‍ഡിഎച്ച്ഡിയുടെ ലക്ഷണമായേക്കാം.

എന്താണ് എഡിഎച്ച്‌ഡി?

ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവ ചേര്‍ന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത്‌ മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിച്ചേക്കാം.

തീവ്രമായ സ്വഭാവദൂഷ്യങ്ങളും കുട്ടികളില്‍ കാണാറുണ്ട്

എഡിഎച്ച്‌ഡിയുള്ള കുട്ടി കൗമാരത്തിലെത്തിയാല്‍ പെട്ടെന്ന് ദേഷ്യം വന്ന് സംസാരിക്കുകയും തങ്ങളുടെ തെറ്റുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും കാരണമില്ലാതെ പ്രകോപിതരാകുകയും ചെയ്യാം. Opposition Defant Disorder (ODD) എന്ന മാനസിക പ്രശ്നങ്ങളും കള്ളം പറയുക, മോഷണം, വീട്ടില്‍ നിന്ന് ഒളിച്ചോടി പോവുക തുടങ്ങിയ തീവ്രമായ സ്വഭാവദൂഷ്യങ്ങളും (Conduct Disorder) കുട്ടികളില്‍ കാണാറുണ്ട്.

എഡിഎച്ച്‌ഡി മുതിര്‍ന്നവരില്‍?

ഫോണ്‍ ഫ്രിജില്‍ വച്ച്‌ മറക്കുക, എന്തെങ്കിലും ചെയ്യാന്‍ ആരംഭിച്ച ശേഷം ഉദ്ദേശിച്ച കാര്യം മറന്ന് പോകുക എന്നിങ്ങനെ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ഹ്രസ്വകാല ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥ എഡിഎച്ച്‌ഡി ലക്ഷണമാണ്‌. വിവരങ്ങള്‍ ശേഖരിച്ച്‌ വയ്‌ക്കാനുള്ള തലച്ചോറിന്റെ ശേഷിക്കുള്ള തകരാറാണ്‌ കാരണം. മറ്റൊന്ന് സമയത്തെ കുറിച്ച് ധാരണ ഇല്ലാത്തതാണ്. വൈകി വരുക, എന്തെങ്കിലും ചെയ്യാന്‍ അവസാന നിമിഷം വരെ കാത്തിരിക്കുക, ചെറിയ ജോലികളാണെങ്കില്‍പ്പോലും ചെയ്ത് തുടങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയും എഡിഎച്ച്‌ഡി ലക്ഷണങ്ങളാണ്‌. തലച്ചോറിന്റെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ്‌ സജീവമല്ലാതിരിക്കുക ഇതിനെ ഉദ്ദീപിപ്പിക്കുന്ന ഡോപ്പമീന്‍ തകരാറുകള്‍ എന്നിവ കാരണമാണിത്.

mind-wb

അശ്രദ്ധപോലെത്തന്നെ ചില കാര്യങ്ങളില്‍ അമിതമായ ഊന്നലും ശ്രദ്ധയും നല്‍കുന്നതും എഡിഎച്ച്‌ഡി ലക്ഷണമാണ്‌. ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ആ പ്രവര്‍ത്തിയില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാന്‍ ബുദ്ധിമുട്ട് സമയബോധമില്ലാതെ അതില്‍ തന്നെ മുഴുകിയിരിക്കുക എന്നിവയും ലക്ഷണങ്ങളില്‍പെടുന്നു. ഡോപ്പമിന്‍ പോലുള്ള ന്യൂറോട്രാന്‍സ്‌മിറ്ററുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട തകരാറുകളാണ്‌ ഇതിന് പിന്നില്‍. 

ചിന്തയില്‍ മുഴുകി പരിസരം മറന്ന്പോകുക, സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വിഷയത്തില്‍ നിന്ന്‌ തെന്നി മാറി മറ്റെന്തൊക്കെയോ സംസാരിക്കുക എന്നിവയും എഡിഎച്ച്‌ഡി മൂലം സംഭവിക്കാം. തലച്ചോറിലെ ഡീഫോള്‍ട്ട്‌ മോഡ്‌ നെറ്റ്‌വര്‍ക്കിന്റെ അമിത പ്രവര്‍ത്തനം മൂലമാണിത്. കൂടാതെ നിരാകരണങ്ങളെ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അമിത ചിന്ത, ഉത്‌കണ്‌ഠ, സമ്മര്‍ദ്ദം എന്നിവയും പിന്നാലെവരാം. ന്യൂറോട്രാന്‍സ്‌മിറ്ററുകളിലെ അസന്തുലനം വൈകാരിക പ്രതികരണങ്ങളിലേക്കും നയിക്കാം. 

എഡിഎച്ച്‌ഡിയുടെ കാരണം?

എന്തുകൊണ്ട് എഡിഎച്ച്‌ഡി ഉണ്ടാകുന്നു എന്നത് ഇന്നും അ‍ജ്ഞാതമാണ്. എങ്കിലും ജനിതകപരമായ ഘടകങ്ങള്‍, തലച്ചോറിനേല്‍ക്കുന്ന പരുക്കുകള്‍, കുട്ടികളിലെ മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത വര്‍ദ്ധിപ്പിക്കുന്നുവയാണ്. ഗര്‍ഭിണിയായിരിക്കേ ലഹരി ഉപയോഗിക്കുന്നതും കുട്ടികളില്‍ എ‍‍ഡിഎച്ച്‍ഡിക്ക് കാരണമായേക്കാം. 

രോഗനിര്‍ണയം, ചികില്‍സ

ഒന്നിലധികം പരിശോധനകളിലൂടെയാണ് എഡിഎച്ച്ഡി സ്ഥിരീകരിക്കുന്നത്. തലച്ചോറിലെ ഡോപ്പമിന്‍, നോര്‍ അഡ്രിനാലിന്‍ എന്നീ രാസവസ്തുക്കളുടെ പ്രവര്‍ത്തനവൈകല്യം മൂലമുള്ള അസുഖമായതിനാല്‍ മരുന്നുകളും സ്വഭാവരൂപീകരണ ചികില്‍സയും (ബിഹേവിയര്‍ തെറാപ്പി) ആവശ്യമാണ്. എന്നിരുന്നാലും രോഗിയും കൂടെയുള്ളവരും ഇതൊരു ക്ലിനിക്കല്‍ പ്രശ്നം ആണെന്ന് മനസ്സിലാക്കുന്നതാണ് ആദ്യ പടി.

ENGLISH SUMMARY:

Attention-deficit/hyperactivity disorder is a chronic condition including attention difficulty, hyperactivity and impulsiveness, let's know more about it.