ജീവിതത്തില്‍ പല കാര്യങ്ങളും മറക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ആ ഗണത്തില്‍പ്പെടും. മറവിയെ ഭയപ്പെടുന്നവരുമുണ്ട്. തങ്ങള്‍ കാര്യങ്ങള്‍ മറക്കുന്നതിന് പിന്നില്‍ എന്തെങ്കിലും അസുഖമാണോയെന്നായിരിക്കും ഇത്തരക്കാരുടെ ചിന്ത. ജീവിതത്തില്‍ ഉണ്ടാവുന്ന മറവി തീര്‍ത്തും സ്വാഭാവികമാണെന്നാണ് കണ്ടെത്തല്‍. എല്ലാ മറവിയും അല്‍ഷിമേഴ്സ് അല്ലെന്ന് മനസിലാക്കുക.
ഇത് സംബന്ധിച്ച് ജര്‍മന്‍ ഫിസിയോളജിസ്റ്റായ ഹെര്‍മന്‍ എബ്ബിങ്സ് നടത്തിയ പഠനം ശ്രദ്ധേയമാണ്. ഒരു കൂട്ടം ആളുകളെ വെച്ചുള്ള പരീക്ഷണത്തില്‍ ഓരോ ദിവസവും ആളുകള്‍ പഠിച്ച വിവരം വരും ദിവസങ്ങളില്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടുന്നതായി കണ്ടെത്തി. എല്ലാ ദിവസവും പഠിച്ച വിവരങ്ങള്‍ ആവര്‍ത്തിക്കാത്തവര്‍ അവ മറന്നുപോകുന്നതായും കണ്ടെത്തി. അതായത് ഒരിക്കല്‍ മാത്രം കേട്ടതോ കണ്ടതോ ആയ കാര്യങ്ങള്‍ മറന്നുപോകുന്നത് സ്വാഭാവികമാണ്. വളരെ തിരക്കുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ട് അത് മറന്നുപോകുന്നതും അധികം പരിചയമില്ലത്ത സ്ഥലം ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുന്നതൊന്നും ഭയപ്പെടേണ്ട അവസ്ഥയല്ല
ആളുകള്‍ പ്രായമുകുന്നതോടെ മറവിയും കൂടും. പ്രിയപ്പെട്ടവരുടെ ഉള്‍പ്പെടെ പേരുകള്‍, സ്ഥലങ്ങള്‍, തിയതികള്‍ എല്ലാം മറന്നേക്കാം. കൂടുതല്‍ കാലം ജീവിക്കുമ്പോള്‍ നമ്മുടെ ഓര്‍മകള്‍ വര്‍ധിക്കും, അപ്പോള്‍ കുറേ കാര്യങ്ങള്‍ മറന്നുപോവുകയും ചെയ്യും. എന്നാല്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിന്‍ഡ്രം എന്നൊരു അവസ്ഥയുണ്ട്. മറക്കാനാഗ്രഹിക്കുന്നവ പോലും മറക്കാനാകാത്ത അവസ്ഥയാണ് അത്. ഇവരില്‍ ഉല്‍ക്കണ്ഠയും വിഷാദവുമൊക്കെ കടന്നുവരാനുള്ള സാധ്യതയും ഏറെയാണ്.
ചില അസാധാരണ മറവികളുണ്ട്. എങ്ങനെ ഭക്ഷണം കഴിക്കണമെന്ന് ഒരാള്‍ മറക്കുകയാണെങ്കില്‍ അത് സാധാരണമല്ല. അതിന് വൈദ്യസഹായം ആവശ്യമാണ്. ഒരേ കാര്യം ഒരുപാട് തവണ ചോദിക്കുന്നതും ഒരു പ്രശ്നമായേക്കാം. ജീവിതത്തിന്‍റെ സ്വാഭാവികതയെ ബാധിക്കുന്ന തരത്തില്‍ മറവി സംഭവിക്കുന്ന സഹചര്യത്തെ ഭയപ്പെടണം. അത്തരക്കാര്‍ക്ക് സഹായമെത്തിക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും വേണം.