സന്തോഷം പ്രകടിപ്പിക്കാന്‍ ചോക്കലേറ്റ് നല്‍കുന്ന പതിവ് സ്കൂള്‍ കാലം മുതലേ നമുക്ക് ശീലമാണ്. പ്രായമേറിയാലും ഒരു ചോക്കലേറ്റ് കിട്ടിയാല്‍ ഏത് മുഖത്തും നറുപുഞ്ചിരി വിടരുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വെറുമൊരു മധുരം മാത്രമല്ല ചോക്കലേറ്റ്. അതിനുമപ്പുറം ആളുകളെ സന്തോഷിപ്പിക്കുന്ന ചില രഹസ്യങ്ങള്‍ ചോക്കലേറ്റില്‍ ഒളിഞ്ഞിരിപ്പുണ്ട്.
സന്തോഷവും സംതൃപ്തിയും നല്‍കുന്നതിനൊപ്പം ഓരോ കഷ്ണം ചോക്കലേറ്റ് കഴിക്കുമ്പോഴും ഓര്‍മകള്‍ ഇരമ്പിയെത്താറില്ലേ? ഇതൊന്നും ചുമ്മാതെയല്ല. തിയോബ്രോമിന്‍, ട്രൈപ്റ്റോഫാന്‍, ഫ്ളവനോയിഡുകള്‍ എന്ന് തുടങ്ങി നമ്മുടെ വികാരങ്ങളെ സ്വാധീനിക്കാന്‍ പോന്ന ഒരുപറ്റം ഘടകങ്ങളുണ്ട് ചോക്കലേറ്റില്‍.
ഹാപ്പി ഹോര്‍മോണുകളുടെ കൂടിച്ചേരല്‍: ചോക്കലേറ്റ് കഴിക്കുമ്പോള്‍ സെറട്ടോണിന്‍, ഡോപമിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. ഇവ സന്തോഷം വര്‍ധിപ്പിക്കാന്‍ പര്യാപ്തമാണ്.
പറപറക്കും സമ്മര്‍ദം: ചോക്കലേറ്റ് കഴിക്കുമ്പോള്‍ ഉള്ളിലെത്തുന്ന ഫ്ലവനോയിഡുകള്‍ ' ഒന്ന് മസിലുവിടാശാനേ' എന്ന് സ്നേഹത്തോടെ പറഞ്ഞ് സമ്മര്‍ദ ഹോര്‍മോണായ കോര്‍ട്ടിസോളിനെ താഴ്ത്തും. സ്നേഹത്തോടെയുള്ള ഫ്ലവനോയിഡിന്‍റെ സന്ദേശമെത്തുന്നതും തലച്ചോര്‍ ഒന്നയയും. മെല്ലെ ടെന്‍ഷനും ഉത്കണ്ഠയും നീങ്ങി ശരീരം മെല്ലെ അയയും.
പതിവായി ചോക്കലേറ്റ് കഴിക്കുന്നത് ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കും. തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ ഇവ ത്വരിതപ്പെടുത്തുകയും കൂടുതല്‍ ഉല്‍സാഹമുള്ളവരാക്കി മാറ്റുകയും ചെയ്യും.
കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും മാനസികാരോഗ്യത്തിന് ചോക്കലേറ്റ് ഒരു ഒറ്റമൂലിയല്ല. പതിവായി മൂഡ് ഓഫ് ആകുന്നുണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടാന്‍ മടിക്കരുത്. കൃത്യമായ പരിശോധനകളിലൂടെ മാനസികാരോഗ്യം വീണ്ടെടുക്കാനാകും.