inferiority-complex-causes-solutions

TOPICS COVERED

എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല. ഞാന്‍ എല്ലാവരെക്കാളും മോശമാണ്.എനിക്ക് ഒരു കഴിവുകളുമില്ല. ഇങ്ങനെ സ്വയം പഴിക്കുന്നവരെ കണ്ടിട്ടില്ലേ..തന്നോട് തന്നെയുള്ള അവമതിപ്പിലും അപകര്‍ഷതാ ബോധത്തിലും കുടുങ്ങിക്കിടക്കുന്നവരാണ് ഇത്തരക്കാര്‍. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുന്നുവെങ്കിലും അപകര്‍ഷതാ ബോധം അത്ര നിസാരകാര്യമല്ല.ഒരാളുടെ ആത്മവിശ്വാസത്തെ വളരെയേറെ ബാധിക്കുന്ന ഒന്നാണ് അപകര്‍ഷതാ ബോധം.

അവനവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴാണ് അപകര്‍ഷതാ ബോധം ഉടലെടുക്കുന്നത്. മറ്റൊരാളുമായി തട്ടിച്ചുനോക്കി അവനവന് മാര്‍ക്കിടുക എന്നത് മനുഷ്യസഹജമായ ഒന്നാണ്. എന്നാല്‍ ഈ താരതമ്യപ്പെടുത്തലിന്‍റെ തോത് വര്‍ധിപ്പിക്കുമ്പോള്‍ അതു നമ്മുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നു.

അപകര്‍ഷതാബാധം എങ്ങനെ ഉണ്ടാകുന്നു?

  • മാതാപിതാക്കളില്‍ നിന്നുള്ള പരിഹാസം, അവഗണന.
  • കുറഞ്ഞ സാമൂഹിക, സാമ്പത്തികഅന്തരീക്ഷം.
  • നിരന്തരമുണ്ടാകുന്ന പരാജയങ്ങള്‍.
  • നിങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കാനാവാത്ത സാഹചര്യം.
  • സഹപാഠികളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ സമൂഹത്തില്‍നിന്നോ ഏറ്റുവാങ്ങേണ്ടി വരുന്ന പരിഹാസം.
  • അവനനോടുള്ള അവമതിപ്പ്, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്
  • പ്രണയബന്ധങ്ങള്‍ പരാജയപ്പെടുമ്പോള്‍.

ലക്ഷണങ്ങള്‍ എന്തെല്ലാം?

  • ആത്മവിശ്വാസക്കുറവ്.
  • മറ്റുള്ളവരില്‍ നിന്നും അകന്നു മാറി നില്‍ക്കുക/ സൗഹൃദ വലയങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക.
  • സംസാരിക്കുമ്പോള്‍ മറ്റൊരാളുടെ കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക.
  • പ്രശംസകള്‍ അംഗീകരിക്കാനുള്ള വൈമുഖ്യം.
  • തന്നെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന തോന്നല്‍
  • തനിക്ക് സൗന്ദര്യമില്ല, ആര്‍ക്കും തന്നെ ഇഷ്ടപ്പെടില്ല എന്ന തോന്നല്‍.
  • വിമര്‍ശനങ്ങള്‍ താങ്ങാനാകാതെ വരിക
  • അമിതമായ ഉത്കണ്ഠ. ആരിലും വിശ്വാസമില്ലാതിരിക്കുക.
  • മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ ദുഃഖം അനുഭവപ്പെടുക.
  • എല്ലാകാര്യങ്ങളും പെര്‍ഫക്ടാവണമെന്ന വാശി. ചെയ്യുന്ന കാര്യങ്ങള്‍ വിചാരിച്ചപോലെ കൃത്യമായില്ലെങ്കില്‍ താന്‍ ഒരു പരാജയമാണെന്ന തോന്നല്‍.

എങ്ങനെ മറികടക്കാം?

  • ഏതെല്ലാം കാര്യങ്ങളിലാണ് നിങ്ങള്‍ക്ക് അപകര്‍ഷതാ ബോധമുള്ളത് എന്ന് തിരിച്ചറിയുക.സാദാരണ ഗതിയില്‍ ആകര്‍ഷമായ സൗന്ദര്യവും ജോലിയും ജീവിതസാഹചര്യവുമുള്ള ആളുകളെ കാണുമ്പോഴാണ് നിങ്ങള്‍ക്ക് അപകര്‍ഷതാ ബോധം തോന്നുക. അത് നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആകാം.എന്നാല്‍ അവര്‍ക്കില്ലാത്തതും നിങ്ങള്‍ക്കുളളതുമായ ഏതെങ്കിലും ഒരു ഗുണം കണ്ടെത്തുക.തീര്‍ച്ചയായും അങ്ങനെ എന്തെങ്കിലുമൊന്ന് നിങ്ങള്‍ക്ക് കണ്ടെത്താനാകും.
  • അപകര്‍ഷതാ ബോധത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്തുക.നിങ്ങളെ അപര്‍ഷതാ ബോധത്തിലേക്ക് തള്ളിവിട്ട എന്തെങ്കിലുമൊരു കാരണം കാണും. അതൊരുപക്ഷേ നിങ്ങള്‍ക്ക് കുട്ടിക്കാലത്ത് നേരിട്ട മോശം അനുഭവമോ തകര്‍ന്ന പ്രണയബന്ധമോ എന്തുമാവാം.എന്താണ് കാരണമെന്ന് കണ്ടെത്തിയാല്‍ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാകും.
  • എല്ലാവരും ഏതെങ്കിലുമൊക്കെ തരത്തില്‍ കുറവുകളുള്ളവരാണ് എന്നു മനസലാക്കുക.ഓരോ മനുഷ്യര്‍ക്കും അവരവരുടേതായ കുറവുകളുണ്ട്. എല്ലാം തികഞ്ഞവരായി ആരുമില്ലെന്ന് തിരിച്ചറിയുക.
  • മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കാതിരിക്കുക.നിങ്ങള്‍ നിങ്ങളായിത്തന്നെയിരിക്കുക. നിങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കഴിവുള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക.
  • നീ ഇത് ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുവരോട് ശരരിയാകുമോ എന്ന് നോക്കട്ടെ എന്ന് ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞ് മുന്നോട്ട് പോവുക.
  • പ്രണയപരാജയങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക, നിങ്ങള്‍ക്ക് സൗന്ദര്യമില്ലാത്തത് കൊണ്ടാണ് പ്രണയ ബന്ധം തകര്‍ന്നത് എന്ന് വിചാരിക്കാതിരിക്കുക. നിങ്ങളെ നിങ്ങളായി മറ്റേ ആള്‍ക്ക് അംഗീകരിക്കാനായില്ല എന്നു മാത്രമേയുളളൂവെന്ന് തിരിച്ചറിയുക.
  • വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാതെ നേരിടാന്‍ പഠിക്കാം.
  • നിങ്ങളുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് തിരിച്ചറിയുക. പറ്റുമെങ്കില്‍ അവ കാണുന്ന തരത്തില്‍ എഴുതിയൊട്ടിച്ച് ദിവസവും ഉറക്കെ വായിക്കുക..

ആരും മറ്റൊരെക്കാളും എല്ലാ അര്‍ഥത്തിലും ഉയര്‍ന്നനോ താഴ്ന്നവനോ അല്ല.ഓരോ വ്യക്തികള്‍ക്കും അവനവന്‍റെ ഗുണങ്ങളും കഴിവുകളുമുണ്ട്.അവ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക.

ENGLISH SUMMARY:

How to Overcome Inferiority Complex