TOPICS COVERED

ജീവിതത്തില്‍ സന്തോഷമാഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു വ്യക്തിയെ സംബന്ധിച്ച് പണത്തിനും പദവിക്കും പ്രശസ്തിക്കുമപ്പുറം പ്രധാനപ്പെട്ടതാണ് സന്തോഷം. എന്നാല്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയുള്ള  മനുഷ്യരെ കണ്ടിട്ടുണ്ടോ? ഒരുപാട് സന്തോഷിക്കുന്ന നിമിഷങ്ങളില്‍  ഈ ചിരിക്കുന്നത് ചിലപ്പോള്‍ നാളെ കരയാന്‍ വേണ്ടിയായിരിക്കും എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ? ഇങ്ങനെ പറയുന്നത് ഒരു വെറും പറച്ചില്‍ മാത്രമല്ല. അതിനുപിന്നില്‍ ഒരു മനഃശാസ്ത്രമുണ്ട്.ചെറോഫോബിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് ഇത്തരക്കാര്‍.

എന്താണ് ചെറോഫോബിയ?

സന്തോഷത്തോടുള്ള ഭയത്തിനെയാണ് ചെറോഫോബിയ എന്നു പറയുന്നത്. ഇത്തരക്കാര്‍ ജീവിതത്തില്‍ സന്തോഷമുള്ള സന്ദര്‍ഭങ്ങളെ സംശയത്തോടെയായിരിക്കും നോക്കിക്കാണുക.സന്തോഷമുണ്ടായാല്‍ഉടന്‍ ഒരു ദുരന്തം തങ്ങളെ കാത്തിരിപ്പുണ്ടെന്ന അനാവശ്യ ഭയവും ഉത്കണഠുമായിരിക്കും ഇത്തരക്കാര്‍ക്ക്. 

കുട്ടിക്കാലത്തുണ്ടായ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലോ മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലോ ആയിരിക്കാം ഈ പേടി.

ചെയ്റോയിന്‍(ഞാന്‍ സന്തോഷിക്കുന്നു)എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ്  ചെറോഫോബിയ എന്ന വാക്കിന്‍റെ ഉത്ഭവം.

എന്തെല്ലാമാണ് ചെറോഫോബിയയുടെ ലക്ഷണങ്ങള്‍?

  • സന്തോഷമുള്ള സന്ദര്‍ഭങ്ങളില്‍ സന്തോഷിച്ചല്ലോ എന്നോര്‍ത്ത് പശ്ചാത്തപിക്കുക.
  • തനിക്ക് സന്തോഷിക്കാന്‍ അര്‍ഹതയില്ലെന്ന് ചിന്തിക്കുക.
  • താന്‍ സന്തോഷിക്കുന്നത് കാരണം ഏതോ  വലിയ ഓരാപത്ത് തന്നെ തേടിവരാനിരിക്കുന്നു എന്ന ഉത്കണ്ഠ.
  • പോസിറ്റീവായ വികാരം പ്രകടിപ്പിച്ചാല്‍ അടുത്ത നിമിഷം സങ്കടം വരുമെന്ന തോന്നല്‍.
  • സന്തോഷം പ്രകടിപ്പിച്ചാല്‍ സുഹൃത്തുക്കള്‍ ശത്രുക്കളാകുമോ എന്ന ഭയം.താന്‍ സ്വാര്‍ഥയാണോയെന്ന് മറ്റുള്ളവര്‍ മുദ്രകുത്തുമോ എന്ന ആശങ്ക.
  • സന്തോഷിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക.
  • സന്തോഷകരമായ നിമിഷങ്ങളിലെ സമ്മര്‍ദവും പിരിമുറുക്കവും.

എല്ലാകാര്യങ്ങളിലും പെര്‍ഫക്ഷന്‍ ആഗ്രഹിക്കുന്നവരിലും അന്തര്‍മുഖരായിട്ടുള്ള ആളുകളിലുമാണ്   ചെറോഫോബിയ വരാനുള്ള സാധ്യത കൂടുതല്‍.ഇത്തരം ഫോബിയ ഒരു മനശാസ്ത്ര വിദഗ്ധന്‍റെ സഹായത്തോടെ കൊഗ്നിറ്റീവ് ബിവേഹിയറല്‍ തെറാപ്പിയിലൂടെ  മാറ്റിയെട്കാന്‍ സാധിക്കും. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആവശ്യമായ ചികിത്സ തേടുക എന്നാതാണ് പ്രധാനം.

ENGLISH SUMMARY:

What is Cherophobia; Symptoms and treatment