TOPICS COVERED

എത്ര തവണ കൈകഴുകിയാലും കുളിച്ചാലും വൃത്തിയായില്ലെന്ന തോന്നല്‍ കാരണം വീണ്ടും വീണ്ടു കഴുകുകയോ കുളിക്കുകയോ ചെയ്യുക.കതക് അടച്ചോ ഗ്യാസ് കുറ്റി ഓഫ് ചെയ്തോ എന്നെല്ലാം എത്ര തവണ ഉറപ്പുവരുത്തിയാലും സംശയം മാറാതിരിക്കുക.സാധനങ്ങള്‍ എത്ര അടുക്കിവെച്ചാലും അടുക്കും ചിട്ടയും വന്നിട്ടില്ലെന്ന ചിന്തയില്‍ വീണ്ടും വീണ്ടും അടുക്കിവെക്കുക.ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവരാണ് നമ്മില്‍ പലരും.

പലരും അഭിമുഖീകരിക്കുന്ന ഈ പ്രശ്നമാണ്  ഒസിഡി അഥവാ ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍.ഒരു രോഗാവസ്ഥ എന്നതിലുപരി ഒസിഡി എന്നത് മാനസികപരമായി ഒരാളില്‍ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ഒരാളില്‍ നിര്‍ബന്ധിതമായ ചില ചട്ടങ്ങളും  ആശങ്കകളും ഉണ്ടാവുകയും അതുമൂലം ഏതെങ്കിലുമൊരു പ്രവര്‍ത്തി ആവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കാനുള്ള പ്രേരണയും വ്യഗ്രതയും ഉണ്ടാകുകയും ചെയ്യുന്നതാണ് ഒസിഡിയുടെ പ്രധാന പ്രത്യേകത.

എന്താണ് ഒസിഡി അഥവാ ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍?

വീണ്ടും വീണ്ടും അനിയന്ത്രിതമായി വരുന്ന ചിന്തകളും അവമൂലം വീണ്ടും വീണ്ടും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒസിഡിയുടെ പ്രധാന പ്രത്യേകത. ഇവയെ യഥാക്രമം ഒബ്സെഷന്‍ എന്നും കമ്പല്‍ഷന്‍ എന്നും പറയുന്നു.

 എന്താണ് ഒബ്സെഷന്‍?

നമ്മുടെ ചിന്തകളില്‍ നമുക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയെയാണ് ഒബ്സെഷന്‍ എന്നു പറയുന്നത്. നമ്മുടെ ചിന്തകളെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഒസിഡിയുള്ള ആളുകളില്‍ ചിന്തയുടെ ഈ നിയന്ത്രണം നഷ്ടപ്പെട്ട് ഒരേ ചിന്തകള്‍തന്നെ വീണ്ടും വീണ്ടും മനസിലേക്ക് കടന്നുവരും. നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പോലും സാധിക്കാതെ വരും.അത് അനാവശ്യ ചിന്തയാണെന്ന് ആ വ്യക്തിക്ക് തന്നെ അറയാം. പക്ഷേ ഒന്നും ചെയ്യാന്‍ സാധിക്കാത്ത നിസാഹായത.ചിന്തകളെ പോലെതന്നെ ചിലപ്പോള്‍ മനസിലേക്ക് എത്തുന്നത് ചിത്രങ്ങളോ കാഴ്ചകളോ ഒരു ത്വരയോ ഒക്കെയായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും മനസിലേക്ക് കടന്നു വരുന്ന ചിന്തകളെയും ചിത്രങ്ങളെയും ത്വരയെയുമാണ് ഒബ്സെഷന്‍ എന്നു പറയുന്നത്.

എന്താണ് കമ്പല്‍ഷന്‍?

അനിയന്ത്രിതമായി ഉണ്ടാകുന്ന ഒബ്സെഷനുകള്‍ കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനായി ഒരു വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പ്രവര്‍ത്തിയെയാണ് കമ്പല്‍ഷന്‍ എന്നു പറയുന്നത്. ഉദാഹരണത്തിന് വീണ്ടും വീണ്ടും കൈകഴുകുക, വൃത്തിയാക്കുക.ഇത്തരം പ്രവര്‍ത്തികള്‍ ഉത്കണ്ഠ കുറയ്ക്കാന്‍ സാധിക്കുന്നു.

ഒസിഡിയുടെ പ്രധാന ലക്ഷണങ്ങള്‍.

ശരീരത്തിലെ വസ്ത്രത്തിലോ അഴുക്കുപുരളുമോ എന്ന ചിന്ത

ഒസിഡിയുള്ളവരില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഒബ്സെഷനാണിത്.കൈകളും ശരീരവും വീണ്ടും വീണ്ടും കഴുകുക, കയ്യിൽ കിട്ടുന്ന എന്തും വൃത്തിയാക്കുക.

അടുക്കും ചിട്ടയും 

തങ്ങളുപയോഗിക്കുന്ന സാധനകള്‍ ഒരണുവിട തെറ്റാതെ അടുക്കും ചിട്ടയോടും ഇരുന്നില്ലെങ്കിൽ ഇവർക്ക് അസ്വസ്ഥതയാണ്. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും സാധനങ്ങൾ അടുക്കി പെറുക്കി വെക്കുക, ഒരിക്കൽ അടുക്കി തൃപ്തി വരാതെ വീണ്ടും ചെയ്യുക.മറ്റാരെങ്കിലും തങ്ങളുടെ സാധനങ്ങള്‍ ക്രമം തെറ്റിച്ച് വെച്ചാല്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെടും. 

തീരാത്ത  സംശയം

കതക് അടച്ചോ, ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തോ തുടങ്ങി പലവിധ സംശയങ്ങള്‍.സംശയം ഉറപ്പിക്കാനായി വീണ്ടും വീണ്ടും പോയി പരിശോധിച്ച് ഉറപ്പുവരുത്തുക.എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ചിന്ത -തനിക്കോ മറ്റുള്ളവർക്കോ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ഉത്കണ്ഠ.അതു കാരണം അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക. വീട്ടില്‍ തന്നെ ഇരിക്കുക.

അമിതമായ ലൈംഗിക ചിന്തകള്‍

ലൈംഗിക ചിന്തകളോ ആഗ്രഹങ്ങളോ വീണ്ടും വീണ്ടും മനസിലേക്ക് വരുക. നിയന്ത്രിക്കാൻ കഴിയില്ല. മനസിൽ പ്രാർത്ഥിക്കുക, എണ്ണുക തുടങ്ങിയ പ്രവർത്തികളാണ് ഇവർ ചെയ്യുക. 

ഒസിഡി എങ്ങനെ കണ്ടെത്താം?

മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒരു മാനസികരോഗ വിദ്ഗധന്‍റെ സഹായം തേടണം.കാരണം മറ്റു ചില രോഗങ്ങളും OCD പോലെയുള്ള ലക്ഷണങ്ങൾ മാത്രമായി പ്രത്യക്ഷപ്പെടാം.അതുകൊണ്ടുതന്നെ കൃത്യമായ ശാരീരിക പരിശോധനയും മാനസികനില പരിശോധനയും ആവശ്യമാണ്. മാനസികനില പരിശോധനവഴി നമുക്ക് രോഗ നിർണയം നടത്താൻ സാധിക്കും.

ഒസിഡിയുടെ ചികിത്സ എങ്ങനെ?

മനശാസ്ത്ര ചികിത്സകള്‍

മനശാസ്ത്ര ചികിത്സകളില്‍ മൂന്ന് തരത്തിലുള്ള ചികിത്സയുണ്ട്.

കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT)

നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരിശോധിക്കാനും മനസ്സിലാക്കാനും ഒരു തെറാപ്പിസ്റ്റ് നിങ്ങളെ സഹായിക്കും. വിവിധ സെഷനുകളിലൂടെ, ദോഷകരമായ ചിന്തകൾ മാറ്റാനും നെഗറ്റീവ് ശീലങ്ങൾ നിർത്താനും CBT സഹായിക്കും.

എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രീവെൻഷൻ (ERP)

ERP ഒരു തരം CBT ആണ്. ERP സമയത്ത്, ഒരു തെറാപ്പിസ്റ്റ് രോഗിയെ അലട്ടുന്ന ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ കടന്ന് പോകാന്‍ നിര്‍ബന്ധിക്കുന്നു.എന്നാല്‍ അതുകാരണം ഉണ്ടാകാനിടയുള്ള  കമ്പല്‍ഷനില്‍ നിന്നും വിലക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് തെറാപ്പിസ്റ്റ് വൃത്തികെട്ട വസ്തുക്കളിൽ തൊടാൻ രോഗിയോട് ആവശ്യപ്പെട്ടേക്കാം, എന്നാൽ കൈ കഴുകുന്നതിൽ നിന്ന് രോഗിയെ തടയും. ഇതുവഴി രോഗി ഭയപ്പെട്ട സാഹചര്യങ്ങളില്‍ നെഗറ്റീവായി ഒന്നും സംഭവിക്കാതെ തുടരാന്‍ സാധിച്ചതിലൂടെരോഗിയുടെ ഉത്കണ്ഠാകുലമായ ചിന്തകൾ വെറും ചിന്തകളാണെന്നും യാഥാർത്ഥ്യമാകണമെന്നില്ല എന്നും രോഗിക്ക് മനസിലാക്കാനാകുന്നു.

അക്സപറ്റന്‍സ് ആന്‍ഡ് കമ്മിറ്റ്മെന്‍റ് തെറാപ്പി (ACT)

ഒബ്സസീവ് ചിന്തകളെ വെറും ചിന്തകളായി അംഗീകരിക്കാൻ പഠിക്കാൻ ACT സഹായിക്കുന്നു.ഇത്തരം ചിന്തകള്‍ക്ക് രോഗിയെ നിയന്ത്രിക്കാനുള്ള ശ്ക്തി ഇത്തരം തെറാപ്പിയിലൂടെ നഷ്ടപ്പെടുന്നു.OCD ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും അർത്ഥപൂർണ്ണമായ ജീവിതം നയിക്കാൻ ഒരു ACT തെറാപ്പിസ്റ്റ്  സഹായിക്കും.

സ്വയം എന്തെല്ലം ചെയ്യാം.?

  • കൃത്യമായ ഉറക്കം ശീലമാക്കുക.
  • ദിവസവും വ്യായാമെ ചെയ്യുക.
  • ആരോഗ്യകരമായ ഭക്ശണക്രമം ശീലമാക്കുക.
  • മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ ശീലമാക്കുക.
  • നിങ്ങളെ പൂര്‍ണമായി മനസിലാക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുക.

ചികിത്സയ്ക്ക് പുറമെ കൂടെയുള്ളവരുടെ കരുതലും പിന്തുണയും ഒസിഡിയുള്ളവര്‍ക്ക് ആവശ്യമാണ്. അവരുടെ രീതികള്‍ കാരണം അവരെ കളിയാക്കുന്നതും മാറ്റിനിര്‍ത്തുന്നതും ഒഴിവാക്കണം.സാധാരണ ജീവിതത്തിലേക്ക് അവരെ തിരികെ കൊണ്ടുവരാന്‍ ആവശ്യമായ പിന്തുണ നല്‍കണം.

ENGLISH SUMMARY:

What is obsessive-compulsive disorder? Symptoms and Treatment