നോ പറയേണ്ടിടത്ത് നോ പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. താല്‍പര്യമില്ലാത്ത വ്യക്തികളോട്, സാഹചര്യങ്ങളോട്, ജോലികളോട് എല്ലാം നോ പറയേണ്ടത് നല്ല മാനസികാരോഗ്യം കാത്തു സൂക്ഷിക്കാന്‍ അനിവാര്യമാണ്.
എന്നാല്‍ നമ്മില്‍ പലര്‍ക്കും നോ പറയാന്‍ മടിയാണ്. നോ പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്ന് ചിന്തിച്ച് താല്‍പര്യമില്ലാതിരുന്നിട്ടുകൂടി പലതും ചെയ്യേണ്ടി വരുന്നവരാണ് ഭൂരിഭാഗം പേരും. തന്‍റെയൊരു നോയിലൂടെ അതുവരെ കാത്തുസൂക്ഷിച്ചിരുന്ന സൗഹൃദബന്ധം തകര്‍ന്നുപോകുമോ ജോലിയില്‍ പരിഗണിക്കപ്പെടാതെ പോകുമോ എന്ന ചിന്തകളായിരിക്കും നോ പറയാന്‍ നിങ്ങളെ പുറകോട്ട് വലിക്കുന്ന കാരണങ്ങള്‍.
താല്‍പര്യമില്ലാത്ത വ്യക്തികളുമായുള്ള സഹവാസം,താല്‍പര്യമില്ലാതെ ഏറ്റെടുക്കുന്ന ജോലി, ഉത്തരവാദിത്തം ഇവയെല്ലാം നിങ്ങളെ മാനസിക സമ്മര്‍ദത്തിലേക്ക് നയിക്കും. അതിനാല്‍ നോ പറയേണ്ടിടത്ത് നോ പറയുക എന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. വ്യക്തി ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ, അപ്പുറത്തുള്ളയാള്‍ക്ക് വിഷമകരമാവാതെ എങ്ങനെ നോ പറയാന്‍ പഠിക്കാമെന്ന് നോക്കാം..
എന്തുകൊണ്ട് നോ പറയണം??
അതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍.
ജീവിതത്തില്‍ അതിരുകള്‍ നിര്‍ണയിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ വ്യക്തികള്‍ക്കും നമ്മുടെ ജീവിതത്തില്‍ തുല്യസ്ഥാനമല്ല ഉള്ളത്. അതുകൊണ്ടു തന്നെ നമുക്ക് താല്‍പര്യമില്ലാത്ത മനുഷ്യരെ ആ അതിര്‍ത്തി ലംഘിക്കാന്‍ അനുവദിക്കാതിരിക്കാം. നിങ്ങള്‍ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും അവര്‍ ആ അതിര്‍ത്തി ലംഘിക്കുന്നെങ്കില്‍ നോ പറയേണ്ടത് പ്രധാനമാണ്.
മാനസിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍.
നിങ്ങള്‍ക്ക് താങ്ങാനാവുന്നതിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കും, അത് മാനസികാരോഗ്യത്തോടൊപ്പം ശാരീരാകാരോഗ്യത്തെയും ബാധിക്കുന്നു.
വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍.
നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങളില്‍ യെസ് പറഞ്ഞാല്‍ തല്‍ക്കാലത്തേക്ക് നിങ്ങള്‍ മറ്റൊരാളെ മുഷിപ്പിക്കാതിരിക്കാന്‍ സാധിക്കും,എന്നാല്‍ താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ദീര്‍ഘനാള്‍ മുന്നോട്ട്കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ പതിയെ പതിയെ അത് നിങ്ങള്‍ തമ്മിലുളള വ്യക്തിബന്ധത്തെ ബാധിക്കും. അതുകൊണ്ടു തന്നെ തുടക്കത്തിലേ നോ പറഞ്ഞ് മാറി നില്‍ക്കാം.
കുറ്റബോധത്തെ ഇല്ലാതാക്കാം.
നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് ഭാവിയില്‍ നിങ്ങളില്‍ കുറ്റബോധമുണ്ടാക്കിയേക്കാം. ആളുകളോട് നോ പറയാന്‍ പഠിക്കുക എന്നതിലൂടെ നിങ്ങള്‍ക്ക് പ്രധാനമെന്നു തോന്നുന്ന,താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി നിങ്ങളുടെ സമയവും ഊര്‍ജവും മാറ്റിവെക്കാനാകും.
എങ്ങനെ നോ പറയാം..?
വിനയത്തോടെ നോ പറയാം.
ധിക്കാരത്തോടെയോ ധാര്‍ഷ്ട്യത്തോടെയോ സംസാരിക്കാതെ വിനയത്തോടെ നോ പറയാം..ഉദാഹരണത്തിന്.‘ക്ഷമിക്കണം. എനിക്ക് ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയില്ല’.എന്തുകൊണ്ട് കഴിയില്ല എന്ന മറുചോദ്യമുണ്ടായാല്‍ അത് തന്‍റെ താല്‍പര്യങ്ങളുമായും ചിന്തകളുമായും പൊരുത്തപ്പെടില്ലെന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാം.
ആലോചിച്ച് മറുപടി പറയാമെന്ന് പറയാം.
നോ പറയേണ്ട സാഹചര്യങ്ങളില്‍ ആലോചിച്ച് മറുപടി പറയാം എന്ന് പറയുന്നത് ശീലമാക്കാവുന്നതാണ്. തുടര്‍ന്ന് നിങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പതിയെ പറഞ്ഞ് ബോധ്യപ്പെടുത്താം..
‘കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു പോംവഴി നിര്‍ദേശിക്കാം’
അഭ്യര്‍ഥിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അല്ലെങ്കില്‍ സമയമില്ലെങ്കില്‍ നിങ്ങള്‍ക്ക് താല്‍പര്യവും സൗകര്യപ്രദവുമായ മറ്റുമാര്‍ഗങ്ങള്‍ നിര്‍ദ്ശിക്കാം.ഉദാഹരണത്തിന് ‘എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയും’. എന്ന് പറഞ്ഞ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാം.
സാമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താം.
ഒരാളുടെ മുഖത്ത് നോക്കി നേരിട്ട് പറ്റില്ല എന്ന് പറയാന്‍ മടിയാണെങ്കില്‍ ടെക്സ്റ്റ് രൂപത്തില്‍ അവരെ അറിയിക്കാം. വാട്സപ്പോ, ഫേസ്ബുക്ക് മെസഞ്ചറോ ഇ മെയിലോ ഉപയോഗപ്പെടുത്തി നിങ്ങളുടെ അസൗകര്യം അറിയിക്കാം.
സാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കാം.
ഇനി മേല്‍ പറഞ്ഞതൊന്നും പ്രാവര്‍ത്തികമാകാത്ത സ്ഥിതിയാണെങ്കില്‍,നോ പറയേണ്ടി വരുമെന്ന് നിങ്ങള്‍ക്കുറപ്പുള്ള സാഹചര്യങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അകന്നു നില്‍ക്കാം.
നോ പറയാന്‍ ചില ഉദാഹരണങ്ങള്‍ കൂടി പരിശോധിക്കാം.
‘ഇന്ന് ഞാൻ വളരെ തിരക്കിലാണ്. മറ്റൊരവസരത്തില്‍ നിങ്ങളെ സഹായിക്കാം’
‘എനിക്ക് അത് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. എനിക്ക് നിങ്ങളെ സഹായിക്കാൻ മറ്റെന്തെങ്കിലും മാർഗമുണ്ടോ?"
‘ഇഷ്ടംപോലെ ജോലി ഇപ്പോഴുണ്ട് . മറ്റൊരവസരത്തില്‍ ഉറപ്പായും സഹായിക്കാം
‘ആ പ്രൊജക്ടില്‍ നിങ്ങളെ സഹായിക്കാനുള്ള അറിവ് എനിക്കുണ്ടെന്ന് തോന്നുന്നില്ല'
‘അത് ശരിക്കും രസകരമാണെന്ന് തോന്നുന്നു, പക്ഷേ തിരക്കായതിനാല്‍ എനിക്ക് ചെയ്യാൻ കഴിയില്ല ’
‘ഇല്ല, എനിക്ക് നേരത്തെ തീരുമാനിച്ച ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.അടുത്ത തവണ ഉറപ്പായും വരാം.’
‘എനിക്ക് താൽപര്യമുണ്ട്, പക്ഷേ ഇപ്പോൾ എനിക്ക് കഴിയില്ല. പിന്നീടപ്പോഴെങ്കിലും ഉറപ്പായും സഹകരിക്കാം?’
നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങളില്‍ നോ പറയുന്നത് തെറ്റല്ല എന്ന് തിരിച്ചറിയുക. പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം മാറ്റിവെക്കുക.ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും.