കൊവിഡ് ലോക്ഡൗണോടെയാണ് വര്‍ക്ക് ഫ്രം ഹോം സംസ്കാരം വ്യാപകമായത്. നിരവധി കമ്പനികളാണ് ഇന്ന് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കുമ്പോള്‍ ചിലത് ഓഫിസില്‍ തന്നെ ജോലി ചെയ്യണമെന്നും നിഷ്കര്‍ഷിക്കുന്നു. യാത്ര ചെയ്യാനുള്ള സമയം ലാഭിക്കല്‍, വിദൂരത്തിലുള്ള നഗരത്തിലെ ജോലി പോലും വീട്ടിലിരുന്നു ചെയ്യാനാവുന്നു മുതലായ നേട്ടങ്ങള്‍ വര്‍ക്ക് ഫ്രം ഹോമിനുണ്ട്. എന്നാല്‍ പുതുതായി വന്ന ഒരു പഠനപ്രകാരം കൂടുതല്‍ മാനസിക ആരോഗ്യം നല്‍കുന്നത് ഓഫീസിലെ ജോലി തന്നെയാണെന്നാണ് പറയുന്നത്.
യുഎസ് ഗവേഷക സംഘടനയായ സാപ്പിയന്‍സ് ലാബ് നടത്തിയ തൊഴിലന്തരീക്ഷവും മാനസിക ആരോഗ്യവും എന്ന പഠനത്തില്‍ തൊഴില്‍ സംസ്കാരം മാനസിക ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൊഴിലിടത്തെ ഇടപെടലുകള്‍, ജോലിയുടേയും സമയത്തിന്‍റേയും മേലുള്ള നിയന്ത്രണം, ജോലി ഭാരം, അറിയാനും വളരാനുമുള്ള അവസരങ്ങള്‍, മാനേജര്‍, മേലുദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ മുതലായവരുമൊത്തുള്ള ബന്ധം, തൊഴിലിടത്തെ അംഗീകാരം തൊഴിലിനെ പറ്റിയുള്ള അഭിമാനബോധവും ലക്ഷ്യബോധവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് പഠനം നടന്നിരിക്കുന്നത്. 65 ഓളം രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച 54,831 വ്യക്തികളുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയില്‍ നിന്നും ശേഖരിച്ചത് 5090 വ്യക്തികളുടെ വിവരമായിരുന്നു.
കുടുംബജീവിതം പോലെ വ്യക്തിപരമാണ് തൊഴില്‍ ജീവിതവും എന്നായിരുന്നു പഠനത്തിലെ ഒരു കണ്ടെത്തല്‍. അതായത് തൊഴിലിടത്തെ ബന്ധങ്ങളും മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമാണ്. വര്‍ക്ക് ഫ്രം ഹോമിനെക്കാള്‍ മാനസികആരോഗ്യത്തിന് നല്ലത് ഓഫീസില്‍ ജോലി ചെയ്യുന്നതാണ്. ഒരു ടീമിനൊപ്പം ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഒറ്റക്ക് ജോലി ചെയ്യുന്നവരെക്കാള്‍ മികച്ച പ്രകടനവും കാഴ്ചവക്കാനാവുന്നുണ്ട്.
സഹപ്രവര്‍ത്തകരുമായി നല്ല ബന്ധമില്ലെങ്കില്‍ അത് വിഷമം, ഊര്‍ജമില്ലായ്മ, ലക്ഷ്യബോധമില്ലായ്മ, താന്‍ ആവശ്യമില്ലാത്ത വ്യക്തിയാണെന്ന തോന്നല്‍ തുടങ്ങിയ വ്യക്തികളില്‍ സൃഷ്ടിക്കുകയും ഗുരുതര മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനഫലം സൂചിപ്പിക്കുന്നു. ജോലിഭാരം കൂടുതലാണെന്ന് ഇന്ത്യയില്‍ നിന്നുള്ള 13 ശതമാനം പേര്‍ പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയിലെ ജോലിഭാരം ആഗോളശരാശരിയായ 16 ശതമാനത്തേക്കാള്‍ കുറവാണെന്നാണ് പഠനം പറയുന്നത്.