smelling-shirt

TOPICS COVERED

സ്ത്രീകളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഒരു പുതിയ ആശയം. മരുന്നും മന്ത്രവുമൊന്നുമല്ല,  പ്രണയപങ്കാളിയുടെ വസ്ത്രം എടുക്കുക, കണ്ണുമടച്ച് നന്നായൊന്ന് മണക്കുക!  സംഭവം തമാശയല്ല. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനമാണ്. പ്രിയപ്പെട്ട പങ്കാളിയുടെ വസ്ത്രത്തിന് സ്ത്രീയുടെ മാനസിക നില ശാന്തമാക്കാന്‍ കഴിവുണ്ടത്രേ.

‘പല സ്ത്രീകളും പങ്കാളി അകലെ ആയിരിക്കുമ്പോള്‍ അവരുടെ ഷർട്ട് ധരിക്കുക അല്ലെങ്കിൽ പങ്കാളിയുടെ കട്ടിലിന്‍റെ വശത്ത് ഉറങ്ങുക എന്നിവയൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് എന്ന് മനസ്സിലാകില്ല. അതിനുള്ള ഉത്തരമാണ് ഈ കണ്ടെത്തല്‍’ – യുബിസി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സൈക്കോളജിയിലെ ബിരുദ വിദ്യാർത്ഥിയായ മാർലിസ് ഹോഫർ പറയുന്നു. അതായത് പഠനപ്രകാരം ഒരു പങ്കാളിയുടെ ഗന്ധം മാത്രം, അവരുടെ ശാരീരിക സാന്നിധ്യമില്ലാതെ പോലും, സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ഉപകരണമാണ് എന്നാണ്.

മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയുടെ മണം ആസ്വദിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പങ്കാളിയുടെ ടീ ഷര്‍ട്ട് മണത്താല്‍ കൂടുതല്‍ ശാന്തത ലഭിക്കുമെന്നാണ് പഠനം കണ്ടെത്തിയത്. അപരിചിതരുടെ ഗന്ധം അനുഭവിച്ചാല്‍ നേരെ വിപരീത ഫലമുണ്ടായി സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ  അളവ് വര്‍ധിക്കുകയും ചെയ്യുമെന്നും പഠനം പറയുന്നു. 

smell-dress

ഗവേഷകരുടെ കണ്ടെത്തലില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാളും ഗന്ധം പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ പഠനത്തിന്‍റെ ഭാഗമായി സ്‌ട്രെസ് ടെസ്റ്റ് നടത്തുന്നതിന് മുന്‍പും ശേഷവും സ്ത്രീകളോട് നല്ല രീതിയില്‍ മണം പിടിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. പങ്കാളിയുടെ കുപ്പായം മണക്കുകയും മണം ശരിയായി തിരിച്ചറിയുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് കോര്‍ട്ടിസോളിന്‍റെ അളവ് കുറവായിരുന്നു. ഇത് അവരുടെ സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി.

എന്നാല്‍ ഒരു അപരിചിതന്‍റെ ഗന്ധം കോര്‍ട്ടിസോളിന്‍റെ അളവ് വര്‍ദ്ധിപ്പിച്ചു. 'ചെറുപ്പം മുതലേ, സ്ത്രീകള്‍ അപരിചിതരെ, പ്രത്യേകിച്ച് മറ്റ് പുരുഷന്മാരെ ഭയപ്പെടുന്നുണ്ട്. മറ്റ് പുരുഷന്മാരുടെ ഗന്ധം കോര്‍ട്ടിസോള്‍ ഉയരാനും സമ്മര്‍ദ്ദം കൂട്ടി പ്രശ്‌നം രൂക്ഷമാകാനും കാരണമാകും’ ഗവേഷകര്‍ പറയുന്നു.