'സമാധാനത്തോടെ ഒന്ന് ജീവിക്കാന്‍ കഴിഞ്ഞാല്‍ മതി'.. ആളുകള്‍ ഇങ്ങനെ പറഞ്ഞ് കേട്ടിട്ടില്ലേ. മനസമാധാനമില്ലായ്മയാണ് പലരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടത്. വ്യക്തികളുമായും സമൂഹവുമായുള്ള ബന്ധത്തിലുമെല്ലാം ഈ മനസമധാനമില്ലായ്മ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതും. സമാധാനവും സന്തോഷപൂര്‍ണവുമായ ജീവിതത്തിന് പൊടിക്കൈകളില്ല. നിരന്തര പരിശ്രമത്തിലൂടെയും ഇന്നുവരെ ഉണ്ടായിരുന്ന പലശീലങ്ങളെയും ബോധപൂര്‍വമായി മാറ്റിയെടുത്തും മാനസികാരോഗ്യം വീണ്ടെടുക്കാനാകും.
അതിര്‍ത്തികള്‍ നിശ്ചയിക്കാം
മനുഷ്യരുമായുള്ള ഇടപെടലുകളില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ് ആരോഗ്യപരമായ അകലം സൂക്ഷിക്കുക എന്നത്. എന്ത് സംഭവിച്ചാലും നിങ്ങളുടെ മനസമാധാനം മറ്റൊരാള്‍ക്ക് തകര്‍ക്കാന്‍ പാകത്തില്‍ ജീവിക്കില്ല എന്ന തീരുമാനമാണ് ഏറ്റവും പ്രധാനം. അന്തസിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കാതിരിക്കുക. അത്തരം ബന്ധങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാനും സാധിക്കും. അല്ലെങ്കില്‍ ക്രമേണെ മാനസികാരോഗ്യത്തിന് പുറമെ ശാരീരിക ആരോഗ്യവും അവതാളത്തിലാകും.
'നോ' പറയാന്‍ പഠിക്കാം
ആളുകളോട് നോ പറയാന്‍ പഠിക്കണം. ആളുകള്‍ എന്ത് വിചാരിക്കുമെന്ന് കരുതിയോ അവര്‍ എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്തോ നിങ്ങളുടെ സ്വസ്ഥതയും സമാധാനവും നശിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നില്‍ക്കരുത്. മനസമാധാനം കളയുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നവരോട് നോ എന്ന് തീര്‍ത്ത് പറഞ്ഞ് ശീലിക്കണം.
സഹായം തേടാം, മടിക്കേണ്ട
നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, നിങ്ങളെ കൊണ്ട് സാധിക്കാത്ത കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ കൂടി സഹായം അഭ്യര്‍ഥിക്കാം. ആവശ്യം പറഞ്ഞാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കുകയുള്ളൂ. മനസ് വായിച്ചെടുക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ലല്ലോ. മെച്ചപ്പെട്ട ആശയവിനിമയം മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.
മസിലുപിടുത്തം വേണ്ട, വികാരങ്ങള്‍ പ്രകടിപ്പിക്കാം
എല്ലാ മനുഷ്യര്‍ക്കും വികാരങ്ങളുണ്ട്. സ്നേഹമായും ദേഷ്യമായും കരച്ചിലായും അത് പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ അത് മറച്ചുവച്ച് സൂപ്പര്‍മാന്‍ കളിക്കാന്‍ നില്‍ക്കരുതെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. കരച്ചില്‍ വന്നാല്‍ കരയണമെന്നും സന്തോഷവും നിരാശയും സങ്കടവുമെല്ലാം പ്രകടിപ്പിക്കാനുള്ളതാണെന്നും മറ്റുള്ളവരുടെ മാനസികാരോഗ്യം തകര്‍ക്കാത്ത രീതിയില്‍ പ്രകടിപ്പിക്കുന്നത് ഒരു പരിധിവരെ നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.
അടുക്കാം, കരുതലോടെ
ആളുകളോട് ബന്ധങ്ങള്‍ ഉണ്ടാവുന്നത് തികച്ചും സ്വാഭാവികമായ ഒന്നാണ്. എന്നാല്‍ താല്‍പര്യമില്ലാത്ത ബന്ധങ്ങളില്‍ തുടരുന്നതും മനപൂര്‍വമായി ബന്ധങ്ങള്‍ ഉണ്ടാക്കുന്നതും ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. സ്വന്തം മാനസികാരോഗ്യം സംരക്ഷിക്കാന്‍ സുരക്ഷിതമായ അകലം അത്യാവശ്യമാണെന്ന് മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ ഉള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കുന്നതും മാനസികാരോഗ്യ പരിപാലനത്തില്‍ വേണ്ടതാണ്. പക്ഷേ എല്ലാവരുടെയും എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഓടി നടന്നാല്‍ നിങ്ങളുടെ മാനസിക–ശാരീരിക ആരോഗ്യം തകരാറിലാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.