ചിലപ്പോഴൊക്കെ തോന്നാറില്ലേ പണ്ടൊക്കെ ജീവിതം എത്ര മനോഹരമായയിരുന്നുവെന്ന്? എത്ര സന്തോഷത്തോടെയായിരുന്നു നമ്മള്‍ ജീവിച്ചിരുന്നത് എന്ന്?ഭൂതകാലത്തിലെ ഓര്‍മകളെ താലോലിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ ഭൂരിഭാഗം പേരും.പണ്ട് നമുക്കുണ്ടായിരുന്ന സുഹൃത്തുക്കള്‍, ജീവിതസാഹചര്യം,എല്ലാം എന്ത് മനോഹരമായിരുന്നുവെന്ന് ആലോചിച്ച് വര്‍ത്തമാനത്തെ പഴിച്ച് ജീവിക്കുന്ന മനുഷ്യരാണ് നമുക്കിടയില്‍ കൂടുതലും.
‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍’? എന്ന വാചകം കേട്ടിട്ടുണ്ടോ? ഡോണള്‍ഡ് ട്രംപ് അമേരിക്കയോട് പറഞ്ഞ ലോകമെങ്ങും തരംഗമായി മാറിയ ഒരു പ്രചാരണവാചകമാണിത്. പണ്ട് അമേരിക്ക ഇപ്പോഴുളളതിനേക്കാവ്‍ മനോഹരമായിരുന്നു എന്ന ബോധ്യത്തോടെയാണ് അത്തരമൊരു വാക്യം അദ്ദേഹം പറഞ്ഞത്. എല്ലാവരിലും അറിഞ്ഞോ അറിയാതെയോ അത്തരമൊരു വിശ്വാസം ഉള്ളില്‍ കിടക്കുന്നത് കൊണ്ടാണ് ആ വാചകം അമേരിക്കയില്‍ അത്രമാത്രം ഹിറ്റായി മാറിയത്.
2023ല്‍ പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വെയില്‍ പത്തില്‍ 6 അമേരിക്കക്കാരും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു.
യൂഗവ് യുകെയില്‍ നടത്തിയ സര്‍വെയില്‍ 70 ശതമാനം പേരും ഭൂതകാലത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. അതായത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകമെമ്പാടും ആളുകള്‍ക്കിടയില്‍ ഇത്തപം ഒരു ചിന്താഗതി ഉണ്ടെന്നതാണ് വാസ്തവം.
എന്നാല്‍ ഇപ്പോഴുള്ള ജീവിതം എന്ത് ബോറാണ് എന്ന് പറഞ്ഞ് അങ്ങനെയങ്ങ് നെടുവീര്‍പ്പിടാന്‍ വരട്ടെ.യഥാര്‍ഥത്തില്‍ നമ്മുടെ ഭൂതകാലം അത്രമാത്രം മനോഹരമായിരുന്നോ?? സ്വയം ചോദിച്ചു നോക്കാം..ഉത്തരമെന്തായാലും ഭൂതകാലത്തോടുള്ള ആ അടങ്ങാത്ത ആത്മബന്ധം മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇത്തരം ചിന്ത വരാന്‍ കാരണം. ഭൂത കാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത് നല്ല ഓര്‍മകളാണ്.
വേദനിപ്പിക്കുന്ന കാര്യങ്ങളെല്ലാം നാം മറന്ന് കളയുകയോ അന്ന് നമ്മള്‍ അനുഭവിച്ച അത്ര തീവ്രമായ വേദനയോടെ ആ കാര്യങ്ങള്‍ നമ്മുടെ മനസിലേക്ക് വരാതിരിക്കുകയോ ചെയ്യുകയാണ് സത്യത്തില്‍ സംഭവിക്കുന്നത്. മനശാസ്ത്രഞ്ജര്‍ ഇതിനെ ലോസ്റ്റ് അവേര്‍ഷന്‍ എന്ന് വിളിക്കുന്നു.
വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതിയത് പോലെ നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമുക്ക് വലുതായി തോന്നുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.
സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കപ്പെടുന്ന മറ്റൊരു അവസ്ഥയും പഴയ കാര്യങ്ങള്‍ കൂടുതല്‍ നല്ലതെന്ന് തോന്നാന്‍ കാരണമാകുന്നതായി വാര്‍കിക് ബിസിനസ് സ്‌കൂളിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ നിക്ക് ചാര്‍ച്ചര്‍ പറയുന്നു.നിലവില്‍ വരുന്ന അവസ്ഥയില്‍ മാറ്റം വരുത്തുന്നതെന്തും നല്ലതായാലും മോശമായാലും അത് ഒരു നഷ്ടമായി നമ്മള്‍ കണക്കാക്കുന്നതിനെയാണ് സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കുന്നത്.
ഏതായാലും മസ്തിഷ്കത്തിന്‍റെ കബളിപ്പിക്കലാണെങ്കിലും അല്ലെങ്കിലുംകാല ദേശാന്തരങ്ങള്‍ക്കപ്പുറം നൊസ്റ്റാള്‍ജിയ എന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചും വല്ലാത്തൊരു വികാരം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല..