finland-pkg

TOPICS COVERED

ഓരോ മനുഷ്യനും പറയാനുണ്ടാകും ഒരു സങ്കടത്തിന്റെ, അതിജീവനത്തിന്റെ കഥ.

 

ലോകത്തിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയ സാമൂഹിക പിരിമുറുക്കങ്ങളുടെ അലയൊലികള്‍ ഉയര്‍ന്നുവരുമ്പോള്‍, മികച്ച ജീവിതനിലവാരംകൊണ്ടും പുരോഗമനപരമായ സാമൂഹിക നയങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമാകുന്ന ഒരു രാജ്യം. 2024ല്‍ തുടര്‍ച്ചയായി ഏഴാംവര്‍ഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ളയിടമായി തിരഞ്ഞെടുക്കപ്പെട്ട ഫിന്‍ലന്‍ഡിനെക്കുറിച്ചാണ്. ദ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് മാര്‍ച്ചില്‍ പുറത്തുവിട്ട പട്ടികയിലാണ്  ഈ അംഗീകാരം വീണ്ടും ഫിന്‍ലന്ഡിനെത്തേടിയെത്തിയത്. വ്യക്തികളുടെ ജീവിത സംതൃപ്തി, പ്രതിശീര്‍ഷ ജി.ഡി.പി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അടിസ്ഥാനമാക്കിയാണ്  റാങ്കിംഗ്. 

വിവിധ സംസ്കാരങ്ങളും ഭൂപ്രകൃതികളും പാരമ്പര്യങ്ങളും കൊണ്ട് സമ്പന്നമായ ഒരു ലോകത്ത് സന്തോഷം എന്നത് എത്ര വലിയ വാക്കാണല്ലേ? അപ്പോള്‍ ആ ഹാപ്പിനെസ് മാജിക് എങ്ങനെ ഫിന്‍ലന്‍ഡിലെത്തിയെന്നുനോക്കിയാലോ??

കൊളമ്പിയന്‍ നോവലിസ്റ്റായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്  ഇങ്ങനെ എഴുതി, സന്തോഷത്തിന് കഴിയാത്തത് ഒരു മരുന്നിനും സുഖപ്പെടുത്താനാകില്ലയെന്ന്. ഇത് വളരെ ഗൗരവമായി എടുക്കുന്നവരാണ് ഫിന്‍സ് എന്ന് തോന്നുന്നു.  അല്ലെങ്കില്‍ തുടര്‍ച്ചയായി ഏഴാംവര്‍ഷവും സന്തോഷത്തിന്റെ ഗ്രാഫിനെ ഇത്രമേല്‍ ഉയരത്തില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് എങ്ങനെ സാധിക്കും? ഫിന്‍ലന്‍ഡില്‍ സന്തോഷം നിലനിര്‍ത്തുന്നതില്‍ അവിടുത്തെ സര്‍ക്കാര്‍ വഹിക്കുന്ന പങ്കും ചെറുതല്ല. . 

ശക്തമായ സാമൂഹികബന്ധമാണ് ഫിന്നിഷ് സന്തോഷത്തിന്റെ അടിത്തറ. സാമുഹ്യ ഇടപെടലിന് ഫിന്നിഷ് സംസ്കാരം ശക്തമായ ഊന്നല്‍ നല്‍കുന്നു. മറ്റുള്ളവര്‍ക്കായി നല്ലപ്രവൃത്തികള്‍ ചെയ്യുന്ന  മനസിനുടമകള്‍. വ്യക്തമായ ലക്ഷ്യം കണ്ടെത്തി ജീവിക്കുന്നവര്‍. വിദ്യാഭ്യാസം, പരിസ്ഥിതിസ്നേഹം, ജിവിത സംതൃപ്തി എന്നിവയില്‍ ഫിന്‍ലന്‍ഡ് എന്നും മുന്നിലാണ്. ശക്തമായ സാമൂഹിക സുരക്ഷാ വലയം ഫിന്‍ലന്‍ഡിലുണ്ട്. 

ഓരോ വര്‍ഷവും പെന്‍ഷനുകള്‍, ആരോഗ്യ സംരക്ഷണ ചെലവുകള്‍, മറ്റ് സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ്േ രാജ്യം മാറ്റിവയ്ക്കുന്നത്.. 2022 ലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോര്‍പ്പറേഷന്‍ ആന്‍ഡ് ഡെവലെപ്മെന്റ് സര്‍വേയില്‍ എഴുപത് ശതമാനം ഫിന്നുകളും രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ സംതൃപ്തരെന്ന് കണ്ടെത്തി. 

ലിംഗസമത്വം

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2023ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ലിംഗസമത്വ സമൂഹങ്ങളിലൊന്നാണ് ഫിന്‍ലന്‍ഡ്. പുരുഷന്‍മാര്‍ക്കുള്ള അതേ അവകാശങ്ങള്‍ക്ക് സ്ത്രീകള്‍ക്കും അര്‍ഹതയുണ്ടാകണമെന്നാഗ്രഹിക്കുന്നവരാണ് ഫിന്നിഷുകളിലേറെയും. തൊഴില്‍ക്ഷമതയിലും നേതൃത്വ സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിലും രാജ്യം മികച്ച പ്രോല്‍സാഹനം നല്‍കുന്നു. 

സാമൂഹ്യക്ഷേമസംവിധാനം

പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ അതിന്റെ പൗരന്മാരെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നവരാണ്. മികച്ച ആരോഗ്യസംരക്ഷണം, മികച്ച വിദ്യാഭ്യാസം, തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര സാമൂഹിക ക്ഷേമ സംവിധാനമുണ്ട് ഈ രാജ്യത്ത്.  പൗരന്മാര്‍ക്കിടയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഭയം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 

തൊഴില്‍ മേഖലയിലെ സന്തുലിതാവസ്ഥ

ഫിന്‍സിന്റെ സന്തോഷത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതാണ്    തൊഴില്‍ മേഖലയിലെ സന്തുലിതാവസ്ഥ. കുറഞ്ഞ ജോലി സമയവും  കൂടുതല്‍ അവധി ദിനങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. ഫിന്‍ലന്‍ഡിലെ ജോലി സ്ഥാപനങ്ങള്‍ നല്‍കുന്ന ഉദാരമായ ലീവ് പോളിസികളും ആകര്‍ഷകമാണ്

മാനസികാരോഗ്യ അവബോധം

മാനസികാരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുന്നവരെ പിന്തുണയ്ക്കാന്‍ നിരവധി നയങ്ങളും സേവനങ്ങളും സംവിധാനങ്ങളും ഫിന്‍ലന്‍ഡിലുണ്ട്. 

വിദ്യാഭ്യാസ സമ്പ്രദായം

ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ലോകത്തിന് നന്നായി അറിയാം. വിദ്യാര്‍ഥി ക്ഷേമത്തിനുതകുന്ന വിദ്യാഭ്യാസരീതിയാണ് പ്രത്യേകത. പത്താംക്ലാസുവരെ കുട്ടികള്‍ക്ക് പരീക്ഷയില്ല. കുടുംബപശ്ചാത്തലമോ, വരുമാനമോ, മറ്റൊരു വേര്‍തിരിവുമില്ലാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ പഠിക്കാന്‍  ഫിന്നിഷ് ഗവണ്‍മെന്റ് അവസരമൊരുക്കുന്നു. റാങ്ക് ജേതാക്കള്‍ പിറവിയെടുക്കുന്നതിനേക്കാള്‍ മികച്ച സാമൂഹ്യബോധ്യം സൃഷ്ടിക്കുന്നിടത്താണ് വിദ്യാഭ്യാസത്തിന്റെ വിജയമെന്ന് അവര്‍ കാണുന്നു. 

പ്രകൃതി

ഫിന്‍ലന്‍ഡിന്റെ പ്രകൃതിസൗന്ദര്യം ഏറെ ശ്രദ്ധേയമാണ്. വനങ്ങളും തടാകങ്ങളും പരിപാലിക്കുന്നതില്‍ ശ്രദ്ധവയ്ക്കുന്നവാണ് നാട്ടുകാര്‍. 

അങ്ങനെ മികച്ച നിരവധി സംവിധാനങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സന്തോഷം പിറക്കുകയാണ്...

 സന്തോഷവാനായിരിക്കുകയെന്നത് വ്യക്തിയുടെ ഉത്തരവാദിത്തം മാത്രമല്ല, രാജ്യത്തെ ജനതയ്ക്ക് അഭിവൃദ്ധി പ്രാപിക്കാനുതകുന്ന നല്ല അന്തരീക്ഷം സൃഷ്ടിക്കുന്ന സര്‍ക്കാരും സമൂഹവുമാണ് ഏറ്റവും ആവശ്യം എന്ന സത്യം ലോകം തിരിച്ചറിയട്ടെ

ENGLISH SUMMARY:

finland the masterclass of happiness