how-to-reduce-hairfall-naturallay-home-remedies

സ്‌ത്രീകളെ പോലെ തന്നെ പുരുഷന്മാരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചില്‍. പ്രായ ഭേദമന്യേ മുടികൊഴിച്ചില്‍ പുരുഷന്‍മാരില്‍ കണ്ടുവരുന്നു. മാനസിക സമ്മര്‍ദം,താളംതെറ്റിയ ജീവിതശൈലി, കൃത്യമായ പരിചരണമില്ലായ്മ എന്നിങ്ങനെ മുടികൊഴിച്ചിലിന് പലകാരണങ്ങള്‍ ഉണ്ട്. കൃത്യമായ പരിപാലനത്തിലൂടെ മുടികൊഴിച്ചിലിനെ ഒരു പരിധിവരെ പിടിച്ചുകെട്ടാനാകും.എങ്ങനെയെന്ന് നോക്കാം..

ഓയില്‍ മസാജ്

തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായകരമാണ്. മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വര്‍ധിക്കുന്നു.ഇതിനായി വെളിച്ചെണ്ണ, ബദാം ഓയിൽ, റോസ്മേരി ഓയിൽ, പേപ്പർ മിന്‍റ് ഓയിൽ തുടങ്ങിയവ ഉപയോഗിക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും കൃത്യമായ മസാജ് ചെയ്യണം. 

ഉലുവ ഉപയോഗിക്കാം

തലമുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ.പ്രോട്ടീൻ, അയേൺ എന്നിവ ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

താരൻ, മുടികൊഴിച്ചിൽ എന്നിവ അകറ്റാനും ഉലുവ സഹായിക്കുന്നു. രാത്രിമുഴുവന്‍ കഞ്ഞിവെള്ളത്തിലോ പച്ചവെള്ളത്തിലോ ഉലുവ കുതിര്‍ത്തുവെച്ച ശേഷം പിറ്റേന്ന് രാവിലെ നന്നായി അരച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റിന് ശേഷം കഴുകി കളയാം

കറ്റാർവാഴ

മുടികൊഴിച്ചിൽ പരിഹരിക്കാൻ ഫലപ്രദമായ ഒരു പ്രകൃതിദത്ത മാർഗമാണ് കറ്റാർവാഴ. താരന്‍ അകറ്റാനും ഇത് ഫലപ്രദമാണ്. കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും.

സവാള നീര്

സവാളയുടെ  നീര് മുടി കൊഴിച്ചിൽ പരിഹരിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്.  ഇതിൽ ഉയർന്ന അളവിൽ സൾഫർ അടങ്ങിയിരിക്കുന്നു.

ഇത് താരൻ ഇല്ലാതാക്കാനും മുടികൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാനും ഗുണം ചെയ്യും. 

തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം  20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ശീലമാക്കാം

ഗ്രീൻ ടീ

ഗ്രീന്‍ ടീ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു.  ഇതിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്‌സിഡന്‍റുകൾ മുടിയുടെ വളര്‍ച്ചയ്കക്ക് വളരെ നല്ലതാണ്.

ഒരു കപ്പ് വെള്ളത്തിലേക്ക് രണ്ട് ഗ്രീൻ ടീ ബാഗ് ഇട്ട് തിളപ്പിക്കുക. തണുത്ത ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

ധാരാളം വെള്ളം കുടിക്കുക

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വെള്ളം. അതിനായി ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. മുടിയുടെ മാത്രമല്ല ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും വെള്ളം ധാരാളം കുടിക്കുന്നതിലൂടെ സാധ്യമാകുന്നു. 

സ്ട്രെസ് കുറക്കുക

മുടി കൊഴിച്ചിലിന്‌ കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് സ്ട്രെസ്. അതിനാൽ സ്ട്രെസ് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അതിനായി യോഗ, ധ്യാനം എന്നിവ പതിവാക്കുക.

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി ചീകുന്നത് മുടികൊഴിച്ചിൽ കൂടാൻ കാരണമാകും.മുടി ചീകുമ്പോൾ അകലം കൂടിയ പല്ലുകളുള്ള ചീർപ്പുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ENGLISH SUMMARY:

How to reduce hairfall naturally ; Home remedies