പ്രായപൂര്‍ത്തിയായവരിലാണ് ഫാറ്റി ലിവറിന്‍റെ പ്രശ്നങ്ങള്‍ കണ്ടുവരുന്നതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നാണ് പഠനം. അമിത വണ്ണമാണ് ഫാറ്റി ലിവറിന്‍റെ പ്രധാന കാരണം. ഇന്ത്യയില്‍ എട്ടിനും 20 വയസിനും ഇടയില്‍ പ്രായമുള്ള 17-40 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്നും.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ 38 ശതമാനവും ഫാറ്റി ലിവര്‍ ബാധിച്ചവരാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ 35 ശതമാനം കുട്ടികളാണ്. ലിവല്‍ സെല്ലുകളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതാണ് ഫാറ്റി ലിവറിന് കാരണം. കരളാണ് ഭക്ഷണത്തില്‍ നിന്നും കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ പ്രൊസസ് ചെയ്ത് ഊര്‍ജമായും മറ്റ് പ്രൊട്ടീനുകളുമാക്കി മാറ്റുന്നത്. ഇതിലുണ്ടാകുന്ന അസന്തുലനാവസ്ഥ കരളില്‍ അമിത കൊഴുപ്പിന് കാരണമാകും.
ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗം കാരണം ലിവറില്‍ കൊഴുപ്പ് അടിയുന്നതും ശരീരിക അധ്വാനമില്ലാതത്തും പൊണ്ണത്തടിയുടെ കാരണങ്ങളാണ്. കരളിന്‍റെ ആരോഗ്യത്തിന് ആവശ്യമായ പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയുന്നതും ലിവറില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുന്നു.
കുമിഞ്ഞു കൂടുന്ന കൊഴുപ്പ് കരളിന്‍റെ ഭാരം 5-10 ശതമാനം വര്‍ധിപ്പിക്കുന്നു. നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമായ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസിന് കൊഴുപ്പ് അടിയുന്നതിനൊപ്പം കരള്‍ വണ്ണം വെയ്ക്കുന്നതിനും കേടുപാടുകള്‍ക്കും കാരണമാകുന്നുണ്ട്.
കുട്ടികളില്‍ ആരോഗ്യകരമായ ഡയറ്റ് പ്ലാന്‍ കൊണ്ടു വരേണ്ടത് പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. പച്ചകറികളടങ്ങിയ വീടുകളിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. മധുരമുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതും നടത്തം, സൈക്കിളിങ്, മറ്റു കായിക വിനോദങ്ങള്‍ എന്നിവ ജീവിത ശൈലിയാക്കേണ്ടതും പ്രധാനമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.