ഇടക്കെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ തലവേദന ഒരു നിത്യസന്ദര്‍ശകനായി മാറിയാലോ? അത് ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും സാരമായി തന്നെ ബാധിക്കും. അത്തരത്തില്‍ നിത്യജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന ഒന്നാണ് മൈഗ്രെയ്ന്‍ എന്ന വില്ലന്‍ തലവേദന. മലയാളത്തില്‍ ചെന്നിക്കുത്ത് എന്ന പേരിലാണ് മൈഗ്രെയ്ന്‍ അറിയപ്പെടുന്നത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന മൈഗ്രെയ്ന്‍ നമ്മുടെ ഒരു ദിവസം തന്നെ ഇല്ലാതാക്കിക്കളയും. ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ , ജോലി ചെയ്യാനാകാതെ, എന്തിനേറെ പറയുന്നു വെളിച്ചത്തിലേക്ക് ശരിക്ക് നോക്കാന്‍ പോലുമാകാത്ത വിധം ബുദ്ധിമുട്ടിച്ചുകളയും ഈ തലവേദന.
പലകാരണങ്ങള്‍ കൊണ്ടും മൈഗ്രെയ്ന്‍ ഉണ്ടാകാം. പൂര്‍ണമായ രോഗമുക്തിയില്ല എന്നതുതന്നെയാണ് മൈഗ്രെയ്നെ വില്ലനാക്കി മാറ്റുന്നത്. മൈഗ്രെയ്ന്‍ ഉണ്ടാകാനിടയുളള കാരണങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കുക എന്നതാണ് പ്രധാനം. മൈഗ്രെയ്നെ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് അത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാല്‍ ഒരു പരിധിവരെ മൈഗ്രെയ്നെ ഭയക്കാതെ കഴിയാനാകും. ആദ്യം എന്താണ് മൈഗ്രെയ്ന്‍ എന്നറിയാം.
വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ക്രമേക്കേട് എന്ന് വേണമെങ്കില്‍ മൈഗ്രെയ്നെ വിശേഷിപ്പിക്കാം. തീവ്രത കുറഞ്ഞത് മുതല്‍ അതിതീവ്രമായ ആവര്‍ത്തന സ്വഭാവമുള്ള ഒരു തരം തലവേദനയാണിത്. നെറ്റിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് സഹിക്കനാകാത്ത വിങ്ങല്‍ അനുഭവപ്പെട്ടുകൊണ്ടായിരിക്കും മൈഗ്രെയ്ന്‍റെ ആരംഭം. പിന്നീട് മണിക്കൂറുകളോളം ഈ വേദന നീണ്ടുനില്‍ക്കാം. വേദനയോടൊപ്പം ഛര്‍ദ്ദി, മനംപുരട്ടല്‍ എന്നിവയും അനുഭവപ്പെട്ടേക്കാം. എത്രതരം മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചാലും താല്‍ക്കാലി ആശ്വാസമല്ലാതെ പൂര്‍ണരോഗമുക്തിക്കുളള സാധ്യത കുറവാണ്.
വിങ്ങലോടു കൂടിയ തലവേദന ഏകദേശം രണ്ടു മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടു നിന്നേക്കാം എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തലയുടെ പകുതിഭാഗത്തെയാണ് ഈ തലവേദന ബാധിക്കുക. എപ്പോഴും ഒരേ സ്ഥലത്ത് തന്നെ ആയിരിക്കില്ല വേദന അനുഭവപ്പെടുക. അത് മാറി മാറി വരാം. ഈ വേദനയോടൊപ്പം വെളിച്ചം,ശബ്ദം, ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണത എന്നിവയും ഉണ്ടായേക്കാം. മൈഗ്രെയ്ന് പല കാരണങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് ഹോര്‍മോണ്‍ വ്യതിയാനമാണ്. പാരമ്പര്യവും ഒരു ഘടകമായി പറയപ്പെടുന്നുണ്ട്.
ചികില്‍സയെക്കുറിച്ചറിയാം
മൈഗ്രെയ്ന്‍ ഉണ്ടാവാന്‍ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക എന്നതാണ് ആരോഗ്യവിദഗ്ധര്‍ ആദ്യം നിര്‍ദേശിക്കുന്നത്. രണ്ടാമതായി നിശിത രോഗലക്ഷണ നിയന്ത്രണം അഥവാ acute symptomatic control ആണ്. മൂന്നാമത്തേത് മരുന്നുകള്‍ കൊണ്ടുളള പ്രതിരോധം അഥവാ pharmacological prevention ആണ്. ഇത്തരത്തില്‍ പ്രധാനമായും മൂന്ന് വശങ്ങളാണ് മൈഗ്രെയ്ന്‍ ചികില്‍സയ്ക്കുളളത്.
മൈഗ്രെയ്ന്‍ ട്രിഗര്‍ ചെയ്യുന്ന ഘടകങ്ങള്‍ ഇവയാണ്: