വെള്ളം മാത്രം കുടിച്ച് ഭാരം കുറയ്ക്കുന്ന ഡയറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഡയറ്റ് പ്ലാനാണ് വാട്ടര്‍ ഫാസ്റ്റിങ്. ഒരു വ്യക്തി ഒരു നിശ്ചിത സമയത്തേക്ക് വെള്ളം മാത്രം കുടിക്കുന്ന തരം ഉപവാസമാണ് വാട്ടർ ഫാസ്റ്റിംഗ്. സാധാരണഗതിയിൽ 24 മുതൽ 72 മണിക്കൂർ വരെയാണ് ആളുകള്‍ വാട്ടർ ഫാസ്റ്റിംഗ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ഡയറ്റ് എടുക്കുന്ന ദിനങ്ങളുടെ എണ്ണം കൂട്ടാറുണ്ട്.
വാട്ടർ ഫാസ്റ്റിംഗിന്‍റെ സമയത്ത് മറ്റ് ഭക്ഷണപാനീയങ്ങളൊന്നും കഴിക്കാന് പാടില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ഭാരം കുറയ്ക്കുക, എന്നിങ്ങനെ ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വാട്ടര്‍ വാട്ടർ ഫാസ്റ്റിങ്ങിനുണ്ട്.
എന്നാല്‍ വാട്ടര്‍ ഡയറ്റിന്‍റെ ദോഷവശങ്ങളെയും കരുതിയിരിക്കണം. പോഷകങ്ങളുടെ കുറവ്, നിർജലീകരണം, ഇലക്ട്രോലൈറ്റുകളുടെ അസന്തുലിനാവസ്ഥ,ബലക്കുറവ് പെട്ടന്നുള്ള തലകറക്കം എന്നീ അവസ്ഥകളെ സൂക്ഷിക്കണം. അതുകൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം വാട്ടര്‍ഡയറ്റ് എടുക്കുന്നതാകും ഉത്തമം.
വാട്ടര്‍ ഡയറ്റിന്‍റെ ഗുണങ്ങള്‍
കൊഴുപ്പ് ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വാട്ടര്‍ ഡയറ്റ് സഹായിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ അളവിനെ ബാലന്‍സ് ചെയ്യാനും പ്രീ ഡയബറ്റിസ് ഉള്ളവർക്ക് ഗുണം ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
ശരീരം അവയിലെ കോശങ്ങളിലെ ചില പഴയ ഭാഗങ്ങള്‍ ഉടച്ച് സ്വയം നവീകരിക്കുന്ന ഓട്ടോഫാഗി പ്രക്രിയയെും വാട്ടര്‍ ഫാസ്റ്റിങ് ഉത്തേജിപ്പിക്കും. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഇത് സഹായിച്ചേക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വാട്ടര്‍ ഡയറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും. ശരീരത്തിലെ വിഷാംശം നീക്കാനും അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്‌ക്കാനും വാട്ടര്‍ ഫാസ്റ്റിങ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ എല്ലാ പ്രായക്കാര്‍ക്കും ചേര്‍ന്ന ഡയറ്റ് പ്ലാനല്ല വാട്ടര്‍ ഡയറ്റ്. മറ്റ് ഭക്ഷണങ്ങള്‍ ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്നതുകൊണ്ട് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുണ്ടാകും. പ്രമേഹരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരൊന്നും വാട്ടര്‍ ഫാസ്റ്റിങ്ങിന് മുതിരരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മെറ്റബോളിസം മന്ദഗതിയിലാകുകയും ഇലക്ട്രോലൈറ്റുകള്‍ നഷ്ടപ്പെടുന്നതും കാരണം പേശീബലം കുറയുന്നതിനും ക്ഷീണത്തിനും കാരണമാകും. തലകറക്കം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേക്കാം.
പെട്ടന്ന് ഒരു ദിവസം ആരംഭിക്കാവുന്നതല്ല വാട്ടര്‍ ഫാസ്റ്റിങ്. വാട്ടര്‍ ഫാസ്റ്റിങ് ചെയ്യുന്നതിനു 3-4 ദിവസം മുന്‍പ് തന്നെ ശരീരത്തെ ഒരുക്കിയെടുക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറച്ച് വേണം വാട്ടര്‍ ഫാസ്റ്റിങ് ആരംഭിക്കാന്‍. വാട്ടര്‍ ഫാസ്റ്റിങ് ചെയ്യുന്ന സമയത്ത് ശാരീരികാധ്വാനം കൂടുതലുള്ള ജോലികള്‍ ചെയ്യരുത്. തലകറക്കത്തിന് സാധ്യതയുള്ളതുകൊണ്ട് വാഹനമോടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. ശാരീരികാസ്വാസ്ഥ്യമോ തലകറക്കമോ തലവേദനയോ അനുഭവപ്പെടുകയാണെങ്കില്‍ വാട്ടര്‍ ഡയറ്റ് ഉപേക്ഷിച്ച് വൈദ്യസഹായം തേടുകയും ഭക്ഷണം കഴിക്കുകയും വേണം.
മണിക്കൂറുകള്‍ വാട്ടര്‍ ഫാസ്റ്റിങ് ചെയ്ത ശേഷം ഒരുപാട് ഭക്ഷണം കഴിക്കുന്നത് പ്രതികൂല ഫലമാകും ഉണ്ടാക്കുക. വാരിവലിച്ച് കഴിക്കുന്നത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ ബാലന്‍സ് തെറ്റിക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകകയും ചെയ്യും. ഏതാനും ദിവസങ്ങള്‍ പോഷക സമൃദ്ധമായ ഭക്ഷണം കുറഞ്ഞ അളവില്‍ വേണം കഴിക്കാന്‍.