മൊബൈല്‍ ഫോണ്‍ നിലത്തുവയ്ക്കാത്ത കാലമാണ്. നില്‍ക്കുന്നിടത്തും ഇരിക്കുന്നിടത്തും കിടക്കുന്നിടത്തും വരെ മൊബൈല്‍ ഫോണ്‍ ഒപ്പം കാണും. എന്തിന് ബാത്ത്റൂമിൽപ്പോലും മൊബൈൽ സന്തതസഹചാരിയായിരിക്കുന്നു. ബാത്ത്റൂമിൽ ഫോണുമായി പോകുന്നവർക്ക് പക്ഷേ നിരാശ ഉണ്ടാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
യൂട്യൂബും ഇന്‍സ്റ്റഗ്രാം റീല്‍സുമൊക്കെ ആസ്വദിച്ചോളൂ. എന്നാലിതൊന്നും ബാത്ത്റൂമില്‍ കയറിയിരുന്ന് വേണ്ടെന്ന മുന്നറിപ്പ് നല്‍കുകയാണ് ആരോഗ്യവിദഗ്ദര്‍. ഈ ദുശീലം ശാരീരികവും മാനസികവുമായ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫോണിന്‍റെ ഉപയോഗം മാത്രമല്ല പുസ്തകവും പത്രമൊക്കെ പിടിച്ച് ഏറെ നേരം ബാത്ത്റൂമിലിരിക്കുന്നത് പൈൽസ്, ഹെമറോയ്‌ഡ്, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്, കോളറ, ടൈഫോയ്‌ഡ്, ഹെപറ്റൈറ്റിസ് പോലുള്ള പലവിധ രോഗങ്ങള്‍ പിടിപെടാന്‍ കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ടോയ്‍ലറ്റ് സീറ്റ്, വാതിലിന്‍റെ കൈപിടി, സിങ്ക്, ടാപ്പ് എന്നിവയിലെല്ലാം ഈ–കോളി ബാക്ടീരിയ സാന്നിധ്യമുണ്ട്.ഇവയുമായുള്ള നിരന്തരസമ്പര്‍ക്കവും അത്രനന്നല്ല. കൂടാതെ ഏഴ് മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. അധികസമയം ബാത്ത്റൂമില്‍ ചെലവിടുന്നത് വഴി മലാശയത്തിന് താഴെയും മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളില്‍ നീര് വയ്‌ക്കാനിടവരും. ഇത് പതുക്കെ ഹെമറോയ്‌ഡ് എന്ന അസുഖമായി മാറിയേക്കാം. ദീര്‍ഘനേരം ബാത്ത്റൂമില്‍ ഇരിക്കുമ്പോള്‍ നടുവേദന പോലുളള ശാരീരിക ബുദ്ധിമുട്ടുകളും പില്‍ക്കാലത്ത് അനുഭവപ്പെട്ടേയ്ക്കാം.
മലബന്ധം പോലുളള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ദീര്‍ഘനേരം ബാത്ത്റൂമിലിരിക്കുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ കാലുയര്‍ത്തി വയ്‌ക്കാനായി ഫൂട് സ്റ്റൂള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. വിസര്‍ജ്ജ്യം ശരിയായി രീതിയില്‍ പുറന്തള്ളാന്‍ ഇത് സഹായകമാകും.