പുതുവര്‍ഷം തുടങ്ങുമ്പോളും വിശേഷ ദിവസങ്ങളിലും 'നന്നാവാന്‍' തീരുമാനമെടുക്കുന്നവരാണ് അധികവും. ഇതില്‍ വലിയൊരു പങ്ക് ആളുകളുടെയും ലക്ഷ്യം 'തടി കുറയ്ക്കല്‍' ആവും. തലകുത്തി നിന്നിട്ടും ഭാരം കുറയുന്നില്ലെന്നാണ് പലരുടെയും പരാതിയും. ചില്ലറ കഷ്ടപ്പാടുകളൊന്നും പോര അനങ്ങാതിരിക്കുന്ന ശരീരഭാരം കുറയ്ക്കാന്‍. എന്നാല്‍ മേലധികം അനങ്ങാതെയും ആരോഗ്യകരമായ ശീലങ്ങളിലൂടെ മഞ്ഞുമലയുടെ ഒരറ്റത്ത് നിന്ന് നമുക്ക് മാറ്റമുണ്ടാക്കാന്‍ തുടങ്ങാം. അതിന് സഹായിക്കുന്ന ചില ആരോഗ്യശീലങ്ങളിതാ..
പോഷക സമൃദ്ധ ബ്രേക്ക് ഫാസ്റ്റ് മുഖ്യം ബിഗിലേ
ഭാരം കുറയ്ക്കുന്നതിനായി ഭക്ഷണ നിയന്ത്രണം എന്ന് കേള്‍ക്കുമ്പോഴെ അധികം പേരും ചെയ്യുന്ന കാര്യമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുകയെന്ന്. ആ ശീലമാണ് ആദ്യം മാറ്റേണ്ടത്. ഒരു ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും സംഭരിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. ഉയര്‍ന്ന അളവില്‍ പോഷകങ്ങളടങ്ങിയ ആഹാരം രാവിലെ കഴിക്കുന്നതോടെ ഭാരം കുറയ്ക്കലിലേക്കുള്ള ആദ്യ പടിയായി.
ഇടയ്ക്കിടയ്ക്ക് സ്നാക്സ് കഴിക്കാനുള്ള ആ 'ത്വര'യില്ലേ.. അതിനെ പമ്പ കടത്താന്‍ ബെസ്റ്റ് വഴിയും പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം തന്നെയാണ്. ഈ പരീക്ഷണം 20 ശതമാനം കൗമാരക്കാരില്‍ ഫലവത്തായി കണ്ടിട്ടുണ്ട്. മാത്രവുമല്ല, പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം അകത്താക്കുന്നവരില്‍ കൊഴുപ്പടിയുന്നത് കുറവായിരിക്കുമെന്നും വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിന്‍റെ അളവ് ഇത് കുറയ്ക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. മുട്ട, യോഗര്‍ട്ട്, ചീസ്, അണ്ടിപ്പരിപ്പ്,ചിയ സീഡ്സ് എന്നിവ പ്രോട്ടീന്‍ കലവറയാണ്.
വെള്ളം കുടി മറക്കരുത്
രാവിലെ എഴുന്നേറ്റയുടന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. കുറഞ്ഞത് ഒരു മണിക്കൂര്‍ നേരത്തേക്ക് എങ്കിലും ശരീരത്തിന്‍റെ ഊര്‍ജവിതരണത്തെ വേഗത്തിലാക്കാന്‍ രാവിലെ എഴുന്നേറ്റുള്ള ഈ വെള്ളംകുടിക്ക് കഴിയും. അമിത വണ്ണമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പതിവില്‍ നിന്നും ഒരു ലീറ്റര്‍ അധികമായി വെള്ളം കുടിച്ചവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് വ്യായാമം പോലുമില്ലാതെ രണ്ട് കിലോ ഭാരം കുറയ്ക്കാനായെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷണം ഇടയ്ക്കിടെ കഴിക്കാനുള്ള ആസക്തിയും വെള്ളം കുടിക്കുന്നതോടെ കുറയും. രാവിലെ അരലീറ്റര്‍ വെള്ളം കുടിക്കുന്ന മുതിര്‍ന്നവരില്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നും 16 കലോറിയോളം ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാവിലെ തുടങ്ങുന്ന വെള്ളം കുടി ദിവസം മുഴുവന്‍ കൃത്യമായി നിലനിര്‍ത്തിയാല്‍ ഭാരം കുറയുന്നതിനൊപ്പം ഉന്‍മേഷമുള്ള ദിവസവും ലഭിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ദിവസവും ഭാരം നോക്കുക
രാവിലെ എഴുന്നേറ്റ് ഭാരം നോക്കുന്നതും ഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് ഊര്‍ജം പകരുന്നതാണ്. ദിവസം ചെയ്യുന്ന ആഹാര ക്രമീകരണങ്ങള്‍ക്കൊപ്പം ഭാരം അളക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആറുമാസം കൊണ്ട് ആറുകിലോ കുറഞ്ഞതായും ഗവേഷകര്‍ കണ്ടെത്തി. ആരോഗ്യകരമായ ശീലങ്ങള്‍ തുടരാന്‍ രാവിലെയുള്ള ഈ ഭാരം നോക്കല്‍ സഹായിക്കും.
അല്‍പം സൂര്യപ്രകാശമാവാം
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കര്‍ട്ടനൊക്കെ നീക്കി അല്‍പം സൂര്യപ്രകാശം മുറിയിലേക്ക് എത്താന്‍ അനുവദിക്കുന്നതും ഉന്‍മേഷഭരിതരാക്കുന്നതിനൊപ്പം ഭാരം കുറയ്ക്കല്‍ യാത്രയ്ക്ക് ഒരു പ്രചോദനം നല്‍കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഭാരം കുറയ്ക്കാന്‍ ചെറിയൊരളവില്‍ സഹായിക്കുന്നതായി എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി ആഗീരണം ചെയ്യപ്പെടാനും രാവിലെയുള്ള ഇളം വെയില്‍ കൊള്ളുന്നത് സഹായിക്കും. അമിതവണ്ണമുള്ളവരില്‍ പലരിലും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത കണ്ടിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
അഞ്ച് മിനിറ്റ് ചുമ്മാ ഇരുന്നാലോ..
രാവിലെ എഴുന്നേറ്റ് 5 മിനിറ്റ് നേരം സ്വസ്ഥമായിരിക്കാം. ഇങ്ങനെ ചിന്തകളൊഴിഞ്ഞിരിക്കുമ്പോള്‍ സ്വയം വിലയിരുത്താനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ മനസ്ഥിതിയും രൂപപ്പെടുമെന്നും കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള കഴിവ് മെച്ചപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു. മാനസിക സമ്മര്‍ദങ്ങളെ അകറ്റാനും അതുവഴി ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ശാന്തമായിരിക്കുന്നത് സഹായിക്കുമെന്ന് 19 പഠനങ്ങളിലെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി ഗവേഷകര്‍ വ്യക്തമാക്കുന്നു.
ലഞ്ച് സ്വന്തം അടുക്കളയില്‍ നിന്നാവട്ടെ
വീട്ടില്‍ നിന്നുള്ള ഭക്ഷണം ഭാരം കുറയ്ക്കാനുള്ള യാത്രയില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടി ഒഴിവാക്കാന്‍ അത്യുത്തമവും ഇതുതന്നെ. ദിവസവും വീട്ടില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം മാത്രം വീട്ടിലെ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത 28 ശതമാനം കുറവാണ്. രാത്രി കിടക്കുന്നതിന് മുന്‍പ് തന്നെ പിറ്റേന്നത്തേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പ്ലാനിങ് നടത്തുന്നത് രാവിലെ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യും.
സൈക്കിള്‍ വാങ്ങിയാലോ..
പുറത്തിറങ്ങണോ? സൈക്കിളോ, പൊതുഗതാഗതമോ ഉപയോഗിക്കുന്നത് നന്നാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നടന്നോ, സൈക്കിളിലോ, അല്ല പൊതുഗതാഗതം ഉപയോഗിക്കുമ്പോഴോ ശരീരത്തിന് അല്ലറ ചില്ലറ വ്യായാമം ലഭിക്കുന്നുണ്ടെന്നും ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 822 പേരില്‍ നാല് വര്‍ഷമെടുത്ത് നടത്തിയ പഠനത്തില്‍ യാത്രയ്ക്കായി കാറുപയോഗിക്കുന്നവര്‍ക്കാണ് കാറുപയോഗിക്കാത്തവരെക്കാള്‍ അമിതമായി വണ്ണം വച്ചതെന്ന് കണ്ടെത്തി.
ഉറക്കം
ഭാരം കുറയ്ക്കുന്നതില്‍ ഭക്ഷണത്തിനും വ്യായാമത്തിനുമെന്നതുപോലെ തന്നെ പങ്ക് ഉറക്കത്തിനുമുണ്ട്. ഉറക്കമില്ലായ്മയാണ് അമിതവണ്ണത്തിന്‍റെ ചില കാരണങ്ങളിലൊന്ന്. ഉറങ്ങാതെയിരിക്കുമ്പോള്‍ കാലറിയേറിയ, കാര്‍ബ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി കൂടും. അതുകൊണ്ട് എട്ടുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. നാലുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ എട്ടുമണിക്കൂര്‍ ഉറങ്ങുന്നവരെക്കാള്‍ 559 കാലറി അധികം അകത്താക്കുന്നുണ്ടെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.
ഇനി ഇതെല്ലാം ചെയ്താല്‍ മാത്രം പോര, നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രയത്നവും ഒരു കുഞ്ഞു ബുക്കില്‍ രേഖപ്പെടുത്തുക. ശരീരത്തിലെ ഓരോ ചെറിയ മാറ്റവും മുന്നോട്ട് കൂടുതല്‍ സഞ്ചരിക്കാന്‍, ആരോഗ്യകരമായ ശീലങ്ങള്‍ തുടരാനുള്ള പ്രോല്‍സാഹനമാകുമെന്നതില്‍ തര്‍ക്കമില്ല. കഴിക്കുന്നതും കുടിക്കുന്നതും നടക്കുന്നതുമെല്ലാം ഡയറിയെന്ന പോലെ ഈ കുഞ്ഞ് ബുക്കിലോ ഫോണിലോ, പഴ്സണല്‍ കംപ്യൂട്ടറിലോ രേഖപ്പെടുത്തുക. ചിട്ടയായ ജീവിതശൈലിയിലേക്ക് അത് നിങ്ങളെ എത്തിക്കും.