പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്കൂളിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. സിങ്കരായപ്പള്ളി സ്വദേശി ശ്രീ നിധി എന്ന പതിനാറുകാരിയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
സ്കൂളിനു സമീപത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ ശ്രീ നിധി കുഴഞ്ഞ് വീണത്. അധ്യാപകരില്‍ ഒരാള്‍ ഇത് കാണുകയും ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സിപിആര്‍ അടക്കം ചെയ്തുവെങ്കിലും കുട്ടിക്ക് അനക്കമുണ്ടായില്ല. മറ്റൊരു ആശുപത്രിയിലേക്ക് വേഗത്തില്‍ ശ്രീ നിധിയെ മാറ്റി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പെ ജീവന്‍ നഷ്ടമായി.
ശ്രീ നിധിയുടെ അകാലവിയോഗം മാതാപിതാക്കളെയും ബന്ധുക്കളെയും അധ്യാപകരെയും കൂട്ടുകാരെയുമെല്ലാം തീരാദുഃഖത്തിലാഴ്ത്തുകയാണ്. മോഹിത് ചൗധരി എന്ന ആറാം ക്ലാസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട വാര്‍ത്തയ്ക്കു പിന്നാലെയാണിത്. സ്കൂളിലെ കായിക ദിനത്തിന്‍റെ ഭാഗമായുള്ള പ്രാക്ടീസിനിടെയാണ് മോഹിത് കുഴഞ്ഞുവീണ് മരിച്ചത്. കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ദിക്ഷ എന്ന എട്ടുവയസ്സുകാരി കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ദിക്ഷയുടെ മരണകാരണവും ഹൃദയാഘാതമായിരുന്നു.
രണ്ടു വര്‍ഷം കൊണ്ട് ഹൃദയാഘാതം കാരണമുള്ള മരണത്തില്‍ 22 ശതമാനം വര്‍ധനയുണ്ടായെന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പ്രൊഫസര്‍ എം. റബ്ബാനി പറയുന്നു. 'കാഴ്ചയില്‍ പൂര്‍ണ ആരോഗ്യമുള്ള ഒരു വ്യക്തി മണിക്കൂറുകള്‍ക്കകം മരണപ്പെടുന്നു. മരണ കാരണം ഹൃദയാഘാതമാണെന്ന് പിന്നീട് വ്യക്തമാകുന്നു. ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഏതെങ്കിലും കുട്ടികള്‍ നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തോള്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ അത് അവഗണിക്കരുത്' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.