obesity-medicine

AI Generated Images

ഇന്ന് ഒട്ടുമിക്ക ആളകളും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമാണ് ഒരുപരിധിവരെ അമിതവണ്ണത്തിന് കാരണം. ചില രോഗാവസ്ഥകളും അമിതവണ്ണത്തിന് കാരണമാകാറുണ്ട്. പെട്ടെന്ന് വണ്ണം കുറയ്ക്കാന്‍ എളുപ്പവഴികള്‍ തിരയുന്നവരും ഏറെയാണ്. അതിനായി ഗൂഗിളില്‍ തിരഞ്ഞ് കണ്ണില്‍കാണുന്ന ഡയറ്റുകളും ചികില്‍സാരീതികളും പലരും തിരഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ അമിതവണ്ണത്തിനുളള പ്രതിവിധി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് എലി ലില്ലി. 

യു.എസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് എലി ലില്ലി. ഇവരുടെ പ്രശസ്തമായ 'മൗന്‍ജാരോ' അഥവാ ടിര്‍സെപാറ്റിഡ്. അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള പ്രതിവിധിയാണ് എലി ലില്ലി മരുന്ന് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍  'മൗന്‍ജാരോ' എന്ന ഈ മരുന്ന് എലി ലില്ലി ഇന്ത്യയിലും എത്തിച്ചിരിക്കുകയാണ്. ഇഞ്ചക്ഷന്‍ രീതിയിലാണ് മരുന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി 'മൗന്‍ജാരോ' ഇന്‍ജക്ഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 

വണ്ണം കുറയ്ക്കാമെന്ന് കരുതി തോന്നുംപോലെ വാങ്ങി ഈ മരുന്ന് ഉപയോഗിക്കാന്‍ പാട‌ില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവൂ. ആഴ്ചയിലൊരിക്കലാണ് മൗന്‍ജാരോ ഇന്‍ജക്ഷന്‍ എടുക്കേണ്ടത്. മരുന്ന് ഇന്ത്യയിലെത്തിയതിന് പിന്നാലെ അതിന്‍റെ വിലയെ ചൊല്ലിയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.  5 മില്ലിഗ്രാം വയാലും 2.5 മില്ലിഗ്രാം വയാലുമാണ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5 മില്ലിഗ്രാം വയാലിന് 4,375 രൂപയും 2.5 മില്ലിഗ്രാം വയാലിന് 3,500 രൂപയുമാണ് വില. ‌‌‌‌‌വിലയിങ്ങനെയങ്കില്‍ ഒരുവര്‍ഷം ഏകദേശം ഏഴുലക്ഷത്തോളം രൂപ ഒരു രോഗി മരുന്നിനായി ചെലവഴിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ENGLISH SUMMARY:

Mounjaro, popular weight-loss drug, launched in India