vasectomy

പലപ്പോഴും ജീവിത്തില്‍ പുരുഷനേക്കാള്‍ ശാരീരികമായ പല വെല്ലുവിളികളും നേരി‌ടേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ആര്‍ത്തവം, ഗര്‍ഭകാലം, പ്രസവം ഇതിനെല്ലാം ഒ‌‌ടുവില്‍ പ്രസവം നിര്‍ത്തൽ അഥവാ ട്യൂബൽ ലിഗേഷനും മിക്കവാറും വിധേയരാകുന്നത് സ്ത്രീകളാണ്. ഒരു നാട്ടുനാ‌ടപ്പെന്നോണം രണ്ടാമത്തേയോ മൂന്നാമത്തേയോ പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ടിറങ്ങുമ്പോള്‍ സ്ത്രീകള്‍ പ്രസവം നിര്‍ത്തല്‍ കൂടി ചെയ്താണ് ഇറങ്ങാറ്. 

എന്നാല്‍ പ്രസവം നിര്‍ത്തല്‍ സ്ത്രികളെക്കാള്‍ എളുപ്പത്തില്‍ പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് വാസ്തവം. നോ സ്‌കാല്‍പല്‍ വാസക്ടമിയെന്ന സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗങ്ങളോട് പുരുഷന്‍മാര്‍ മുഖം തിരിച്ചിരിക്കുകയാണെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 

ആശങ്കയുടെ ആവശ്യമില്ലാത്ത ചെറിയ ശസ്ത്രക്രിയയാണിത്. പരമാവധി 30 മിനിറ്റ് മാത്രമേ ഈ ശസ്ത്രക്രിയക്ക് ആവശ്യമുള്ളൂ. ലോക്കല്‍ അനസ്തിഷ്യ നല്‍കിയാണ് ഈ ചെറിയ ശസ്ത്രക്രിയ നടത്തുക. ഇതിനായി ആശുപത്രിയില്‍ കിടക്കേണ്ട കാര്യമില്ല. അന്നുതന്നെ വീട്ടില്‍ പോകാം. സ്ത്രീകളെ അപേക്ഷിച്ച് ഇതിന് ചെലവും  കുറവാണ്.

പുരുഷന്‍മാരുടെ ബീജം അടങ്ങുന്ന വാസക്ടമി എന്ന ട്യൂബ് ഫോഴ്സ്പ്സ് ഉപയോഗിച്ച് വൃഷ്ണസഞ്ചിയുടെ തൊലിക്കടിയില്‍ നിന്ന് വലിച്ചെ‌‌‌ടുത്ത് രണ്ടായി മാറ്റി മുറിച്ചതിന് ശേഷം അറ്റം വരെ ഇത് തുടരുന്നു. വൃഷണസഞ്ചി പുറത്തായതിനാല്‍ തന്നെ വയര്‍ മുറിച്ച് ശസ്ത്രക്രിയ നടത്തേണ്ട കാര്യമില്ല. അനസ്തേഷ്യയുടെ ആവശ്യവുമില്ല. 

മുറിലോ തുന്നലോ ഇല്ലെന്നതും ഇതിന്‍റെ ഗുണങ്ങളില്‍ ഒന്നാണ്. ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ച ഭാരം എടുക്കുകയോ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാ‌ടില്ലെന്ന് മാത്രം. 

ശസ്ത്രക്രിയക്ക് ശേഷം പത്തു മുതല്‍ ഇരുപത് സ്ഖലനം വരെ ബീജത്തിന്‍റെ അംശമുണ്ടാകും. അതുവരെ താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഇതിന് ശേഷം സെമന്‍ അനാലിസിസ് ന‌‌‌‌‌ടത്തി ബീജമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാവു എന്ന് മാത്രം. 

പുരുഷന്‍മാര്‍ പലപ്പോഴും ഇതിന് മടിക്കുന്നത് അറിവില്ലായ്മകൊണ്ടും ഇതു തന്‍റെ ലൈംഗീക ജീവിതത്തിനെ ബാധിക്കുമെന്ന ഭയം കൊണ്ടുമാണ്. എന്നാല്‍ ശുക്ലത്തില്‍ ബീജമടക്കം ഒരുപാട് കണ്ടന്‍റുകള്‍ അടങ്ങിയി‌ട്ടുണ്ട്. ഇതില്‍ ബീജം വരുന്ന ട്യൂബ് മാത്രമാണ് മുറിക്കുന്നത്. ബാക്കി ശുക്ലം അവിടെ തന്നെ അവശേഷിക്കും. അതായത് ശുക്ലത്തിന്‍റെ മൈക്രോസ്കോപിക് പരിശോധനയില്‍ ബീജം ഉണ്ടാകില്ലെന്നത് ഒഴിച്ച് ഈ പ്രക്രിയ പുരുഷന്‍റെ ലൈംഗീക ഉദ്ദാരണത്തേയോ, സ്ഖലനത്തേയോ, ഹോര്‍മോണുകളെയോ ഒന്നും ബാധിക്കില്ല. 

വൃഷണങ്ങളിലോ തൊലിപ്പുറത്തോ അണുബാധ ഉണ്ടെങ്കിലോ ലൈംഗിക രോഗങ്ങള്‍ ഉണ്ടെങ്കിലോ വൃഷണങ്ങളില്‍ മുഴകളോ നീര്‍വീക്കമോ ഉണ്ടെങ്കിലോ മന്തുരോഗമോ കാന്‍സറോ ഉണ്ടെങ്കിലോ നോ സ്‌കാല്‍പല്‍ വാസക്ടമി ചെയ്യാന്‍ പാ‌ടില്ല.

ENGLISH SUMMARY:

Vasectomy surgery in male