sarwat-gilani

പാക്കിസ്ഥാൻ നടി സർവത് ഗിലാനി അടുത്തിടെ പ്രസവാനന്തര വിഷാദത്തെക്കുറിച്ചും (പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍) ആ സമയത്ത്  തൻ്റെ ഭർത്താവ് നല്‍കിയ പിന്തുണയെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീണ്ടും പ്രസവാനന്തര വിഷാദം ചര്‍ച്ചയാവുകയാണ്. തന്‍റെ കുഞ്ഞിനെ ഉപദ്രവിക്കണമെന്ന് വരെ തോന്നിയെന്നും അതില്‍ നിന്നും കരകയറാന്‍ തന്നെ സഹായിച്ചത് ഭര്‍ത്താവാണെന്നും താരം പറഞ്ഞത്.

‘ആ സമയത്താണ് പ്രസവാനന്തര വിഷാദം യഥാർത്ഥത്തിൽ എന്താണെന്ന് ഞാൻ മനസിലാക്കിയത്. ഗുരുതരമായ ഒരു സർജറിക്ക് വിധേയയായതിനാൽ പ്രസവിച്ച് നാല് ദിവസത്തിന് ശേഷമാണ് ഞാൻ എൻ്റെ കുഞ്ഞിനെ കാണുന്നത്. അവൾ പാൽ കുടിക്കാൻ പാടുപെടുന്നുണ്ടായിരുന്നു, ഞാനും ആ സമയത്ത് ഒരുപാട് കഷ്ടപ്പെട്ടു. അതിനാൽ തന്നെ ആ സമയത്ത് ഞാൻ അനുഭവിക്കുന്ന സമ്മർദത്തിൽ നിന്ന് മുക്തി നേടാൻ കുഞ്ഞ് ഇല്ലാതായ്ക്കോട്ടെ എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. മുറിയിൽ എത്തിയപ്പോള്‍ ഞാൻ കരയുകയായിരുന്നു. എനിക്ക് കുഞ്ഞിനെ ഉപദ്രവിക്കാന്‍  തോന്നുന്നുണ്ടെന്ന് ഞാൻ ഫഹദിനോട് പറഞ്ഞു. ഇവ പ്രസവാനന്തര വിഷാദമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു'- സർവത് ഗിലാനിയുടെ വാക്കുകള്‍.

പാകിസ്ഥാൻ ടെലിഫിലിമിലൂടെയാണ് സർവത് തൻ്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2014 ഓഗസ്റ്റിൽ കോസ്‌മെറ്റോളജി സർജനും നടനുമായ ഫഹദ് മിർസയെ സർവത് വിവാഹം കഴിച്ചു. രോഹൻ മിർസ, അറൈസ് മുഹമ്മദ് മിർസ എന്ന രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികൾക്ക്.

ENGLISH SUMMARY:

Pakistani actress Sarwat Gilani opens up about postpartum depression