Image Credit: https://www.youtube.com/watch?v=JLUWQFRf-7w
മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ ജനിച്ച 'ആമി' എന്ന കുഞ്ഞിലാണ് ഇപ്പോള്‍ ലോകശ്രദ്ധയത്രയും. ബ്രിട്ടന്‍റെ ചരിത്രത്തിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ആമിയുടെ ജനനത്തോടെ വിജയം കണ്ടത്. ആമിയെ ബ്രിട്ടീഷ് മെഡിക്കൽ ലോകം അത്ഭുത ബാലിക എന്നാണ് വിശേഷിപ്പിച്ചത്. 36 കാരിയായ ഗ്രേസ് ഡേവിഡ്‌സണാണ് മാറ്റിവച്ച ഗര്‍ഭപാത്രത്തിലൂടെ ആമിക്ക് ജന്മം നല്‍കിയത്.
നോര്‍ത്ത് ലണ്ടനില്‍ താമസമാക്കിയ ഗ്രേസിന് 2023ലാണ് ഗര്‍ഭപാത്രം മാറ്റിവച്ചത്. മെയർ-റൊക്കിറ്റാൻസ്‌കി-ക്യൂസ്റ്റർ-ഹൗസർ സിന്‍ഡ്രോം (എംആര്‍കെഎച്ച്) എന്ന അപൂര്‍വ രോഗവുമായി ജനിച്ച ഗ്രേസിനിന്‍റെ ഗര്‍ഭപാത്രത്തിന് ഒരു കുഞ്ഞിന് ജന്മം നല്‍കാനുളള ശേഷി ഇല്ലായിരുന്നു. ഗര്‍ഭപാത്രം പ്രവര്‍ത്തനരഹിതമായിരിക്കുക, പൂര്‍ണവളര്‍ച്ചയെത്താതിരിക്കുക എന്നതാണ് ഈ രോഗത്തിന്‍റെ പ്രത്യേകത. എന്നാല്‍ ഓവറികള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. തന്‍റെ ഗര്‍ഭപാത്രത്തിന് ഒരു കുഞ്ഞിന് ജന്മം നല്‍കാനുളള ശേഷിയില്ലെന്ന് മനസിലാക്കിയതോടെ ഒരു കുഞ്ഞിനായി ഗ്രേസും ഭര്‍ത്താവ് ആങ്കസും മറ്റുവഴികള്‍ തേടി. ഗര്‍പാത്രം മാറ്റിവയ്ക്കല്‍ മാത്രമാണ് ആകെയുളള വഴി എന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഗ്രേസിന്‍റെ അമ്മയുടെ ഗര്‍ഭപാത്രം തന്നെ സ്വീകരിക്കാം എന്ന് ഇരുവരും തീരുമാനിച്ചു.
എന്നാല്‍ അമ്മയുടെ ഗര്‍ഭപാത്രം ഗ്രേസിലേക്ക് മാറ്റിവയ്ക്കാന്‍ അനുയോജ്യമല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് താന്‍ ഗര്‍ഭപാത്രം നല്‍കാന്‍ തയാറാണെന്ന് ഗ്രേസിന്‍റെ സഹോദരി അറിയിക്കുകയായിരുന്നു. പരിശോധനയില്‍ സഹോദരിയുടെ ഗര്‍ഭപാത്രം ഗ്രേസിന് അനുയോജ്യമാണെന്ന് തെളിഞ്ഞതോടെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമി പൂര്‍ത്തിയായി. ബ്രിട്ടനിലെ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു അത്. അധികം വൈകാതെ തന്നെ ഗ്രേസ് ഗര്‍ഭിണിയായി. മാറ്റിവച്ച ഗര്‍ഭപാത്രം ആയതുകൊണ്ടുതന്നെ കുഞ്ഞിന്‍റെ ജനനം വരെയുളള യാത്ര ആശങ്കാജനകമായിരുന്നെന്ന് ഗ്രേസ് പറയുന്നു. ഒടുവില്‍ പ്രാര്‍ഥനകള്‍ ഫലം കണ്ടു. രണ്ട് കിലോയിലധികം ഭാരമുളള ഒരു കൊച്ചുസുന്ദരി ചരിത്രം കുറിച്ചുകൊണ്ട് ബ്രിട്ടന്‍റെ മണ്ണിലേക്ക് പിറന്നുവീണു.
ഗ്രേസും ഭര്‍ത്താവും അവള്‍ക്ക് ആമി എന്ന് പേരിട്ടു. തനിക്ക് അമ്മയാകാനുളള സൗഭാഗ്യം സമ്മാനിച്ച സഹോദരിയുടെ പേരാണ് ഗ്രേസും ഭര്‍ത്താവും കുഞ്ഞിന് നല്‍കിയത്. ആമി..! ഗ്രേസിന്‍റെ സഹോദരി ആമി വിവാഹിതയും രണ്ടുകുഞ്ഞുങ്ങളുടെ അമ്മയുമാണ്. തങ്ങള്‍ക്ക് രണ്ടുമക്കളുണ്ടെന്നും ഇനിയൊരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞ ആമി ഭര്‍ത്താവിന്‍റെ പൂര്‍ണസമ്മതത്തോടെയാണ് ഗ്രേസിന് ഗര്‍ഭപാത്രം നല്‍കിയത്. തനിക്ക് കുഞ്ഞുണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞതോടെ വാടകഗര്‍ഭത്തെ കുറിച്ചും ദത്തെടുക്കലിനെ കുറിച്ചും ആലോചിച്ചിരുന്നെന്നും ഗ്രേസും ഭര്‍ത്താവും പറയുന്നു. എന്നാല്‍ സ്വന്തം രക്തത്തിലുളള കുഞ്ഞിനെ തന്നെ വേണം എന്ന ആഗ്രഹമാണ് ഗര്‍ഭപാത്രം മാറ്റി വയ്ക്കാം എന്ന നിര്‍ണായക തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ഇരുവരും പറഞ്ഞു. അധികം വൈകാതെ തന്നെ രണ്ടാമതൊരു കുഞ്ഞിനെയും തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസും ഭര്‍ത്താവ് ആങ്കസും വ്യക്തമാക്കി.